വിപണിയിൽ കനത്ത തിരിച്ചടി നേരിടുമ്പോൾ, കൂടുതൽ ഓഹരികൾ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ വാങ്ങാനാണ് മാർക്കറ്റ് അനലിസ്റ്റുകൾ നിക്ഷേപകരെ പൊതുവായി ഉപദേശിക്കാറുള്ളത്. 2020 (കോവിഡ്), 2008 (ആഗോള സാമ്പത്തിക തകർച്ച), 2000 (ഡോട്ട്കോം ബബിൾ), 1992 (ഹർഷദ് മേത്ത തട്ടിപ്പ്) എന്നിങ്ങനെ ഇന്ത്യൻ വിപണിയെ ഗ്രസിച്ച കനത്ത തിരിച്ചടിയുടെ ഘട്ടങ്ങളിൽ നിന്നുമൊക്കെ വളരെ വേഗത്തിൽ കരകയറാൻ സാധിച്ചിട്ടുള്ളതിനാൽ 'ബൈ ഓൺ ഡിപ്സ്' (Buy on Dips - വില ഇടിയുമ്പോൾ കൂടുതൽ വാങ്ങുക) എന്ന തന്ത്രം വിജയകരമായി പ്രവർത്തിച്ചിട്ടുള്ളതായും കാണാം.
എന്നാൽ എല്ലാ സാഹചര്യങ്ങളിലും 'ബൈ ഓൺ ഡിപ്സ്' നിക്ഷേപതന്ത്രം ഗുണകരമാകണമെന്നില്ല. പശ്ചിമേഷ്യൻ യുദ്ധം കാരണം ഇപ്പോൾ വിപണിയിൽ നേരിടുന്ന തിരിച്ചടി കണക്കിലെടുക്കുമ്പോൾ, ഓരോ ഇടിവിലും കൂടുതൽ ഓഹരി വാങ്ങിയിട്ട് വെറുതെ കാത്തിരിക്കുന്നതിനേക്കാൾ ബുദ്ധിപൂർവമായ 'പോർട്ട്‌ഫോളിയോ റീസ്ട്രക്ചറിംഗിന്' (Portfolio Restructuring) നിക്ഷേപകർ തയ്യാറെടുക്കേണ്ട സമയമാണിത്.
പശ്ചിമേഷ്യൻ യുദ്ധം ഓഹരി വിപണികളിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം എൻ.എസ്.ഇ.യുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി, ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽ നിന്നും 15.65% ഇടിഞ്ഞു. സമാനമായി മിഡ് ക്യാപ് സൂചികയിൽ 13.98 ശതമാനവും സ്മോൾ ക്യാപ് സൂചികയിൽ 14.42 ശതമാനവും തിരുത്തൽ നേരിട്ടു. വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മൊത്തം 5,216 കമ്പനികളുടെ ഓഹരികളിൽ 4,493 എണ്ണവും (86.1%) അവയുടെ ഉയർന്ന നിലവാരത്തിൽ നിന്നും 20 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിക്കഴിഞ്ഞു.
കോവിഡ് മഹാമാരി കാരണമുള്ള 2020-ലെ തകർച്ചയ്ക്കു ശേഷം വിപണിയിലേക്ക് കടന്നെത്തിയ പുതിയ നിക്ഷേപകർക്ക് ഇത് ആദ്യത്തെ 'ബെയർ മാർക്കറ്റ്' (Bear Market) അനുഭവമായിരിക്കാം. മിക്കവരുടെയും പോർട്ട്ഫോളിയോ ചുവപ്പണിഞ്ഞു. എന്നാൽ പരിഭ്രാന്തരായി ഓഹരികൾ വിറ്റൊഴിയുന്നതിനേക്കാൾ (Panic Selling), നിലവിലെ സാഹചര്യം ഒരു അവസരമായി കാണുകയാണ് വേണ്ടത്. പോർട്ട്ഫോളിയോയിൽ സൂക്ഷ്മ പരിശോധന നടത്തി, നഷ്ടത്തിലേക്ക് തള്ളിയിടുന്നവയെ ഒഴിവാക്കി ക്വാളിറ്റിയുള്ള ഓഹരികളിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപം തുടരുകയാണ് വേണ്ടത്.
വില കുറയുമ്പോൾ കൂടുതൽ വാങ്ങുക എന്ന ബൈ ഓൺ ഡിപ്സ് രീതിക്ക് ഒരു പോരായ്മയുണ്ട് — ക്വാളിറ്റിയില്ലാത്ത ഓഹരികളിലും (Laggards) കൂടുതൽ പണം നിക്ഷേപിക്കപ്പെടാൻ ഇത് കാരണമായേക്കാം. അതേസമയം പോർട്ട്‌ഫോളിയോ റീസ്ട്രക്ചറിംഗ് എന്നത്, ഓരോ ഓഹരിയേയും കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള നീക്കമാണ്. നഷ്ടത്തിൽ തുടരുന്ന മോശം ഓഹരികളെ ഒഴിവാക്കി, മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുള്ളതും ക്വാളിറ്റിയുള്ളതുമായ ഓഹരികളിലേക്ക് നിക്ഷേപം മാറ്റുന്ന രീതിയാണിത്.
ഉദാഹരണത്തിന്: നിങ്ങളുടെ കൈവശം എ.ബി.സി (+29.73%), ഡി.ഇ.എഫ് (-12.35%), ജി.എച്ച്.ഐ (-25.93%) എന്നിങ്ങനെ മൂന്ന് ഓഹരികളുണ്ടെന്ന് കരുതുക. സാധാരണ നിലയിൽ നിക്ഷേപകർ ഏറ്റവും കൂടുതൽ നഷ്ടം നൽകുന്ന ജി.എച്ച്.ഐ.യിൽ കൂടുതൽ പണം നിക്ഷേപിക്കാനാണ് സാധ്യത. എന്നാൽ പോർട്ട്‌ഫോളിയോ റീസ്ട്രക്ചറിംഗിൽ, വിപണി തിരിച്ചുകയറുമ്പോൾ വേഗത്തിൽ ലാഭം തരാൻ സാധ്യതയുള്ള എ.ബി.സി പോലുള്ള കരുത്തുറ്റ ഓഹരികളിലേക്ക് കൂടുതൽ മൂലധനം മാറ്റുന്ന ശൈലിയാണ് പിന്തുടരുന്നത്.
1. പോർട്ട്ഫോളിയോ ഒപ്റ്റിമൈസേഷൻ: ബെയർ മാർക്കറ്റ് ഘട്ടത്തിൽ മികച്ച ഓഹരികൾക്കും തിരിച്ചടി നേരിടാം. അപ്പോൾ അവ ആകർഷകമായ വിലയിൽ ലഭ്യമാകും. നഷ്ടത്തിലുള്ള മോശം ഓഹരികൾ പഴയ വിലയിൽ എത്തുന്നതുവരെ കാത്തിരിക്കുന്നതിനേക്കാൾ, ആ തുക നിലവിൽ മൂല്യമുള്ള മികച്ച ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരം.
2. ശാസ്‌ത്രീയമായ പോർട്ട്ഫോളിയോ മാനേജ്‌മെന്റ്: ഓഹരികൾ, ഇ.ടി.എഫുകൾ (ETFs), മ്യൂച്വൽ ഫണ്ടുകൾ എന്നിവയെ ഒരൊറ്റ ബാസ്‌ക്കറ്റായി കണ്ട് മൊത്തം നിക്ഷേപത്തിൽ നിന്നുള്ള ആനുപാതികമായ ആദായം/പ്രകടനം (Weighted performance) കൃത്യമായി വിശകലനം ചെയ്യാൻ ഈ സമയം ഉപയോഗിക്കാം.
3. റിസ്ക് മാനേജ്‌മെന്റ്: ബാങ്കിംഗ് സെക്ടറിലോ മറ്റോ അമിതമായി നിക്ഷേപം കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിൽ (Over-exposure) അത് കുറച്ചുകൊണ്ട് മറ്റു മേഖലകളിലേക്ക് കൂടി നിക്ഷേപം വൈവിധ്യവൽക്കരിക്കാൻ ഉചിതമായ സമയമാണിത്. മോശം ഓഹരികൾ നാളെ നന്നാകുമെന്ന് കരുതി ചുമന്നുകൊണ്ടുനടക്കാതെ അവ ഒഴിവാക്കുന്നത് റിസ്ക് കുറയ്ക്കാൻ സഹായിക്കും.
4. തന്ത്രപരമായ നിക്ഷേപവിന്യാസം: യുദ്ധം പോലുള്ള ആഗോള സാഹചര്യങ്ങൾ ചില മേഖലകളെ ദോഷകരമായും പ്രതിരോധം, ഊർജ്ജം തുടങ്ങിയ ചില മേഖലകളെ ഗുണകരമായും ബാധിച്ചേക്കാം. ഇത്തരം ട്രെൻഡുകൾ മനസ്സിലാക്കി ആഴത്തിലുള്ള പഠനത്തിന്റേയും വിശകലനത്തിന്റേയും അടിസ്ഥാനത്തിൽ നിക്ഷേപം ക്രമീകരിക്കാം.
5. ലക്ഷ്യാധിഷ്ഠിത നിക്ഷേപം: പ്രായത്തിനനുസരിച്ച് നിക്ഷേപ രീതികളിലും മാറ്റം വരണം. മുപ്പതുകളിൽ തുടരുന്ന അഗ്രേസീവ് ശൈലി അമ്പതുകളിൽ ആവശ്യമില്ല. എല്ലാം വാങ്ങിക്കൂട്ടുന്ന (Accumulation) ഘട്ടത്തിൽ നിന്ന് ഏകീകരണ (Consolidation) ഘട്ടത്തിലേക്കുള്ള ഒരു പോർട്ട്‌ഫോളിയോ മാറ്റത്തിന് (Re-alignment) ഈ പ്രതിസന്ധി ഘട്ടം പ്രയോജനപ്പെടുത്താം.
വിപണിയിൽ ഭയവും അത്യാഗ്രവും (Fear and Greed) എന്ന ദ്വൈതഭാവങ്ങൾ എപ്പോഴും നിലനിൽക്കും. "മറ്റുള്ളവർ ഭയപ്പെടുമ്പോൾ നിങ്ങൾ അത്യാഗ്രഹിയാവുക" എന്ന ഉപദേശം ഇവിടെ പ്രസക്തമാണ്. യുദ്ധം ഒരു പ്രതിസന്ധിയാണെന്നതിൽ തർക്കമില്ല, അതിന്റെ ആഘാതം വിപണിയിൽ തുടർന്നേക്കാം. എന്നാൽ ദീർഘവീക്ഷണമുള്ള ഒരു നിക്ഷേപകൻ ഈ തകർച്ചയെ വരും ദശകത്തിലേക്കുള്ള വലിയൊരു സമ്പാദ്യത്തിനുള്ള അടിത്തറയായാണ് കാണേണ്ടത്. ചുരുക്കത്തിൽ ശരിയായ വിശകലനത്തിലൂടെയും കൃത്യമായ റീസ്ട്രക്ചറിംഗിലൂടെയും നിങ്ങളുടെ പോർട്ട്‌ഫോളിയോയെ നാളത്തെ നേട്ടങ്ങൾക്കായി സജ്ജമാക്കാൻ ഇപ്പോഴത്തെ സാഹചര്യം ഒരു അവസരമാക്കാമെന്ന് സാരം.
(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.)
Read DhanamOnline in English
Subscribe to Dhanam Magazine