Markets

ഓഹരി വിപണിയില്‍ തിരക്കോട് തിരക്ക്; ഈ ആഴ്ച 20 ഐ.പി.ഒകള്‍, ലക്ഷ്യം ₹1,292 കോടി, 14 എണ്ണം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു

മെയിന്‍ബോര്‍ഡിലും എസ്.എം.ഇ വിഭാഗത്തിലുമായി നിലവില്‍ 14 ഐപിഒകള്‍ സജീവം

Dhanam News Desk

ഇന്ത്യന്‍ പ്രൈമറി മാര്‍ക്കറ്റ് വീണ്ടും സജീവമാകുകയാണ്. ഈ ആഴ്ച മെയിന്‍ബോര്‍ഡിലും എസ്.എം.ഇ (SME) വിഭാഗത്തിലുമായി മൊത്തം 20 പുതിയ ഐ.പി.ഒകളാണ് (IPO) നിക്ഷേപകര്‍ക്കായി തുറക്കുന്നത്. ഇതില്‍ നാലെണ്ണം മെയിന്‍ബോര്‍ഡും 16 എണ്ണം എസ്.എം.ഇ കമ്പനികളുടെ ഓഫറുകളുമാണ്. വിപണിയില്‍ നിന്ന് ആകെ 1,292 കോടി രൂപ സമാഹരിക്കാനാണ് കമ്പനികളുടെ ലക്ഷ്യം.

കഴിഞ്ഞ ആഴ്ചയും പ്രൈമറി മാര്‍ക്കറ്റ് സമാനമായ തിരക്കിന് സാക്ഷ്യം വഹിച്ചിരുന്നു. 11 മെയിന്‍ബോര്‍ഡ് ഐ.പി.ഒകളും 17 എസ്.എം.ഇ ഐ.പി.ഒകളും വഴി ആകെ 7,260 കോടി രൂപയാണ് മുന്‍ ആഴ്ചയില്‍ കമ്പനികള്‍ സമാഹരിച്ചത്. മെയിന്‍ബോര്‍ഡിലും എസ്.എം.ഇ വിഭാഗത്തിലുമായി നിലവില്‍ 14 ഐപിഒകള്‍ സബ്‌സ്‌ക്രിപ്ഷനായി ഓപ്പണ്‍ ആണ്.

നിഫ്റ്റി മന്ദഗതിയിലാണെങ്കിലും മിഡ്-ക്യാപ് രംഗത്തെ കരുത്താണ് പ്രൈമറി മാര്‍ക്കറ്റിന് മികച്ച പിന്തുണ നല്‍കുന്നത്.. മിഡ്, സ്‌മോള്‍ ക്യാപ് മേഖലയില്‍ നിന്ന് പുതിയ കമ്പനികള്‍ എത്തുമ്പോള്‍ നിക്ഷേപകരില്‍ വലിയ താല്പര്യമാണ് പ്രകടമാകുന്നത്.

ഈ ആഴ്ച കരുത്ത് കാട്ടാന്‍ ഇവര്‍

എസ്.ആര്‍.ഐ.ടി ഇന്ത്യ (SRIT India), വിശാല്‍ നിര്‍മിത (Vishal Nirmiti), നിത്യാസ് ജെംസ് & ജുവലറി (Nityas Gems & Jewellery), ഷാ ഇന്‍വെസ്റ്റേഴ്‌സ് ഹോം (Shah Investor's Home) എന്നീ നാല് മെയിന്‍ബോര്‍ഡ് ഐ.പി.ഒകളിലൂടെ മാത്രം 595 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ശേഷിക്കുന്ന 697 കോടി രൂപ 16 എസ്.എം.ഇ കമ്പനികളുടെ ഐ.പി.ഒകള്‍ വഴിയായിരിക്കും.

ഇന്ന് (സെപ്റ്റംബര്‍ 28) മെയിന്‍ ബോര്‍ഡില്‍ എസ്ആര്‍ഐടി ഇന്ത്യ, ഷാ ഇന്‍വെസ്റ്റര്‍ എന്നിവയുംഎസ്എംഇ വിഭാഗത്തില്‍ ആക്മി യൂണിവേഴ്‌സല്‍ സേഫ്‌സോണ്‍ 9, ശ്രീ ടി.എന്‍.ബി പോളിമേഴ്‌സ്, പിന്‍ഡ് ഹോസ്പിറ്റാലിറ്റി, ശിവ്‌കെം അഗ്രോ എന്നിവ ഉള്‍പ്പെടെ ആറ് കമ്പനികള്‍ ഐപിഒയുമായി എത്തുമ്പോള്‍ നാളെ ബ്ലാക്ക് ഓപല്‍ കണ്‍സള്‍ട്ടന്റ്‌സ്, എവറസ്റ്റ് ഐ.എം.എസ് ടെക്‌നോളജീസ്, വാന്‍സ് ഇലക്ട്രോ എഞ്ചിനീയറിംഗ്‌സ്, പപ്പഡ്മല്‍ജി അഗ്രോ ഫുഡ്‌സ് എന്നിവയാണ് കളത്തിലിറങ്ങുക. ഇവയെല്ലാം എസ്എംഇ വിഭാഗത്തിലാണ് വരുന്നത്.

തിരക്കേറിയ ദിവസം സെപ്റ്റംബര്‍ 30

സെപ്റ്റംബര്‍ 30 ആണ് ഈ ആഴ്ചയിലെ ഏറ്റവും തിരക്കേറിയ ദിവസം. എട്ട് കമ്പനികളുടെ ഐപിഒയാണ് അന്നു മാത്രം നടക്കുക. ആക്മി ഇന്ത്യ ഇന്‍ഡസ്ട്രീസ് (121.69 കോടി രൂപ), പാരാമൗണ്ട് സിന്റെക്‌സ്, ഡോവ് സോഫ്റ്റ്, ഒമാര വെഞ്ചേഴ്‌സ് ഇന്ത്യ, ടി.എന്‍.എ സൊല്യൂഷന്‍സ്, എസ്.ജെ.പി അള്‍ട്രാസോണിക്‌സ്, സോള്‍ഫെജ് സ്മാര്‍ട്ട് ഇലക്ട്രോണിക്‌സ് എന്നിവ എസ്എംഇ വിഭാഗത്തിലും വിശാല്‍ നിര്‍മിതി നിത്യാസ് ജെംസ് & ജുവലറി എന്നിവ മെയിന്‍ ബോര്‍ഡ് വിഭാഗത്തിലും അന്നേ ദിവസം വിപണിയിലെത്തും.

മെയിന്‍ ബോര്‍ഡ് ഐപിഒകളും അപേക്ഷാ തുകയും

ഏറ്റവും വലിയ ഐപിഒ എസ്ആർഐടി (SRIT) ഇന്ത്യയുടേതായിരിക്കും. 1.68 കോടി പുതിയ ഓഹരികൾ വിറ്റഴിച്ച് 218 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 123-130 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് കുറഞ്ഞത് 115 ഓഹരികൾക്കായി അപേക്ഷിക്കാം. ഉയർന്ന പ്രൈസ് ബാൻഡ് പ്രകാരം റീറ്റെയ്ല്‍ നിക്ഷേപകർക്കുള്ള കുറഞ്ഞ അപേക്ഷാ തുക 14,950 രൂപയാണ്.

വിശാല്‍ നിര്‍മിതി (Vishal Nirmiti) 178 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുക. പുതിയ ഓഹരികളുടെ വില്‍പ്പനയും (Fresh Issue) നിലവിലെ ഓഹരി ഉടമകളുടെ വിഹിതവില്‍പ്പനയും (Offer for Sale - OFS) ചേര്‍ന്നതാണ് ഈ ഐപിഒ. പുതിയ ഓഹരികളിലൂടെ 145 കോടി രൂപയും ഓഫര്‍ ഫോര്‍ സെയിലിലൂടെ (OFS) 33 കോടി രൂപയുമാണ് കമ്പനി സമാഹരിക്കുന്നത്.

ഓഹരി ഒന്നിന് 208-220 രൂപ നിരക്കിലാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ലോട്ടില്‍ 68 ഓഹരികളാണ് ഉണ്ടാവുക. ഉയര്‍ന്ന പ്രൈസ് ബാന്‍ഡ് പ്രകാരം റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുള്ള കുറഞ്ഞ അപേക്ഷാ തുക 14,960 രൂപ വരും.

നിത്യാസ് ജെംസ് ആന്‍ഡ് ജ്വല്ലറി പുതിയ ഓഹരി വില്‍പ്പനയിലൂടെ (Fresh Issue) 108 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 70-75 രൂപ നിരക്കിലാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ലോട്ടില്‍ 200 ഓഹരികളാണ് ഉള്‍പ്പെടുന്നത്. ഉയര്‍ന്ന പ്രൈസ് ബാന്‍ഡ് പ്രകാരം റീറ്റൈയ്ല്‍ നിക്ഷേപകര്‍ക്കുള്ള കുറഞ്ഞ അപേക്ഷാ തുക 15,000 രൂപയാണ്.

ഷാ ഇന്‍വെസ്റ്റേഴ്സ് ഹോമിന്റെ (Shah Investor's Home) 90.17 കോടി രൂപയുടെ ഐപിഒയില്‍ 53.99 ലക്ഷം പുതിയ ഓഹരികളുടെ വില്‍പ്പന (Fresh Issue) മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഓഹരി ഒന്നിന് 159-167 രൂപ നിരക്കിലാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 85 ഓഹരികള്‍ക്കായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രൈസ് ബാന്‍ഡ് പ്രകാരം റീറ്റൈയ്ല്‍ നിക്ഷേപകര്‍ക്കുള്ള കുറഞ്ഞ അപേക്ഷാ തുക 14,195 രൂപയാണ്.

സബ്സ്‌ക്രിപ്ഷന്‍ അവസാനിക്കുന്നവയും ലിസ്റ്റിംഗും

കഴിഞ്ഞ ആഴ്ച സബ്സ്‌ക്രിപ്ഷന്‍ ആരംഭിച്ച മണി വ്യൂ (Moneyview), എ-വണ്‍ സ്റ്റീല്‍സ് ഇന്ത്യ (A-One Steels India) എന്നിവയുടെ ഐ.പി.ഒ സെപ്റ്റംബര്‍ 28-ന് അവസാനിക്കും. സെപ്റ്റംബര്‍ 25-ന് എത്തിയ ഏസ്വെക്റ്റര്‍ (Acevector), റണ്‍വാള്‍ എന്റര്‍പ്രൈസസ്, ഓറിയന്റ് കേബിള്‍സ്, ജര്‍മ്മന്‍ ഗ്രീന്‍ സ്റ്റീല്‍ & പവര്‍ എന്നിവയുടെ സബ്സ്‌ക്രിപ്ഷന്‍ സെപ്റ്റംബര്‍ 29 വരെ തുടരും.

സെപ്റ്റംബര്‍ 29-ന് വ്ഹാര്‍മോറ ഗ്രാനിന്റോ (Varmora Granito) മെയിന്‍ബോര്‍ഡില്‍ ലിസ്റ്റ് ചെയ്യുന്നതോടെ ഈ ആഴ്ചയിലെ ലിസ്റ്റിംഗ് തരംഗത്തിന് തുടക്കമാകും. ആകെ 20 കമ്പനികളാണ് ഈ ആഴ്ച ട്രേഡിംഗ് ആരംഭിക്കുന്നത് (7 മെയിന്‍ബോര്‍ഡ്, 13 എസ്.എം.ഇ).

India's primary market remains action-packed with 20 new IPOs launching this week to raise nearly Rs 1,292 crore across mainboard and SME segments.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT