Markets

കോവിഡിനിടയിലും രാജ്യത്ത് സ്വകാര്യ നിക്ഷേപത്തില്‍ വന്‍ വര്‍ധന

ആകെ നിക്ഷേപത്തിന്റെ 40 ശതമാനവും നേടിയത് റിലയന്‍സ് കമ്പനികള്‍

Dhanam News Desk

2020 ല്‍ രാജ്യത്ത് സ്വകാര്യ നിക്ഷേപം 38 ശതമാനം വര്‍ധിച്ച് 62.2 ശതകോടി ഡോളറായി (ഏകദേശം 4.56 ലക്ഷം കോടി രൂപ) ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള കമ്പനികളില്‍ ഉണ്ടായ വ്യാപകമായ നിക്ഷേപമാണ് സ്വകാര്യ നിക്ഷേപ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. 26.5 ശതകോടി ഡോളര്‍ നിക്ഷേപമാണ് റിലയന്‍സിന് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോമുകളിലും റിലയന്‍സ് റീറ്റെയ്‌ലിലും അടക്കം ഉണ്ടായത്. ആകെ നിക്ഷേപത്തിന്റെ 40 ശതമാനവും റിലയന്‍സിലാണെന്നും ഇന്ത്യ പ്രൈവറ്റ് ഇക്വിറ്റി റിപ്പോര്‍ട്ട് 2021 വ്യക്തമാക്കുന്നു.

ഇന്ത്യന്‍ പ്രൈവറ്റ് ഇക്വിറ്റി ആന്‍ഡ് വെഞ്ച്വര്‍ കാപിറ്റല്‍ അസോസിയേഷനും ബെയ്ന്‍ & കമ്പനിയും സംയുക്തമായാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ് ഏറ്റവും വലിയ നിക്ഷേപം നടത്തിയിരിക്കുന്നത്. 3.3 ശതകോടി ഡോളര്‍. വന്‍കിട പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ കെകെആര്‍ മൂന്ന് ശതകോടി ഡോളര്‍ മൂല്യമുള്ള ആറ് നിക്ഷേപങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടത്തിയിരിക്കുന്നത്. ബൈജൂസ് ആപ്പിലെ 500 ദശലക്ഷം ഡോളര്‍ അടക്കം 2.7 ശതകോടി ഡോളര്‍ സില്‍വര്‍ ലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ജിയോ, റിലയന്‍സ് റീറ്റെയ്ല്‍ എന്നിവയിലാണ് ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത്.

ജിഐസി, മുബദാല, എഡിഐഎ എന്നിവ 2.1 ശതകോടി ഡോളര്‍ നിക്ഷേപം നടത്തി.

കണ്‍സ്യൂമര്‍ ടെക്, ഐറ്റി, ഐറ്റി അനുബന്ധ മേഖലകളാണ് കോവിഡിനിടയിലും വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിച്ചത്. അതേസമയം 2019 നെ അപേക്ഷിച്ച് ആരോഗ്യ സംരക്ഷണ മേഖല 60 ശതമാനം കൂടുതല്‍ നിക്ഷേപം നേടി.

അതേസമയം നിക്ഷേപം പിന്‍വലിക്കല്‍ 2020 ല്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ബിഐ കാര്‍ഡ്‌സ് & പേമെന്റ് സര്‍വീസസില്‍ നിന്ന് കാര്‍ലൈല്‍ (1.4 ശതകോടി ഡോളര്‍), വൃന്ദാവന്‍ ടെക് വില്ലേജില്‍ നിന്ന് ബ്ലാക്ക് സ്‌റ്റോണും എംബസി ഓഫീസ് വെഞ്ചേഴ്‌സ് (1.3 ശതകോടി ഡോളര്‍) എന്നിവയുടെ പിന്‍മാറ്റം ശ്രദ്ധിക്കപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT