Image courtesy: Canva
Markets

എല്ലാ ബാങ്കിലും സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടുകള്‍, പരിധിയില്ലാതെ നിക്ഷേപം, ആര്‍.ബി.ഐയുടെ പുതിയ നിര്‍ദേശം ഇങ്ങനെ

രാജ്യത്ത് 56.6 കോടി ബി.എസ്.ബി.ഡി അക്കൗണ്ടുകളിലായി 2.67 കോടി രൂപയുടെ നിക്ഷേപമാണുള്ളത്

Dhanam News Desk

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തു വിട്ട കരട് നിര്‍ദേശങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? ചില സുപ്രധാന മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് പുതിയ നിര്‍ദേശം. രാജ്യത്തെ എല്ലാ ബാങ്കുകളും ഇനി മുതല്‍ നിര്‍ബന്ധമായി ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ നല്‍കണം. മാത്രമല്ല മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ അഥവാ ബി.എസ്.ബി.ഡി ലഭ്യമാണെന്ന കാര്യം പ്രത്യേകം പരസ്യപ്പെടുത്തുകയും വേണം.

ഈ അക്കൗണ്ടില്‍ നിക്ഷേപത്തിന് പരിധി ഉണ്ടാകില്ല. നേരത്തെ പരിമിതമായ സൗകര്യങ്ങളോടെയായിരുന്നു ബി.എസ്.ബി.ഡി അക്കൗണ്ടുകള്‍ അനുവദിച്ചിരുന്നത്. ഇനി എസ്.ബി അക്കൗണ്ടുകളിലേതു പോലെ പ്രതിമാസം നാല് സൗജന്യ എടിഎം പിന്‍വലിക്കലുകള്‍ ഈ അക്കൗണ്ടിലും ബാധകമാകും.

യു.പി.ഐ, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങിയ ഡിജിറ്റല്‍ ഇടപാടുകള്‍ പരിധിയില്ലാതെ നടത്താനുമാകും. പ്രതിവര്‍ഷം കുറഞ്ഞത് 25 ലീഫുകളുള്ള ഒരു ചെക്ക് ബുക്ക്, ഒരു പാസ് ബുക്ക്, പ്രതിമാസ സ്റ്റേറ്റ്‌മെന്റ് എന്നിവയും നല്‍കണം.

എന്നാല്‍ ഒരു ബി.എസ്.ബി.ഡി അക്കൗണ്ടുള്ളവര്‍ക്ക് മറ്റൊരു ബാങ്കില്‍ സമാന അക്കൗണ്ട് തുടങ്ങാനാകില്ല. അതേപോലെ ആ ബാങ്കില്‍ മറ്റൊരു സേവിംഗ്‌സ് അക്കൗണ്ടും തുടങ്ങാനാകില്ല. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുടെ കീഴിലുള്ളവയാണ് ബി.എസ്.ബി.ഡി അക്കൗണ്ടുകള്‍. രാജ്യത്ത് 56.6 കോടി ബി.എസ്.ബി.ഡി അക്കൗണ്ടുകളിലായി 2.67 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT