Image courtesy: Canva
Markets

ആര്‍.ബി.ഐ പണനയം ഇന്ന്; നിരക്കു വര്‍ധനയില്‍ കണ്ണ്, ക്രൂഡ് ഓയില്‍ 102 ഡോളറിലേക്ക്; ഏഷ്യന്‍ വിപണികള്‍ ഇടിവില്‍

ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും 102 ഡോളറിലേക്കു കയറിയതു വിപണികളെ താഴ്ത്തുന്ന കാര്യമാണ്

T C Mathew

റിസര്‍വ് ബാങ്കിന്റെ പണനയം രാവിലെ വരുന്നു. നിരക്കു വര്‍ധന തുടരുമോ എന്ന സൂചന ഗവര്‍ണറുടെ പ്രസ്താവനയില്‍ കിട്ടുമോ എന്നാണു വിപണി ശ്രദ്ധിക്കുക. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന മറ്റു നടപടികളും നിര്‍ണായകമാകും.

ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും 102 ഡോളറിലേക്കു കയറിയതു വിപണികളെ താഴ്ത്തുന്ന കാര്യമാണ്. പ്രധാന ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,799.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,734 വരെ ഇടിഞ്ഞു. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

പണനയം രാവിലെ

റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി (എം.പി.സി) എടുത്ത തീരുമാനങ്ങള്‍. ഇന്നു രാവിലെ പത്തിനു ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിക്കും. റീപോ നിരക്ക് 5.25 ല്‍ നിന്ന് 5.50 ശതമാനത്തിലേക്ക് കൂട്ടും എന്നാണു വിപണി കണക്കുകൂട്ടുന്നത്. മല്‍ഹോത്ര ഗവര്‍ണറായ ശേഷമുള്ള ആദ്യത്തെ നിരക്കു വര്‍ധനയാകും ഇത്. വാണിജ്യ ബാങ്കുകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്. വളര്‍ച്ച, പലിശ എന്നിവയുടെ ഗതി സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍ എന്താണെന്നാണു വിപണി ശ്രദ്ധിക്കുക.

ക്രൂഡ് ഓയില്‍ 102 ഡോളറിലേക്ക്

പശ്ചിമേഷ്യ, യെമന്‍, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യം മാറ്റമില്ലാതെ തുടരുന്നു. യുഎസ്-ഇറാന്‍ പരോക്ഷ ചര്‍ച്ചകളും നിലച്ചു. ഹോര്‍മുസ് ഒഴിവാക്കിയുള്ളതുമായ ക്രൂഡ് ഓയില്‍ നീക്കം യുദ്ധത്തിനു മുന്‍പുള്ള തോതില്‍ ആയി. എങ്കിലും ക്രൂഡ് ഓയില്‍ വില 100 ഡോളറിനു താഴെ വരാന്‍ മടിക്കുന്നു. ഇന്നലെ 97 ഡോളര്‍ വരെ താഴ്ന്ന ക്രൂഡ് ഓയില്‍ ഇന്ന് 102 ഡോളറിനടുത്താണ്. ഇറാന്റെ ആക്രമണങ്ങള്‍ തുടരുന്നതു മൂലം എണ്ണടാങ്കറുകളുടെ വാടക വീണ്ടും കൂടിയതും ചൈന ക്രൂഡ് വാങ്ങല്‍ വര്‍ധിപ്പിച്ചതുമാണു കാരണം.

റഷ്യയിലെ പകുതിയിലധികം റിഫൈനറികള്‍ പ്രവര്‍ത്തനരഹിതമായത് ഡീസലിനും മറ്റും ക്ഷാമം വരുത്തി. ഇറാനിലും സൗദിയിലും ഗള്‍ഫിലും റിഫൈനറികള്‍ കുറഞ്ഞ ശേഷിയിലാണു പ്രവര്‍ത്തിക്കുന്നത്. ഇതു ലോകമെങ്ങും ഡീസലിനും പെട്രോളിനും വില കൂട്ടി. നിലവാരം കുറഞ്ഞ ഡീസല്‍ ഉപയോഗിക്കാന്‍ അമേരിക്കയില്‍ അനുവാദം നല്‍കിയത് ഈ പശ്ചാത്തത്തിലാണ്.

യുഎസ് വിപണി റെക്കോര്‍ഡില്‍

എഐ, ടെക്‌നോളജി മേഖലകള്‍ കുതിപ്പ് തുടരുന്നത് എസ്ആന്‍ഡ്പി, നാസ്ഡാക് സൂചികകളെ റെക്കോര്‍ഡ് തിരുത്തുന്നതിലേക്കു കയറ്റി. എസ്ആന്‍ഡ്പി 7844.52ലും നാസ്ഡാക് 27,722.75 ലും എത്തിയിട്ട് അല്‍പം താഴ്ന്നു ക്ലോസ് ചെയ്തു.

എഐ മേഖലയില്‍ കുമിള പൊട്ടും എന്നു പ്രവചിക്കുന്നവര്‍ സജീവമായി രംഗത്തുണ്ടെങ്കിലും വിപണി അവരെയെല്ലാം തള്ളുകയാണ്. എന്‍വിഡിയ, എഎംഡി, മാര്‍വെല്‍, ബ്രോഡ് കോം തുടങ്ങിയവയെല്ലാം ഉയര്‍ന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ടെസ്ലയും നേട്ടം തുടര്‍ന്നു.

ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 253.38 പോയിന്റ് (0.49 ശതമാനം) ഉയര്‍ന്ന് 51,521.28ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 44.98 പോയിന്റ് (0.58%) നേട്ടത്തോടെ 7818.93 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 122.58 പോയിന്റ് (0.45%) കയറി 27,599.89ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ചാഞ്ചാടുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും ഭിന്നദിശകളിലാണ്. ഡൗ ജോണ്‍സ് 12 പോയിന്റ് (0.03%) താഴ്ന്നു. എസ്ആന്‍ഡ്പി 10 പോയിന്റും (0.12%) നാസ്ഡാക് 20 പോയിന്റും (0.06%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ചൊവ്വാഴ്ച വ്യാപാരസമയത്ത് 1.40 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 22.42 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.97% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 1.03% കയറി 28.31 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 1.95% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 0.38% ഉയര്‍ന്നു 10.59 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 0.59% താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.60% ഉയര്‍ന്ന് 1.69 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് കയറി

യൂറോപ്യന്‍ ഓഹരിവിപണികള്‍ ഇന്നലെ മികച്ച നേട്ടത്തില്‍ അവസാനിച്ചു. രാജ്യത്തെ അസ്വസ്ഥതകള്‍ മൂലം ഏതാനും ദിവസം ഇടിവിലായിരുന്ന ഫ്രഞ്ച് വിപണിയും ഇന്നലെ നേട്ടം ഉണ്ടാക്കി. യൂറോപ്യന്‍ ബാങ്കുകള്‍ ഇന്നലെ ഗണ്യമായി ഉയര്‍ന്നു. ഡിസൈന്‍ സോഫ്റ്റ് വേര്‍ കമ്പനി പിടിസിയെ 2260 കോടി ഡോളറിനു വാങ്ങുന്ന ഷ്നൈഡര്‍ ഇലക്ട്രിക് രണ്ടാം ദിവസവും ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍ താഴുന്നു

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക തുടക്കത്തില്‍ കയറിയിട്ടു 0.50 ശതമാനം നഷ്ടത്തിലായി. ദക്ഷിണ കൊറിയന്‍ കോസ്പി 0.35 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക നാമമാത്ര നഷ്ടത്തിലായി. തായ്വാന്‍ സൂചിക നാമമാത്ര നേട്ടത്തിലാണ്. ഹോങ് കോങ്ങിലെ ഹാങ് സെങ് 0.60 ശതമാനം ഇടിഞ്ഞു. ഷാങ്ഹായ് സൂചിക 0.30 ശതമാനം ഉയര്‍ന്നു.

മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ

എട്ട് ആഴ്ചത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം തിങ്കളാഴ്ച ഉയര്‍ന്ന ഇന്ത്യന്‍ വിപണി ഇന്നലെയും നേട്ടം തുടര്‍ന്നു. നിഫ്റ്റി 22,750 നും സെന്‍സെക്‌സ് 73,000 നും മുകളില്‍ കയറി. ക്ലോസിംഗ് ഓക്ഷനില്‍ സൂചികകള്‍ ഗണ്യമായ മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 124 പോയിന്റും നിഫ്റ്റി 58 ഉം ബാങ്ക് നിഫ്റ്റി 135 ഉം പോയിന്റ് ആ സമയത്തു കയറി.

ഐടിയും റിയല്‍റ്റിയും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായി. ധനകാര്യ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, പ്രതിരോധ, ടൂറിസം, ഓയില്‍, മെറ്റല്‍ ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി.

കൊട്ടക് മഹീന്ദ്ര ബാങ്ക് 3.82ഉം ആക്‌സിസ് ബാങ്ക് 2.11 ഉം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 2.2ഉം ശതമാനം ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക് ഇന്നലെ 2.25 ശതമാനം താഴ്ന്ന് 320.00 രൂപയില്‍ ക്ലോസ് ചെയ്തു.

ചൊവ്വാഴ്ച കൂടുതല്‍ ഓഹരികള്‍ നേട്ടത്തിലായി. ബിഎസ്ഇയില്‍ 2768 ഓഹരികള്‍ ഉയര്‍ന്നു, 1619 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 2444 ഓഹരികള്‍ കയറിയപ്പോള്‍ 1115 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 2961.30 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5088.92 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

ചൊവ്വാഴ്ച സെന്‍സെക്സ് 685.34 പോയിന്റ് (0.95%) ഉയര്‍ന്ന് 73,067.81ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 220.35 പോയിന്റ് (0.98%) നേട്ടത്തോടെ 22,776.10ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 414.30 പോയിന്റ് (0.76%) കയറി 55,128.40ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 637.55 പോയിന്റ് (1.08%) കുതിച്ച് 59,761.20ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 299.60 പോയിന്റ് (1.56%) കയറി 19,448.70ല്‍ ക്ലോസ് ചെയ്തു.

സ്വര്‍ണം കയറിയിറങ്ങി

സ്വര്‍ണവില ചൊവ്വാഴ്ച ചെറിയ ചാഞ്ചാട്ടത്തിനു ശേഷം ചെറിയ നേട്ടത്തോടെ ഔണ്‍സിന് 4165.30 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 0.30 ശതമാനം താഴ്ന്ന് 4150 ഡോളറില്‍ എത്തി. റഷ്യ വലിയ തോതില്‍ സ്വര്‍ണം വില്‍ക്കുന്നതു വില കയറുന്നതിനു തടസമായി. കേന്ദ്രബാങ്കുകള്‍ വാങ്ങിക്കൂട്ടുന്നും ഉണ്ട്.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ 760 രൂപ കയറി 1,10,160 രൂപ ആയി.

വെള്ളിവില ഔണ്‍സിന് 61.35 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1697 ഡോളര്‍, പല്ലാഡിയം 1153 ഡോളര്‍, റോഡിയം 8300 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലണ്ടന്‍ ബുള്ളിയന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വാര്‍ഷിക സര്‍വേ അടുത്ത വര്‍ഷം ഒക്ടോബറില്‍ സ്വര്‍ണം ഔണ്‍സിന് 5000 ഡോളറിനു മുകളില്‍ എത്തുമെന്നു പ്രവചിച്ചു. കഴിഞ്ഞ വര്‍ഷം പ്രവചിച്ചത് ഇപ്പോള്‍ 4980 ഡോളറില്‍ എത്തുമെന്നാണ്. വെള്ളി അടുത്ത ഒക്ടോബറില്‍ 94.70 ഡോളറില്‍ എത്തുമെന്നാണു പ്രവചനം.

റബര്‍ ഉയരുന്നു

രാജ്യാന്തര വിപണിയില്‍ റബര്‍ വില വീണ്ടും കയറി. കേരളത്തിലും വില ഉയര്‍ന്നു. ചൊവ്വാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 290.40 ഡോളറിലും ആര്‍എസ്എസ് മൂന്ന് 287.00 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,100 രൂപയിലേക്കു കയറി.

ലോഹങ്ങള്‍ കുതിക്കുന്നു

വ്യാവസായിക ലോഹങ്ങള്‍ വീണ്ടും കുതിപ്പിലായി. ചെമ്പ് 0.51 ശതമാനം കയറി ടണ്ണിന് 14,502.35 ഡോളര്‍ ആയി. അലൂമിനിയം 0.93 ശതമാനം കുതിച്ച് 3146.90 ഡോളറില്‍ എത്തി. ലെഡും നിക്കലും സിങ്കും ടിന്നും ഉയര്‍ന്നു.

കൊക്കോ താഴ്ന്നു

കൊക്കോ വില 1.79 ശതമാനം താഴ്ന്ന ടണ്ണിന് 5762 ഡോളറില്‍ ക്ലോസ് ചെയ്തു. 2025-26 സീസണില്‍ പ്രതീക്ഷയിലും കൂടുതല്‍ കൊക്കോ വിപണിയില്‍ എത്തി. എന്നാല്‍ 2026-27 സീസണിലേക്ക് ഐവറി കോസ്റ്റില്‍ ഉല്‍പാദനം 22 ലക്ഷം ടണ്ണില്‍ നിന്ന് 18 ലക്ഷം ടണ്‍ ആയി കുറയുമെന്നാണു നിഗമനം. ഘാനയില്‍ ഉല്‍പാദനം 17 ശതമാനം കുറയും എന്നാണു വിലയിരുത്തല്‍.

അറബിക്ക കാപ്പി പൗണ്ടിന് 4.07 ശതമാനം കയറി 3.0445 ഡോളര്‍ ആയി. പാം ഓയില്‍ 0.39 ശതമാനം താഴ്ന്നു ടണ്ണിന് 4560 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക 102 നു താഴെ

യുഎസ് ഡോളര്‍ സൂചിക ഇന്നലെ ഇടിഞ്ഞ് 101.83 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.98 ലേക്കു കയറി.

യൂറോ 1.1243 ഡോളറിലേക്കും പൗണ്ട് 1.3255 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.32 യെന്‍ വരെ താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.70 എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നലെ താഴ്ന്നിട്ട് ഇന്നു രാവിലെ 5.309 ശതമാനമായി ഉയര്‍ന്നു. 30 വര്‍ഷത്തേത് 5.685 ശതമാനമായി.

രൂപ താഴ്ചയില്‍

രൂപ വീണ്ടും ദുര്‍ബലമായി. ഡോളര്‍ 13 പൈസ കയറി 96. 42 രൂപയില്‍ ക്ലോസ് ചെയ്തു. വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 96.44 രൂപ വരെ കയറി.

ചൈനീസ് യുവാന്‍ 14.38 രൂപയിലേക്കു കയറി. യൂറോ 108.42 രൂപയായി ഉയര്‍ന്നു.

ക്രൂഡ് ഓയില്‍ കയറുന്നു

ഇന്നലെ 98 ഡോളറിനു താഴെ വന്ന ക്രൂഡ് ഓയില്‍ വില വീണ്ടും 101 ഡോളറിനു മുകളിലേക്കു കയറി. ബ്രെന്റ് ഇനം ഇന്നു രാവിലെ 101.71 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 90.51 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ താഴ്ന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നു വീണ്ടും നഷ്ടത്തിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 85,350 ഡോളറിനു താഴെ വന്നു. ഈഥര്‍ 2685 ഡോളറിനും സൊലാന 120 ഡോളറിനും താഴെ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT