Markets

റെയ്മണ്ട് ഗ്രൂപ്പ് ഉപകമ്പനിയും ഓഹരി വിപണിയിലേക്ക്

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 500-600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

Dhanam News Desk

റെയ്മണ്ട് ഗ്രൂപ്പിന്റെ ഭാഗമായ ജെകെ ഫയല്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് (JK Files and Engineering Ipo) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ കമ്പനി കരട് രേഖ ഫയല്‍ ചെയ്തു. ഓട്ടോമോട്ടീവ് ഘടകങ്ങളുടെ നിര്‍മാതാക്കളായ കമ്പനി അടുത്ത വര്‍ഷങ്ങളില്‍ 1500 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയോടെ 812 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. റെയ്മണ്ട് ഗ്രൂപ്പിലെ (Raymond Group) ഏകീകൃത വരുമാനത്തിന്റെ എട്ടിലൊന്ന് പങ്കാളിത്തം ഈ കമ്പനിയുടേതാണ്.

മാര്‍ക്കറ്റ് റെഗുലേറ്ററിന് സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് അനുസരിച്ച്, 2021 ജൂണ്‍ അവസാനത്തോടെ കമ്പനിക്ക് 8.2 ദശലക്ഷം റിംഗ് ഗിയറുകളുടെ സ്ഥാപിത ശേഷിയാണുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റിംഗ് ഗിയര്‍ കപ്പാസിറ്റി 4-5 ദശലക്ഷമായി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. റിംഗ് ഗിയര്‍ സെഗ്മെന്റില്‍, കമ്പനിക്ക് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 52-56 ശതമാനവും വാണിജ്യ വാഹന വിഭാഗത്തില്‍ 46-50 ശതമാനവും വിപണി വിഹിതമുണ്ട്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്കും ആഗോളതലത്തില്‍ മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്കുമാണ് കമ്പനി റിംഗ് ഗിയറുകള്‍ വിതരണം ചെയ്യുന്നത്.

ഏഷ്യ-പസഫിക്, ആഫ്രിക്ക, ലാറ്റിന്‍ എന്നിവിടങ്ങളിലലെ 60 രാജ്യങ്ങളിലേക്കും ബിസിനസ്-ടു-ബിസിനസ്, ബിസിനസ്-ടു-കണ്‍സ്യൂമര്‍ രീതിയില്‍ ജെകെ ഫയല്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ആകെ ബിസിനസിന്റെ 50 ശതമാനത്തിലധികവും കയറ്റുമതിയില്‍നിന്നാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT