Canva
Markets

ആർ.ഇ.സി — പി.എഫ്‌.സി കമ്പനികളുടെ ലയനം; ചെറുകിട ഓഹരി നിക്ഷേപകർക്ക് ​നേട്ടമുണ്ടോ?

പണമിടപാടുകൾ ഇല്ലാത്ത ഈ കോർപറേറ്റ് ലയനത്തിൽ ആർ.ഇ.സിയുടെ ഓഹരി ഉടമകൾക്ക് നിശ്ചിത അനുപാതത്തിൽ പി.എഫ്‌.സി കമ്പനിയുടെ ഓഹരികളാണ് ലഭിക്കുക

Pintu Prakash

ഇന്ത്യൻ ഊർജ്ജ മേഖലയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഉടച്ചുവാർക്കലിന് വഴിതെളിച്ചുകൊണ്ട് ആർ.ഇ.സി ലിമിറ്റഡിന്റേയും (BSE: 532955, NSE: RECLTD) മാതൃകമ്പനിയായ പവർ ഫിനാൻസ് കോർപ്പറേഷന്റെയും (BSE: 532810, NSE: PFC) ഡയറക്ടർ ബോർഡുകൾ ലയന നടപടിക്ക് അം​ഗീകാരം നൽകി. ഇക്കഴിഞ്ഞ ജൂൺ 10-ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇരു പൊതുമേഖല കമ്പനികളും ഒരു കുടക്കീഴിലേക്ക് വരുന്നതോടെ, ഏകദേശം 11 ലക്ഷം കോടിയിലധികം രൂപയുടെ വായ്പ വിതരണം ചെയ്തിട്ടുള്ള (Loan Book) രാജ്യത്തെ ഏറ്റവും വലിയ പവർ സെക്ടർ ഫിനാൻസിം​ഗ് ഇൻ​സ്റ്റിട്യൂഷൻ ആയി പി.എഫ്‌.സി മാറും.

അതേസമയം ലയനത്തിന് ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ തിങ്കളാഴ്ചത്തെ (ജൂൺ 29) വ്യാപാരത്തിൽ പി.എഫ്.സി ഓഹരി 2 ശതമാനം ഇടിവ് നേരിട്ട് 424 രൂപയിലാണ് ക്ലോസിം​ഗ് രേഖപ്പെടുത്തിയത്. ഈയൊരു സാഹചര്യത്തിൽ ആർ.ഇ.സി - പി.എഫ്.സി ലയനം റീട്ടെയിൽ നിക്ഷേപകരെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.

ഓഹരി കൈമാറ്റ അനുപാതം (88:100)

ലയന നടപടികൾ പൂർത്തിയാകുന്നതോടെ സ്വതന്ത്ര കമ്പനിയെന്ന നിലയിലുള്ള ആർ.ഇ.സി ലിമിറ്റഡിന്റെ ലിസ്റ്റിംഗ് ഇല്ലാതാകും. പണമിടപാടുകൾ ഇല്ലാത്ത ഈ കോർപറേറ്റ് ലയനത്തിൽ ആർ.ഇ.സിയുടെ ഓഹരി ഉടമകൾക്ക് നിശ്ചിത അനുപാതത്തിൽ പി.എഫ്‌.സി കമ്പനിയുടെ ഓഹരികളാണ് ലഭിക്കുക.

ഓഹരി കൈമാറ്റ അനുപാതം (Swap ratio): ആർ.ഇ.സി.യുടെ 100 ഓഹരികൾക്ക് പകരമായി പവർ ഫിനാൻസ് കോർപ്പറേഷന്റെ 88 ഓഹരികൾ വീതം ലഭിക്കും. ഇതിനായി അർഹരായ ആർ.ഇ.സി നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി ഉടൻ പ്രഖ്യാപിക്കും. പ്രമുഖ രാജ്യാന്തര ഏജൻസികളായ ഏണസ്റ്റ് ആൻഡ് യംഗ് മെർച്ചന്റ് ബാങ്കിം​ഗ് സർവീസസ് (EY), ആർ.ബി.എസ്.എ എന്നിവരുടെ വാല്യൂവേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഷെയർ സ്വാപ്പ് നിശ്ചയിച്ചത്.

ലയനത്തിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും?

  • ഹരിത ഊർജ്ജ മേഖലയിൽ വൻ കുതിപ്പ്: ലയനത്തോടെ രൂപപ്പെടുന്ന കൂറ്റൻ ബാലൻസ് ഷീറ്റിന്റെ കരുത്തിൽ, രാജ്യത്തെ എനർജി ട്രാൻസിഷൻ പദ്ധതികളുടെ പ്രധാന ധനസഹായ പങ്കാളിയായി പി.എഫ്‌.സി മാറും. ഗ്രീൻ ഹൈഡ്രജൻ, എനർജി സ്റ്റോറേജ്, സ്മോൾ മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകൾ (എസ്.എം.ആർ) തുടങ്ങിയ അത്യാധുനിക ഹരിത ഊ‌ർജ പദ്ധതികൾക്ക് വൻതോതിൽ മൂലധനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.

  • ലളിതമായ കോർപ്പറേറ്റ് ഘടന: നിലവിൽ ആർ.ഇ.സി ലിമിറ്റഡിൽ പി.എഫ്‌.സിക്ക് 52.63 ശതമാനം ഹോൾഡിംഗ്-സബ്സിഡിയറി ഓഹരി പങ്കാളിത്തമുണ്ട്. ലയനത്തോടെ ഈ ഇരട്ട ഘടന ഇല്ലാതാവുകയും, രണ്ട് കമ്പനികളും ഒരൊറ്റ ലിസ്റ്റഡ് സ്ഥാപനമായി മാറുകയും ചെയ്യും. ഇത് പ്രവർത്തന ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം കോർപ്പറേറ്റ് സുതാര്യത വർധിപ്പിക്കാനും സഹായിക്കും.

നിക്ഷേപകർ എന്ത് ചെയ്യണം?

"ഇന്ത്യൻ പവർ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് വളരെ പോസിറ്റീവായ ഘടനാപരമായ മാറ്റത്തിനാണ് ഈ ലയനം വഴിയൊരുക്കുന്നത്. ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളായതിനാൽ പ്രവർത്തന ചെലവുകൾ (Operational Overlaps) കുറയ്ക്കാനും ഫണ്ട് സമാഹരണ ശേഷി (Borrowing Capacity) വർധിപ്പിക്കാനും ഈ ലയനത്തിലൂടെ സാധിക്കും. നിലവിലെ ഓഹരി വിലകൾ വിലയിരുത്തുമ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സ്വാപ്പ് റേഷ്യോ (88:100) ഇരു കമ്പനികളുടെയും നിക്ഷേപകർക്ക് അനുകൂലമായ അനുപാതത്തിലാണുള്ളത്," സെബി അം​ഗീകൃത റിസർച്ച് അനലി​സ്റ്റ് പി. സനൽ (Registration No. INH000022880) പറഞ്ഞു.

"ഓഹരി ഉടമകൾ, ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (NCLT), സെബി (SEBI), ​സ്റ്റോക്ക് എക്സ്ചേ‌ഞ്ച് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ അനുമതികൾ കരസ്ഥമാക്കി നിർദിഷ്ട ലയന നടപടികൾ പൂർത്തിയാക്കാൻ 6 മുതൽ 9 മാസം വരെ സമയമെടുത്തേക്കാം. രാജ്യത്തെ പവർ—ഗ്രീൻ എനർജി സെക്ടറിൽ നിന്നുള്ള ദീർഘകാല വളർച്ചയുടെ നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് പി.എഫ്.സി ഓഹരികൾ പോർട്ട്ഫോളിയോയിൽ നിലനിർത്താവുന്നതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT