Photo : Canva 
Markets

റോയി ദമ്പതികള്‍ക്ക് കൂടുതല്‍ തുക, എന്‍ഡിടിവി ഓഹരി വില്‍പ്പന നിയമക്കുരുക്കിലേക്കോ ?

ഓപ്പണ്‍ ഓഫറില്‍ ഓഹരി ഒന്നിന് നല്‍കിയതിലും 17 ശതമാനം ഉയര്‍ന്ന തുകയ്ക്കായിരുന്നു ഇടപാട്. 2022ല്‍ 202.74 ശതമാനം നേട്ടമാണ് എന്‍ഡിടിവി ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്

Dhanam News Desk

ചാനല്‍ സ്ഥാപകരായ പ്രണോയി റോയിയും രാധിക റോയിയും ചേര്‍ന്ന് എന്‍ഡിടിവിയിലെ (NDTV) 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് (Adani Group) വിറ്റത്. ഓഹരി ഒന്നിന് 342.65 രൂപയ്ക്കാണ് ഇരുവരുടെയും ഓഹരികള്‍ എഎംജി മീഡിയ നെറ്റ്‌വർക്ക് വഴി അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. 602 കോടി രൂപയുടേതാണ് ഇടപാട്. ഓപ്പണ്‍ ഓഫറില്‍ ഓഹരി ഒന്നിന് നിക്ഷേപകര്‍ക്ക് നല്‍കിയതിലും 17 ശതമാനം ഉയര്‍ന്ന തുകയ്ക്കാണ് ഇപ്പോഴത്തെ ഇടപാട്.

ഡിസംബര്‍ 5ന് അവസാനിച്ച ഓപ്പണ്‍ ഓഫറില്‍ 294 രൂപ നിരക്കിലാണ് അദാനി 8.26 ശതമാനം ഓഹരികള്‍ വാങ്ങിയത്. ഏറ്റെടുപ്പിന്റെ സമയത്ത് ഓഹരി ഉടമകള്‍ക്കെല്ലാം ഒരേ തുക നല്‍കണം എന്ന നിബന്ധന നിലനില്‍ക്കേയാണ് ഇത്. ഓപ്പണ്‍ ഓഫര്‍ അവസാനിച്ചതിന് ശേഷമുള്ള 26 ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന ഇത്തരം ഓഹരി വാങ്ങലുകള്‍ക്കും സമാന തുക നല്‍കണമെന്നാണ് നിലവിലെ നിയമം. ഈ പശ്ചാത്തലത്തില്‍ സാധാരണക്കാരായ ഓഹരി ഉടമകളോട് അദാനി ഗ്രൂപ്പ് കാട്ടിയത് അനീതിയാണെന്നാണ് വിലയിരുത്തല്‍.

എന്‍ഡിടിവിയുടെ 5 ശതമാനം ഓഹരികള്‍ മാത്രമാണ് (2.5 ശതമാനം വീതം) പ്രണോയി റോയിയും രാധിക റോയിയും കൈവശം വയ്ക്കുക. ഇരുവരും എന്‍ഡിടിവിയുടെ ബോര്‍ഡില്‍ നിന്നും വെള്ളിയാഴ്ച രാജിവെച്ചിരുന്നു. നിലവില്‍ എന്‍ഡിടിവിയുടെ 64.71 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന്റെ കൈവശമുള്ളത്.

വെള്ളിയാഴ്ച 2.56 ശതമാനം നേട്ടത്തോടെ 348 രൂപയിലാണ് എന്‍ഡിടിവി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം 202.74 ശതമാനം നേട്ടമാണ് എന്‍ഡിടിവി ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT