അർബൻ സഹകരണ ബാങ്കുകൾക്ക് ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ ഐ.ഡി.പി.ഐ.സി.യിൽ ഇക്വിറ്റി നിക്ഷേപത്തിന് ആർ.ബി.ഐ അനുമതി നൽകിയതോടെ, വാണിജ്യ ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും മാത്രം ലഭ്യമായിരുന്ന തത്സമയ തട്ടിപ്പ് നിരീക്ഷണ സാങ്കേതിക വിദ്യ സഹകരണ മേഖലയിലേക്കും എത്തുന്നു. കേരളത്തിലെ സാധാരണക്കാരായ ഇടപാടുകാർക്ക് ഇത് കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ ബാങ്കിംഗ് അന്തരീക്ഷം ഒരുക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളിലെ (UCB) ഡിജിറ്റൽ സാമ്പത്തിക സുരക്ഷയും ഭരണനിർവഹണവും ശക്തിപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിർണായക നയമാറ്റം പ്രഖ്യാപിച്ചു. ഡിജിറ്റൽ പേയ്‌മെന്റുകളിലെ തട്ടിപ്പുകൾ തത്സമയം നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത ശൃംഖലയായ 'ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് കോർപ്പറേഷനിൽ' (IDPIC) ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കാൻ അർബൻ സഹകരണ ബാങ്കുകൾക്ക് ആർ.ബി.ഐ അനുമതി നൽകി. സെപ്റ്റംബർ 2-നാണ് ഇതുസംബന്ധിച്ച നിക്ഷേപ ചട്ടങ്ങളിൽ (UCB Investment Portfolio Directions) ആർ.ബി.ഐ ഭേദഗതി വരുത്തിയത്.
ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ (Mule Accounts), സംശയാസ്പദമായ പണമൊഴുക്കുകൾ എന്നിവ തത്സമയം (Real-time) തിരിച്ചറിയുന്നതിനുള്ള സാങ്കേതിക ശൃംഖലയാണ് ഐ.ഡി.പി.ഐ.സി. ഇതിൽ അംഗമാകുന്നതിന് സ്ഥാപനത്തിൽ ഓഹരി പ്രാതിനിധ്യം വേണമെന്ന നിബന്ധന നിലവിലുണ്ടായിരുന്നു. പുതിയ ഭേദഗതിയിലൂടെ ഈ സാങ്കേതിക തടസ്സമാണ് നീങ്ങിയത്.
വാണിജ്യ ബാങ്കുകളും ഫിൻടെക് കമ്പനികളും വർഷങ്ങളായി ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ഇനി സഹകരണ ബാങ്കുകൾക്കും ലഭ്യമാകും. ഒപ്പം, മേഖലയ്ക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കേന്ദ്രീകൃത സംഘടനകളിൽ (Umbrella Organisation) സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാനും സഹകരണ ബാങ്കുകൾക്ക് ഇനി സാധിക്കും.
ആസ്തി വർഗീകരണത്തിലോ പ്രൊവിഷനിംഗ് നിബന്ധനകളിലോ വരുത്തിയ സമഗ്രമായ പരിഷ്കാരമല്ല ഇത്. മറിച്ച്, വാണിജ്യ ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും ലഭ്യമായിരുന്ന സാങ്കേതിക പ്രതിരോധ സംവിധാനങ്ങൾ സഹകരണ മേഖലയ്ക്കും ലഭ്യമാക്കുന്ന പരിമിതവും എന്നാൽ അത്യന്താപേക്ഷിതവുമായ നീക്കമാണിത്.
തത്സമയ പരിശോധന (Real-time Detection): വ്യാജ അക്കൗണ്ടുകൾ (Mule Accounts), സംശയാസ്പദമായ പണമൊഴുക്കുകൾ, ഓർഡിനറി ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ കണ്ടെത്താനുള്ള സാങ്കേതിക ശൃംഖലയിൽ സഹകരണ ബാങ്കുകൾക്ക് പങ്കാളികളാകാം.
കേന്ദ്രീകൃത സംഘടനകൾ (Umbrella Organisation): ഇക്വിറ്റി പങ്കാളിത്തം ആവശ്യമായ മറ്റ് മാർക്കറ്റ്-ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളിലും ഇതോടൊപ്പം നിക്ഷേപം നടത്താം.
കാര്യക്ഷമമായ ആഭ്യന്തര ഓഡിറ്റിംഗും പ്രൊഫഷണൽ മാനേജ്‌മെന്റും സാങ്കേതിക മുന്നേറ്റവും വഴി സഹകരണ ബാങ്കിംഗ് മേഖല ശക്തിപ്പെടുത്തണമെന്ന് ആർ.ബി.ഐ ആവർത്തിച്ചു വ്യക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. 'ഓൺ-ടാപ്പ്' ലൈസൻസിംഗ് സംവിധാനത്തിലൂടെ വലിയ സഹകരണ സ്ഥാപനങ്ങൾ അത്യാധുനിക ബാങ്കുകളായി വിപണിയിൽ അവതരിക്കുമ്പോൾ, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി സ്വയം നവീകരിക്കാത്ത പരമ്പരാഗത അർബൻ ബാങ്കുകൾക്ക് തങ്ങളുടെ ഉപഭോക്താക്കളെ വൻതോതിൽ നഷ്ടമാകുമെന്ന അവസ്ഥയാണുള്ളതെന്ന മുന്നറിയിപ്പും ആർ.ബി.ഐ നൽകിയിരുന്നു.
കേരളത്തിൽ സ്വർണപ്പണയം, കാർഷിക വായ്പ, ഭവന വായ്പ, ചെറുകിട വ്യാപാര ധനസഹായം എന്നിവയ്ക്ക് സാധാരണക്കാർ ആശ്രയിക്കുന്നത് അർബൻ സഹകരണ ബാങ്കുകൾ, കേരള ബാങ്ക്, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS) എന്നിവ അടങ്ങുന്ന ശൃംഖലയെയാണ്. സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് വകമാറ്റൽ ആരോപണങ്ങളും ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കേരളത്തിലെ സഹകരണ മേഖല കരകയറിവരുന്ന പശ്ചാത്തലത്തിൽ ഈ ആർ.ബി.ഐ നിർദ്ദേശം ഏറെ പ്രാധാന്യമർഹിക്കുന്നു.
ഐ.ഡി.പി.ഐ.സി.യിലെ അംഗത്വത്തിനും സാങ്കേതിക സംവിധാനത്തിലേക്കുള്ള സിസ്റ്റം ഇന്റഗ്രേഷനും ചെറുകിട ബാങ്കുകൾക്ക് നേരിടാവുന്ന ചെലവ് വെല്ലുവിളിയാണെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ഫ്രോഡ് റെസ്‌പോൺസ് ടീമുകളും പരാതി പരിഹാര സെല്ലുകളും സജ്ജമാണോ എന്നതാണ് യഥാർത്ഥ ചോദ്യം. എന്നാൽ ഓരോ സഹകരണ ബാങ്കുകളും സ്വന്തം നിലയിൽ ഈ സംവിധാനം രൂപീകരിക്കുന്നതിന് പകരം മേഖല തലത്തിൽ പൊതുവായൊരു സൈബർ ഫ്രോഡ് റെസ്പോൺസ് ടീം രൂപീകരിച്ചാൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാമെന്നും സഹകരണ ബാങ്കിങ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ആർ.ബി.ഐയുടെ ഐ.ഡി.പി.ഐ.സിയുമായി ബന്ധപ്പെട്ട പുതിയ ഭേദഗതി നിക്ഷേപ പലിശ നിരക്കുകളിലോ, പിൻവലിക്കൽ നിയന്ത്രണങ്ങളിലോ, ഡി.ഐ.സി.ജി.സി (DICGC) ഇൻഷുറൻസ് പരിധിയിലോ നേരിട്ട് മാറ്റമുണ്ടാക്കില്ല. എന്നാൽ, സംശയസ്പദമായ പണമിടപാടുകൾ നടക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഉടനടി ജാഗ്രതാ സന്ദേശങ്ങളും (അലേർട്ടുകൾ) വെരിഫിക്കേഷൻ കോളുകളും ലഭ്യമാക്കിക്കൊണ്ട് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ മാറ്റങ്ങൾ വഴിയൊരുക്കും. എന്തായാലും മാറുന്ന കാലഘട്ടത്തിലെ ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആർ.ബി.ഐ തീർക്കുന്ന ഈ സുരക്ഷാ കവചം ഇനി സഹകരണ ബാങ്കിംഗ് മേഖലയെ കൂടുതൽ സ്മാർട്ടാക്കാനും സുരക്ഷിതമാക്കാനും സഹായിക്കുമെന്ന് കരുതാം.
Read DhanamOnline in English
Subscribe to Dhanam Magazine