Image : Gautam Adani (adani.com) /Canva 
Markets

അദാനി ഗ്രൂപ്പ് ഓഹരികളില്‍ മുന്നേറ്റം, പുതിയ ചുവടുമായി പ്രമോട്ടര്‍മാര്‍

കഴിഞ്ഞ ആറ് മാസത്തില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരിയുടമകള്‍ക്ക് നല്‍കിയത് 36% നേട്ടം, നിഫ്റ്റിയുടെ നേട്ടം 16 ശതമാനം മാത്രം

Dhanam News Desk

പ്രമോട്ടര്‍മാര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ ഇന്ന് കുതിപ്പില്‍. അദാനി എന്റര്‍പ്രൈസസ് ഓഹരി രാവിലെ 10.30ന് 1.56 ശതമാനം ഉയര്‍ന്ന് 2,559.05 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇത്പ്രകാരം കമ്പനിയുടെ മൊത്തം വിപണി മൂല്യം 2.91 ലക്ഷം കോടി രൂപയായി. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 36.38 ശതമാനം നേട്ടമാണ്. ഇക്കാലയളവില്‍ നിഫ്റ്റിയുടെ നേട്ടം 16.06 ശതമാനം മാത്രമാണ്.

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഓഹരികള്‍ ഇന്ന് 3.90 ശതമാനം ഉയര്‍ന്ന് 857.20 രൂപയിലെത്തി. 1.85 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അദാനി പോര്‍ട്‌സ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള നേട്ടം 26.07 ശതമാനമാണ്.

അദാനി ഗ്രീന്‍ എനര്‍ജി (0.84%), അദാനി വില്‍മര്‍ (0.38%), അദാനി ടോട്ടല്‍ ഗ്യാസ് (0.53%), അംബുജ സിമന്റ്‌സ് (0.81%), അദാനി പവര്‍ (3.51%) എന്നിവയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

പങ്കാളിത്തം രണ്ട് ശതമാനത്തിലധികം കൂട്ടി

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഗൗതം അദാനി നേതൃത്വം നല്‍കുന്ന പ്രമോട്ടര്‍മാര്‍ അദാനി എന്റര്‍പ്രൈസില്‍ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള കാലയളവില്‍ ഓഹരി വിഹിതം 2.06 ശതമാനം ഉയര്‍ത്തി. ഇതോടെ പ്രമോട്ടര്‍മാരുടെ കൈവശമുള്ള മൊത്തം ഓഹരികള്‍ 71.93 ശതമാനമായി.

ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെയുള്ള കാലയളവില്‍ അദാനി പോര്‍ട്‌സിലെ പ്രമോട്ടര്‍ വിഹിതം 2.17 ശതമാനത്തോളമാണ് ഉയര്‍ത്തിയത്. ഇതോടെ അദാനി പോര്‍ട്‌സിലെ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 65.23 ശതമാനവുമായി.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രമോട്ടര്‍മാര്‍ അദാനി എന്റര്‍പ്രൈസിലെ ഓഹരി കൂട്ടുന്നത്. കഴിഞ്ഞ മാസം അവസാനമാണ്‌  67.65 ശതമാനത്തില്‍ നിന്ന് ഓഹരി വിഹിതം 69.87 ശതമാനമാക്കിയത്. റിസര്‍ജന്റ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡാണ് അദാനി പോര്‍ട്‌സില്‍ ഒരു ശതമാനം ഓഹരികള്‍ ഓപ്പണ്‍ വിപണിയില്‍ നിന്ന് വാങ്ങിയത്. മറ്റൊരു 1.2 ശതമാനം ഓഹരികള്‍ വാങ്ങിയത് എമേര്‍ജിംഗ് ഇന്‍വെസ്റ്റ്‌മെന്റ് ഡി.എം.സി.സിയാണ്. രണ്ടും പ്രമോട്ടര്‍ കമ്പനികളാണ്.

അദാനി എന്റർപ്രൈസില്‍ ഓഹരികള്‍ വാങ്ങിയത് കെംപാസ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റമെന്റ് ലിമിറ്റഡും ഇന്‍ഫിനിറ്റി ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ് ലിമിറ്റഡുമാണ്.

തിരിച്ചുവരവ് 

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിപണി മൂല്യത്തില്‍ 15,000 കോടി രൂപയുടെ നഷ്ടമാണ് ഈ വര്‍ഷമാദ്യം അദാനി കമ്പനികള്‍ക്കുണ്ടായത്. കഴിഞ്ഞ രണ്ടു മാസമായി ഓഹരികള്‍ തിരിച്ചു വരവിന്റെ പാതയിലാണ്. 

ഇന്ത്യന്‍ വംശജനായ രാജീവ് ജെയ്ന്‍ നേതൃത്വം നല്‍കുന്ന അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് കഴിഞ്ഞ മാസം അദാനി പോര്‍ട്‌സില്‍ 5.03 ശതമാനം ഓഹരികള്‍ ബള്‍ക്ക് ഡീല്‍ പ്രകാരം വാങ്ങിയിരുന്നു. ആഗസ്റ്റ്‌ 16ന് അദാനി പവര്‍ ലിമിറ്റഡില്‍ 7.73 ശതമാനം ഓഹരികളും ജു.ക്യു.ജി വാങ്ങിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളിലും ജി.ക്യു.ജിക്ക് നിക്ഷേപമുണ്ട്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു ശേഷമാണ് ജി.ക്യു.ജി അദാനി ഓഹരികളിൽ നിക്ഷേപം ആരംഭിച്ചത്. 

ഒ.സി.സി.ആര്‍.പി  റിപ്പോര്‍ട്ടിലും പതറിയില്ല

സ്വന്തം കമ്പനികളില്‍ അദാനി തന്നെ രഹസ്യ നിക്ഷേപം നടത്തിയെന്ന ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടിന്റെ (ഒ.സി.സി.ആര്‍.പി) റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷവും ഓഹരി മുന്നേറ്റം തുടരുകയാണ്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസ് ആസ്ഥാനമായുള്ള വ്യാജ നിക്ഷേപക കമ്പനികള്‍ വഴി വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് കോടികളുടെ രഹസ്യ നിക്ഷേപം നടത്തിയെന്നായിരുന്നു അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തക കൂട്ടായ്മയായ ഒ.സി.സി.ആര്‍.പിയുടെ കണ്ടെത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT