Image courtesy: Canva
Markets

കറുത്ത തിങ്കള്‍ കണ്ട ഓഹരി വിപണിയില്‍ പൊടുന്നനെ ആവേശത്തിന്റെ പച്ചപ്പ്; വിപണി നേട്ടത്തിലാകാനുള്ള അഞ്ചു കാരണങ്ങള്‍

ഏഷ്യന്‍ വിപണികള്‍ ശക്തമായ നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്

Dhanam News Desk

ഇന്നലെ വലിയ ഇടിവിന് സാക്ഷ്യം വഹിച്ച ഓഹരി വിപണി ഇന്ന് വലിയൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ശക്തമായ വാങ്ങൽ പ്രവണതയാണ് ഇന്ന് വിപണിയില്‍ കാണാന്‍ കഴിയുന്നത്. നിഫ്റ്റി 50 സൂചികയ്ക്ക് ഇൻട്രാഡേയില്‍ 2.35 ശതമാനം നേട്ടത്തോടെ 22,689 എന്ന നിലയിലെത്താനായി. ബിഎസ്ഇ സെൻസെക്സ് 2.25 ശതമാനം നേട്ടത്തോടെ ഇൻട്രാഡേയില്‍ 74,846 എന്ന നിലയിലെത്തി. ബാങ്ക് നിഫ്റ്റിക്ക് ഇൻട്രാഡേയില്‍ 1.87 ശതമാനം വർധനയോടെ 50,793 എന്ന നിലയിലെത്താനുമായി.

ഇന്ത്യൻ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവെക്കാനുളള കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

വ്യാപാര യുദ്ധ ഭയം കുറയുന്നു: മറ്റു രാജ്യങ്ങൾ തത്തുല്യ ഇറക്കുമതി ചുങ്കം സംബന്ധിച്ച് ചർച്ചകൾക്ക് തയ്യാറാണെന്നും ഇത് വ്യാപാര യുദ്ധ സംഘർഷങ്ങൾക്ക് പരിഹാരമാകുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവന നിക്ഷേപകര്‍ പോസറ്റീവ് ആയി കണ്ടത് വിപണിക്ക് ഊര്‍ജം പകര്‍ന്നു.

ആഗോള വിപണികൾ ശക്തമായത്: ഏഷ്യന്‍ വിപണികള്‍ ശക്തമായ നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ജാപ്പനീസ് നിക്കി സൂചിക രാവിലത്തെ സെഷനിൽ 5 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഏകദേശം 1.50 ശതമാനം ഉയർന്നു. മറ്റ് ഏഷ്യൻ വിപണികളും ശക്തമായ വാങ്ങൽ താൽപ്പര്യം പ്രകടിപ്പിക്കുന്നതാണ് കണ്ടത്.

ഷോർട്ട് കവറിംഗ്: ഇന്നലത്തെ കറുത്ത തിങ്കളാഴ്ചയ്ക്ക് ശേഷം നിക്ഷേപകര്‍ക്ക് വലിയ അളവില്‍ ഷോർട്ട് പൊസിഷനുകൾ ഉണ്ടായിരുന്നു. ശക്തമായ വിൽപ്പനയ്ക്ക് ശേഷമുളള ഷോർട്ട് കവറിംഗ് ആയി ഇതിനെ കാണാവുന്നതാണ്. നിക്ഷേപകരുടെ ഈ ഷോർട്ട് കവറിംഗ് വിപണിയില്‍ ഒരു ആശ്വാസ റാലിക്ക് കാരണമായതായി വിലയിരുത്താം.

എം.പി.സി മീറ്റിംഗ്: ആർ‌ബി‌ഐ യുടെ പണനയ അവലോകന യോഗം പുരോഗമിക്കുകയാണ്. പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഇത് നിക്ഷേപകരുടെ വാങ്ങല്‍ പ്രവണതയ്ക്ക് ആക്കം കൂട്ടി.

2025 ലെ മികച്ച നാലാം പാദ ഫലങ്ങൾ: കമ്പനികളുടെ മികച്ച നാലാം പാദ ഫലങ്ങളും വിപണിക്ക് ശക്തി പകര്‍ന്നു. വ്യവസായങ്ങള്‍ക്ക് ശക്തമായി മുന്നോട്ടു പോകാനാകുന്ന അവസ്ഥ നിക്ഷേപകര്‍ക്ക് കരുത്ത് പകരുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT