പ്രതീകാത്മക ചിത്രം; ഇൻസൈറ്റിൽ റേ ഡാലിയോ Image Source: Canva/LinkedIn
Markets

യു.എസ് കടക്കെണി രൂക്ഷം: 3-5 വ‌‍‌ർഷത്തിനകം വൻ പ്രതിസന്ധി; സ്വർണത്തിലും ബിറ്റ്‌കോയിനിലും നിക്ഷേപം കൂട്ടണമെന്ന് റേ ഡാലിയോ

യു.എസ് കടബാധ്യതയും ദീർഘകാല ട്രഷറി ബോണ്ട് വിപണിയിലെ സമ്മർദ്ദവും ഉയരുന്നതിനിടെ ബോണ്ട് നിക്ഷേപം കുറച്ച് പോർട്ട്‌ഫോളിയോയുടെ 10–15 ശതമാനം സ്വർണത്തിലും ചെറിയ വിഹിതം ബിറ്റ്‌കോയിനിലും സൂക്ഷിക്കണമെന്ന് റേ ഡാലിയോ നിർദ്ദേശിക്കുന്നു

Dhanam News Desk

അമേരിക്കൻ കടപ്പത്ര വിപണിയിൽ രൂപംകൊള്ളുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ച് ബ്രിഡ്ജ്‌വാട്ടർ സ്ഥാപകൻ റേ ഡാലിയോ മുന്നറിയിപ്പ് നൽകുന്നു. 3-5 വർഷത്തിനകം കടക്കെണി രൂക്ഷമാകാമെന്ന് ചൂണ്ടിക്കാട്ടി, ദീർഘകാല യു.എസ് ബോണ്ടുകളിലെ നിക്ഷേപം കുറയ്ക്കാനും പോർട്ട്‌ഫോളിയോയുടെ 10-15% സ്വർണത്തിലും ചെറിയ വിഹിതം ബിറ്റ്‌കോയിനിലും മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

യു.എസ് ശതകോടീശ്വരനും പ്രശസ്ത നിക്ഷേപകനും ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ്ഫണ്ടുകളിലൊന്നായ ബ്രിഡ്ജ്‍വാട്ടർ അസോസിയേറ്റ്സിന്റെ സ്ഥാപകനുമായ റേ ഡാലിയോ (Ray Dalio), അമേരിക്കൻ കടപ്പത്ര വിപണിയിൽ (Bond Market) തലപൊക്കുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ചുള്ള (US Sovereign Risk) മുന്നറിയിപ്പുമായി രം​ഗത്ത്.

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ യു.എസ് സാമ്പത്തിക വ്യവസ്ഥ ഒരു വലിയ കടക്കെണിയിലകപ്പെട്ടേക്കാം; നിക്ഷേപകർ യു.എസ് ബോണ്ടുകളിലുള്ള നിക്ഷേപ വിഹിതം കുറയ്ക്കാനും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പോർട്ട്‌ഫോളിയോയുടെ 10 മുതൽ 15 ശതമാനം വരെ സ്വർണത്തിലും ചെറിയൊരു വിഹിതം ബിറ്റ്‌കോയിനിലും (Bitcoin) നിക്ഷേപിക്കാനുമാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് റേ ഡാലിയോ തന്റെ വിശകലനം പങ്കുവെച്ചത്.

ട്രഷറിയുടെ പുതിയ നീക്കവും വിപണിയിലെ ആശങ്കയും

യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് 2026 സെപ്റ്റംബർ 9 മുതൽ നവംബർ 4 വരെയുള്ള കാലയളവിൽ ദീർഘകാല കടപ്പത്രങ്ങൾ തിരികെ വാങ്ങുന്ന (Bond Buyback) തുക ഇരട്ടിയാക്കി മാറ്റാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇത്തരത്തിലുള്ള ഓരോ വിപണി ഇടപെടലിലൂടെയും നിലവിലെ 200 കോടി ഡോളറിനു പകരം 400 കോടി ഡോളർ വീതം വാങ്ങി വിപണിയിലേക്ക് 1,400 കോടി ഡോളറിലധികം തുക അധികമായി എത്തിക്കാനാണ് നീക്കം. ഇതോടെ ഈ സാമ്പത്തിക പാദത്തിൽ വിപണിയിൽ നടത്തുന്ന ആകെ ബോണ്ട് ബൈബാക്ക് ഏകദേശം 8,300 കോടി ഡോളറിലെത്തും.

പ്രധാനമായും 10 മുതൽ 30 വർഷ കാലാവധിയിലുള്ള കടപ്പത്രങ്ങൾ ബൈബാക്ക് ചെയ്യുന്നതിനുള്ള തുക വർധിപ്പിക്കാനാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. വിപണിയുടെ സുഗമമായ പ്രവർത്തനത്തിനാണ് ഈ നടപടിയെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് വ്യക്തമാക്കുന്നുണ്ടെങ്കിലും, ആഗോള നിക്ഷേപക ലോകം ഈ നീക്കത്തെ സംശയത്തോടെയാണ് കാണുന്നത്. വർധിച്ചുവരുന്ന യു.എസ് സർക്കാരിന്റെ കടബാധ്യതകൾക്കിടയിൽ, ദീർഘകാല ബോണ്ടുകളുടെ ആദായ നിരക്കുകൾ (Yields) കൃത്രിമമായി താഴ്ത്തിനിർത്താനുള്ള ട്രഷറിയുടെ ശ്രമമായാണ് റേ ഡാലിയോ ഇതിനെ വിലയിരുത്തുന്നത്.

ബോണ്ട് വിപണിയെ പിടിച്ചുലച്ച 4 പ്രധാന ഘടകങ്ങൾ

10 വർഷത്തെയും 30 വർഷത്തെയും യു.എസ് ട്രഷറി ബോണ്ടുകളിൽ നിക്ഷേപകർ താൽപ്പര്യം കുറയ്ക്കാൻ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:

  • കടുത്ത ധനകമ്മി -------► ജൂലൈയിലെ പ്രതിമാസ ധനകമ്മി 43,230 കോടി ഡോളറിലെത്തി.

  • പണപ്പെരുപ്പം -------► ക്രൂഡോയിൽ വില ഉയർന്നതും പണപ്പെരുപ്പം 3.5 ശതമാനത്തിൽ തുടരുന്നതും തിരിച്ചടിയാകുന്നു.

  • ഫെഡ് നയങ്ങൾ -------► സെൻട്രൽ ബാങ്കിന്റെ അവ്യക്തമായ നയങ്ങൾ നിക്ഷേപകരിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

  • കോർപ്പറേറ്റ് കടം -------► എ.ഐ മേഖലയിലെ വികസനങ്ങൾക്കായി കമ്പനികൾ ബോണ്ടുകൾ വഴി വൻതോതിൽ പണം സമാഹരിക്കുന്നു ($1.7 ലക്ഷം കോടി).

ഇതിന്റെ ഫലമായി 30 വർഷത്തെ യു.എസ് ട്രഷറി ബോണ്ട് പലിശ നിരക്ക് (Yield) 19 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.32 ശതമാനത്തിലേക്ക് വരെ (ഓ​ഗസ്റ്റ് 18-ന്) കുതിച്ചുയർന്നിരുന്നു. അതേസമയം യു.എസിൽ ബോണ്ടിന്റെ പലിശനിരക്ക് ഉയരുന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇന്ത്യൻ സമ്പദ്‌‍വ്യവസ്ഥയെയും സമ്മർദ്ദത്തിലാക്കാവുന്ന പ്രതികൂല ഘടകങ്ങളാണ്.

റേ ഡാലിയോയുടെ തന്ത്രപരമായ നിക്ഷേപ നിർദ്ദേശം

യു.എസ് കടക്കെണിയുടെയും കടപ്പത്ര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കുമിടയിൽ നിക്ഷേപകർ തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് റേ ഡാലിയോ നിർദ്ദേശിക്കുന്നു:

  • ബോണ്ടുകളുടെ വിഹിതം കുറയ്ക്കുക: പ്രത്യേകിച്ച് ദീർഘകാല യു.എസ് ട്രഷറി ബോണ്ടുകളിലുള്ള നിക്ഷേപം പരിമിതപ്പെടുത്തുക.

  • സ്വർണവും ബിറ്റ്‌കോയിനും: പോർട്ട്‌ഫോളിയോയുടെ 10 മുതൽ 15 ശതമാനം വരെ സ്വർണത്തിലും സർക്കാർ നിയന്ത്രണങ്ങളില്ലാത്ത ഡിജിറ്റൽ അസറ്റ് എന്ന നിലയിൽ ചെറിയ വിഹിതം ബിറ്റ്‌കോയിനിലും സൂക്ഷിക്കുക.

  • ആഗോള വൈവിധ്യവൽക്കരണം: ശക്തമായ സാമ്പത്തിക അടിത്തറയും കുറഞ്ഞ വിദേശ കടവുമുള്ള മറ്റ് രാജ്യങ്ങളിലേക്ക് നിക്ഷേപം മാറ്റുക.

അമേരിക്കയുടെ നിലവിലെ സാമ്പത്തിക പാത കൂടുതൽ സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ, വരും ദിവസങ്ങളിൽ ട്രഷറി ബോണ്ട് ലേലങ്ങളും സ്വർണം, ബിറ്റ്‌കോയിൻ എന്നിവയുടെ വിലനിലവാരവും ലോകമെമ്പാടുമുള്ള നിക്ഷേപകർ ഉറ്റുനോക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT