മികച്ച മുന്നേറ്റവുമായി പൊതുമേഖല ബാങ്കുകളുടെ (PSU Banks) ഓഹരികള്‍. നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക (Nifty PSU Bank index) വ്യാപാരത്തിനിടെ ഒന്നര ശതമാനത്തിലധികം ഉയർന്ന് 9,653 എന്ന നിലയിലെത്തി. ഐഡിബിഐ ബാങ്ക് (3.12%), ഇന്ത്യൻ ബാങ്ക് (2.18%), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (1.87%), പഞ്ചാബ് നാഷണൽ ബാങ്ക് (1.27%) എന്നിവയുടെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്.
ഈ കുതിപ്പിന് പിന്നിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്. കരുത്തുറ്റ വായ്പാ വളർച്ച, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിഷ്ക്രിയ ആസ്തി (NPA), കൂടാതെ ബാങ്കുകൾ നേടുന്ന റെക്കോർഡ് ലാഭം എന്നിവയാണവ. കഴിഞ്ഞ ആറ് മാസത്തിനിടെ പി.എസ്.യു ബാങ്ക് സൂചിക 35 ശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ ഇന്ത്യയിലെ 12 പൊതുമേഖലാ ബാങ്കുകളുടെ ആകെ വിപണി മൂല്യം 5.75 ലക്ഷം കോടി രൂപ വർധിച്ച് 21.35 ലക്ഷം കോടിയിലെത്തി.
മൂന്നാം പാദത്തിൽ (Q3) വായ്പാ വളർച്ചയുടെ കാര്യത്തിൽ സ്വകാര്യ ബാങ്കുകളെക്കാൾ മികച്ച പ്രകടനമാണ് പൊതുമേഖലാ ബാങ്കുകൾ നടത്തിയത്. റീട്ടെയിൽ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ (SME), ഹോൾസെയിൽ വായ്പകൾ എന്നിവയുടെ കരുത്തിൽ 14.5 ശതമാനത്തിലധികം വാർഷിക വായ്പാ വളർച്ചയാണ് ഇവ നേടിയത്, അതേസമയം സ്വകാര്യ ബാങ്കുകളുടേത് 12 ശതമാനത്തിൽ താഴെയായിരുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് 24.13 ശതമാനം വായ്പാ വളർച്ചയുമായി മുന്നിൽ നിൽക്കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര (20%), യൂക്കോ ബാങ്ക് (16.74%) എന്നിവയും മികച്ച പ്രകടനം നടത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ (SBI) തങ്ങളുടെ വായ്പാ വളർച്ചാ പ്രവചനം 13–15 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകൾക്ക് ലഭിച്ച മികച്ച 'വാല്യുവേഷൻ റീ-റേറ്റിംഗ്' ഈ മേഖലയെ നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുകയാണ്.
PSU bank stocks surge as strong loan growth, low NPAs, and record profits drive the Nifty PSU Bank index higher.
Read DhanamOnline in English
Subscribe to Dhanam Magazine