റീപോ നിരക്ക് കാല്‍ശതമാനം (25 ബേസിസ് പോയിന്റ്) കുറച്ചു. ബാങ്ക് റേറ്റ്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി തുടങ്ങിയ അനുബന്ധ നിരക്കുകളും കാല്‍ശതമാനം കുറച്ചു. റിസര്‍വ് ബാങ്ക് പണനയ സമീപനം ന്യൂട്രല്‍ ആയി തുടരും. ആവശ്യമായ സമയത്ത് ഇടപെടാന്‍ ഇതു സഹായിക്കും.
റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി ഏകകണ്ഠമായിട്ടാണു തീരുമാനം എടുത്തത്. വിലക്കയറ്റം ഗണ്യമായി താഴ്‌ന്നെന്ന് കമ്മിറ്റി വിലയിരുത്തി.
അടുത്ത വര്‍ഷത്തെ വളര്‍ച്ച പ്രതീക്ഷ 6.7 ശതമാനമായി കുറച്ചത് ഓഹരി സൂചികകളെയും രൂപയെയും താഴ്ത്തി.
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണു റീപോ നിരക്ക് കുറയ്ക്കുന്നത്. ബാങ്കുകള്‍ അടിയന്തര സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണ് റീപോ നിരക്ക്.
2025-26 വര്‍ഷം ജിഡിപി വളര്‍ച്ച 6.7 ശതമാനമാകും എന്നു ബാങ്ക് കണക്കാക്കുന്നു. നേരത്തേ എഴു ശതമാനം പ്രതീക്ഷിച്ചിരുന്നതാണ്.
ഈ വര്‍ഷത്തെ വളര്‍ച്ച നിഗമനം 6.6 ശതമാനം നിലനിര്‍ത്തി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് 6.4 ശതമാനമാണ് പറയുന്നത്. ജൂലൈ - സെപ്റ്റംബര്‍ വളര്‍ച്ച പ്രതീക്ഷ 7.3 ല്‍ നിന്ന് എഴു ശതമാനമായി കുറച്ചു.
ഈ ത്രൈമാസത്തിലെ വിലക്കയറ്റ നിഗമനം 4.5-ല്‍ നിന്നു 4.4 ശതമാനമായി കുറച്ചു. വാര്‍ഷിക വിലക്കയറ്റം 4.8 ശതമാനം ആയിരിക്കും. അടുത്ത ധനകാര്യ വര്‍ഷം അവസാനത്തോടെ വിലക്കയറ്റം 4.2 ശതമാനമായി കുറയുമെന്നു കേന്ദ്ര ബാങ്ക് കണക്കാക്കി.
ലാഭവും ലാഭമാര്‍ജിനും കുറഞ്ഞ ബിക്കാജി ഫുഡ്‌സ് ഓഹരി പന്ത്രണ്ടു ശതമാനം ഇടിഞ്ഞു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ റിസല്‍ട്ട് ദുര്‍ബലമായതിനെ തുടര്‍ന്ന് ഓഹരി നാലു ശതമാനം താഴ്ന്നു.
സൊനാറ്റാ സോഫ്റ്റ്വേര്‍ 14 ശതമാനം ഇടിഞ്ഞു. ലാഭവും ലാഭമാര്‍ജിനും താഴ്ന്നതാണു കാരണം.
വരുമാന വളര്‍ച്ചയും ലാഭവും കുറഞ്ഞ എന്‍സിസി ലിമിറ്റഡ് ഓഹരി 12 ശതമാനം ഇടിവിലായി.
രൂപ ഇന്നു നേട്ടത്തോടെ തുടങ്ങി. ഡോളര്‍ 13 പൈസ കുറഞ്ഞ് 87.45 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 87.48 രൂപയിലേക്കു കയറിയെങ്കിലും 87.43 വരെ താഴ്ന്നു. പണനയത്തിന്റെ ആദ്യഭാഗം കഴിഞ്ഞപ്പോള്‍ ഡോളര്‍ 87.39 രൂപയായി താഴ്ന്നിട്ട് പിന്നീട് 87.48 രൂപയായി കയറി.
ലോകവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2868 ഡോളറിലാണ്. കേരളത്തില്‍ ആഭരണസ്വര്‍ണം വിലമാറ്റമില്ലാതെ പവന് 63,440 രൂപയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയില്‍ അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ബാരലിന് 74.68 ഡോളര്‍ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine