Markets

വലിയ ഐപിഒയ്ക്ക് തയാറെടുത്ത് റേസര്‍പേ; സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് ₹5,000 കോടി

ഫോണ്‍പേ അവരുടെ ഐപിഒ നീക്കങ്ങള്‍ നീട്ടിവച്ച സമയത്താണ് റേസര്‍പേ ഐപിഒ നീക്കങ്ങള്‍ സജീവമാക്കിയതെന്നത് ശ്രദ്ധേയമാണ്

Dhanam News Desk

ഫിന്‍ടെക് രംഗത്തെ മുന്‍നിര കമ്പനിയായ റേസര്‍പേ (Razorpay) പ്രാഥമിക ഓഹരിവില്പനയ്ക്ക് (IPO) ഒരുങ്ങുന്നു. രഹസ്യാത്മക രീതിയില്‍ സെബിക്ക് അപേക്ഷ നല്കാന്‍ കമ്പനി തയാറെടുക്കുന്നതായി ഇക്കണോമിക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഒയിലൂടെ 4,980-5,810 കോടി രൂപയ്ക്ക് ഇടയില്‍ സമാഹരിക്കാനാണ് നീക്കം.

ഐപിഒ നടപടികള്‍ക്കായി റേസര്‍പേ ആക്‌സിസ് ക്യാപിറ്റല്‍, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ജെപി മോര്‍ഗന്‍, സിറ്റി ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളെ നിയോഗിച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിപണിയിലെ അനിശ്ചിതത്വം മൂലം മറ്റൊരു ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ അവരുടെ ഐപിഒ നീക്കങ്ങള്‍ നീട്ടിവച്ച സമയത്താണ് റാസോര്‍പേ ഐപിഒ നീക്കങ്ങള്‍ സജീവമാക്കിയതെന്നത് ശ്രദ്ധേയമാണ്. 2014ല്‍ ഹര്‍ഷില്‍ മാത്തൂര്‍, ശശാങ്ക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് റേസര്‍പേ.

80 ലക്ഷത്തിലധികം ബിസിനസുകള്‍ക്ക് സേവനം നല്‍കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. റേസര്‍പേയുടെ ഉപയോക്താക്കളില്‍ ഏകദേശം 80 ശതമാനം ചെറുകിട ബിസിനസുകള്‍, ഡിജിറ്റല്‍ ഫസ്റ്റ് ബ്രാന്‍ഡുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയാണ്.

വരുമാനം ഉയരുന്നു

2025 സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം 65 ശതമാനം ഉയര്‍ന്ന് 3,783 കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷം ഇത് 2,296 കോടി രൂപയായിരുന്നു. 1,209 കോടി രൂപയായിരുന്നു നഷ്ടം. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വരുമാന കണക്കുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ടൈഗര്‍ ഗ്ലോബല്‍, ലൈറ്റ്‌സ്പീഡ്, പീക്ക്XV പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ ആഗോള കമ്പനികള്‍ റേസര്‍പേയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT