ഇന്ത്യൻ ഓഹരി വിപണിയുടെ നെടുംതൂണാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ (ഡിഐഐ). സഹസ്രകോടികളുടെ നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകളും പെൻഷൻ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും ഒക്കെ കൂടിച്ചേരുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ മാസംതോറും ഇന്ത്യൻ വിപണിയിലേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി വിദേശ നിക്ഷേപകർ ഉയർത്തുന്ന വിൽപ്പന സമ്മർദത്തെ അതിജീവിക്കാൻ സാധിച്ചതും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ തുടർച്ചയായ ഓഹരി വാങ്ങലാണ്. എന്നാൽ ഫെബ്രുവരി മാസത്തിലെ ഇതുവരെയുള്ള കണക്കുകൾ നോക്കുമ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലിന്റെ തോത് പത്ത് മാസത്തെ താഴ്ന്ന നിലയിലാണെന്ന് കാണാം.
2025 മേയ് മാസത്തിനുശേഷം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ വിപണിയിലുള്ള പ്രതിമാസ ഓഹരി നിക്ഷേപം 50,000 കോടി രൂപയിൽ താഴെയാകുന്നത് ഇത് ആദ്യമായാണ്. ഈമാസം ഇതുവരെയായി (2026 ഫെബ്രുവരി 26 വരെ) 26,130.30 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയിട്ടുള്ളത്. ഈ മാസത്തെ അവസാന വ്യാപാര ദിനമായ ഇന്ന് (ഫെബ്രുവരി 27) 2,100 കോടി രൂപയുടെ എങ്കിലും ഓഹരികൾ വാങ്ങുന്നില്ലെങ്കിൽ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഫെബ്രുവരി മാസത്തെ നിക്ഷേപക്കണക്ക് ഒന്നര വർഷത്തെ താഴ്ന്ന നിലയിലേക്ക് പതിക്കും.
കഴിഞ്ഞ 18 മാസക്കാലയളവിൽ ഇന്ത്യൻ ഓഹരി വിപണിയുടെ പ്രകടനം നിറംമങ്ങിയതാണ്, നോക്കിയുംകണ്ടും മാത്രം ഓഹരി വാങ്ങുന്ന ശൈലിയിലേക്ക് പിൻവലിയാൻ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിച്ചതിനുള്ള മുഖ്യ ഘടകം. 2024 സെപ്റ്റംബറിനു ശേഷമാണ് ആഭ്യന്തര വിപണിയിൽ ചാഞ്ചാട്ടം തലപൊക്കുന്നത്. അതിനുശേഷം ഇതുവരെയുള്ള കാലയളവെടുത്താൽ നിഫ്റ്റി സൂചിക 2.7 ശതമാനവും സെൻസെക്സ് 4.2 ശതമാനം വീതവും നഷ്ടം രേഖപ്പെടുത്തുന്നു.
എസ്.ഐ.പി നിക്ഷേപങ്ങളിലൂടെ മ്യൂച്വൽ ഫണ്ടുകളിലേക്ക് ഒഴുകിയെത്തിയ പണത്തിൽ കൂടുതലും മിഡ് ക്യാപ് ഫണ്ട്, സ്മോൾ ക്യാപ് ഫണ്ട്, തിമാറ്റിക് ഫണ്ട് എന്നിവയിലേക്കായിരുന്നു. വിപണിയിൽ തലപൊക്കിയ ചാഞ്ചാട്ടത്തിൽ ഏറ്റവുമധികം ആടിയുലയുന്നത് മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളുമാണ്. 2024 സെപ്റ്റംബറിനുശേഷം ഇതുവരെയായി നിഫ്റ്റി മിഡ് ക്യാപ്-150 സൂചിക 1.3 ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ്-250 സൂചിക 13 ശതമാനം വീതവും തിരിച്ചടി നേരിട്ടിരിക്കുകയാണ്.
കൂടാതെ സമീപകാലത്ത് കുതിച്ചുപായുന്ന സ്വർണം, വെള്ളി പോലുള്ള വില കൂടിയ ലോഹങ്ങളിലേക്ക് (Precious metals) കൂടുതൽ ആദായം നേടാമെന്ന പ്രതീക്ഷയിൽ നിക്ഷേപത്തിന്റെ ഒരുഭാഗം വഴിതിരിച്ചുവിടുന്നതും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വാങ്ങൽ കുറയുന്നതിന് കാരണമായെന്നും മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഏഴ് മാസത്തെ ഇടവളേയ്ക്കുശേഷം ഇതാദ്യമായി ഈ ഫെബ്രുവരിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) പ്രതിമാസ കണക്കിൽ അറ്റ വാങ്ങലുകാരായി (Net Purchase) മാറിയെന്നത് ശ്രദ്ധേയം. ഫെബ്രുവരിയിൽ ഇതുവരെയായി 895.58 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വാങ്ങിയത്.
സമീപ വർഷങ്ങളിൽ ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിലും വിദേശ നിക്ഷേപകർ ഉയർത്തിയ വിൽപ്പന സമ്മർദത്തിൽ താഴേക്കു പോകാതെ പിടിച്ചു നിർത്തുന്നതിലും വലിയൊരു പങ്കുവഹിച്ചത്, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ തുടർച്ചയായി നടത്തിയ സഹസ്ര കോടികളുടെ ഓഹരി വാങ്ങലായിരുന്നു. ഇവരുടെ നിക്ഷേപ ശൈലയിൽ മാറ്റം സംഭവിക്കുമ്പോൾ ഓഹരി നിന്നുള്ള ആദായത്തേയും വിപണിയിലെ ചാഞ്ചാട്ടത്തേയും കുറിച്ചുള്ള ജാഗ്രതയുടെ പ്രതിഫലനമായി വായിച്ചെടുക്കാം.
എന്നാൽ ഇതിന്റെ അർത്ഥം, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പനക്കാരായി മാറുന്നുവെന്നല്ല, മറിച്ച് പുതിയതായി നിക്ഷേപിക്കുന്നതിന്റെ തോതിൽ മാറ്റം വരുത്തുന്നുവെന്നാണ്. അതുപോലെ ഓഹരികൾ മോശം പ്രകടനം കാഴ്ചവെക്കുമ്പോൾ താരതമ്യേന കൂടുതൽ ആദായം നൽകുന്ന മറ്റ് ആസ്തികളിലേക്ക് നിക്ഷേപം വഴിമാറിയൊഴുകുന്നതായും ഇത് സൂചിപ്പിക്കുന്നു.