Markets

ജുന്‍ജുന്‍വാല നിക്ഷേപിച്ച ഈ കമ്പനിയും ഓഹരി വിപണിയിലേക്ക്

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി സെബിക്ക് മുമ്പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു

Dhanam News Desk

രാകേഷ് ജുന്‍ജുന്‍വാല (Rakesh Jhunjhunwala) നിക്ഷേപിച്ച കോണ്‍കോര്‍ഡ് ബയോടെക് ലിമിറ്റഡും (Concord Biotech) ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI)യില്‍ ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു. പ്രൊമോട്ടറായ ഹെലിക്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സിന്റെ 20.93 ദശലക്ഷം ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ കൈമാറുക.

കഴിഞ്ഞദിവസം അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാല (Rakesh Jhunjhunwala) തന്റെ നിക്ഷേപ വിഭാഗമായ റെയര്‍ എന്റര്‍പ്രൈസസ് (Rare Enterprises) വഴി കോണ്‍കോര്‍ഡ് ബയോടെക്കിന്റെ 24 ശതമാനത്തിലധികം ഓഹരികളായിരുന്നു കൈവശംവെച്ചിരുന്നത്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ, ജെഫറീസ് ഇന്ത്യ എന്നിവരാണ് ഐപിഒയുടെ മാനേജര്‍മാര്‍.

ഇന്ത്യ ആസ്ഥാനമായുള്ള ബയോഫാര്‍മ കമ്പനി, ഇമ്മ്യൂണോ സപ്രസന്റുകളിലും ഓങ്കോളജിയിലുടനീളമുള്ള തിരഞ്ഞെടുത്ത ഫെര്‍മെന്റേഷന്‍ അധിഷ്ഠിത എപിഐകളുടെ പ്രമുഖ ആഗോള ഡെവലപ്പര്‍മാരും നിര്‍മാതാക്കളുമാണ്. കൂടാതെ യുഎസ്, യൂറോപ്പ്, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ വിപണികള്‍ ഉള്‍പ്പെടെ 70-ലധികം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ട്.

കമ്പനിക്ക് ഗുജറാത്തില്‍ മൂന്ന് നിര്‍മാണ കേന്ദ്രങ്ങളാണുള്ളത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 712.93 കോടി രൂപയായിരുന്നു. മുന്‍വര്‍ഷമിത് 16.94 കോടി രൂപയായിരുന്നു. അതേസമയം, അറ്റാദായം മുന്‍വര്‍ഷത്തെ 234.89 കോടി രൂപയില്‍ നിന്ന് 174.93 കോടി രൂപയായി കുറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT