Image by Canva 
Markets

5 പ്രമുഖ കമ്പനികളിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് ജുന്‍ജുന്‍വാല; ഒരു ഓഹരിക്ക് നേട്ടം

ഡിസംബര്‍ പാദം വരെ 26 കമ്പനികളിലാണ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ളത്‌

Dhanam News Desk

അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയും നിക്ഷേപകയുമായ രേഖ ജുന്‍ജുന്‍വാല കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ നിക്ഷേപങ്ങളില്‍ കാര്യമായ മാറ്റം വരുത്തി.

2023 ഡിസംബര്‍ വരെയുള്ള പാദത്തില്‍ 26 കമ്പനികളിലാണ് രേഖ ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ളത്. ബ്ലൂം ബെര്‍ഗിന്റെ കണക്കനുസരിച്ച് മൊത്തം 4.9 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 40,000 കോടി രൂപ) നിക്ഷേപം വരുമിത്. ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടൈറ്റന്‍, നസാറ ടെക്, ഡെല്‍റ്റ് കോര്‍പ് എന്നിവയാണ് ഓഹരി പോര്‍ട്ട്‌ഫോളിയോയിലെ വമ്പന്‍മാര്‍.

നിലവില്‍ 13 കമ്പനികള്‍ മാത്രമാണ് മാര്‍ച്ച് പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പുറത്തുവിട്ടിട്ടുള്ളത്. കൂടുതല്‍ കമ്പനികള്‍ കണക്കുകള്‍ പുറത്തു വിടുന്നതനുസരിച്ച് നിക്ഷേപ പങ്കാളിത്തത്തില്‍ മാറ്റമുണ്ടായേക്കാം.

നിക്ഷേപം കുറച്ചത് ഇങ്ങനെ 

ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഉള്‍പ്പെടെ അഞ്ച് കമ്പനികളില്‍ ഈ പാദത്തില്‍ നിക്ഷേപം കുറച്ച രേഖ രണ്ട് കമ്പനികളില്‍ നിക്ഷേപം കൂട്ടുകയും ചെയ്തു. ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ 1.8 ശതമാനം ഓഹരിയുണ്ടായത് മാര്‍ച്ച് പാദമായപ്പോള്‍ 1.6 ശതമാനമായി.

രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്‌സ്, കനറ ബാങ്ക്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, എന്‍.സി.സി എന്നിവയാണ് നിക്ഷേപം കുറച്ച മറ്റ് കമ്പനികള്‍. രാഘവയില്‍ 0.1 ശതമാനവും കനറ ബാങ്ക്, ഫോര്‍ട്ടീസ്, എന്‍.സി.സി എന്നിവയില്‍ 0.6 ശതമാനം വീതവും ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്. ഓഹരിയിൽ  തിരുത്തലുണ്ടായതിനെ തുടര്‍ന്നാണ് നിക്ഷേപകരുടെ പിന്മാറ്റം. 2024ല്‍ ഇതുവരെ ഓഹരി വിലയില്‍ 15 തമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.

അതേസമയം കനറ ബാങ്ക് ഓഹരി ഈ വര്‍ഷവും കഴിഞ്ഞവര്‍ഷവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ 12 മാസക്കാലയളവില്‍ 100 ശതമാനവും ഈ വര്‍ഷം ഇതു വരെ 38 ശതമാനവും നേട്ടം ഓഹരി നല്‍കിയിട്ടുണ്ട്.

എന്‍.സി.സിയിലെ നിക്ഷേപത്തില്‍ നാമമാത്രമായ കുറവാണ് വരുത്തിയത്. കമ്പനിയില്‍ 12.5 ശതമാനം ഓഹരി പങ്കാളിത്തം ഇപ്പോഴും രേഖ ജുന്‍ജുന്‍വാലയ്ക്കുണ്ട്.

ഫോര്‍ട്ടീസ് ഹെല്‍ത്ത്കെയര്‍ ഓഹരികള്‍ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ തീരെ ചെറിയ റിട്ടേണ്‍ ആണ് നല്‍കിയത്. എന്നാല്‍ ആറ് മാസക്കാലയളവില്‍ 31 ശതമാനത്തോളം നേട്ടമുണ്ട്.

ക്രിസില്‍ ലിമിറ്റഡില്‍ രേഖ ജുന്‍ജുന്‍വാല 20,000 ഷെയറുകള്‍ വിറ്റഴിച്ചു. ഇതോടെ നിക്ഷേപ പങ്കാളിത്തം 5.47 ശതമാനത്തില്‍ നിന്ന് 5.44 ശതമാനമായി.

നേട്ടം ഈ ഓഹരിക്ക്

കഴിഞ്ഞ ക്വാര്‍ട്ടറില്‍ നിക്ഷേപം നടത്തിയ ഓഹരികളിലൊന്ന് കെ.എം ഷുഗര്‍ മില്‍സാണ്. ഏകദേശം 5 ലക്ഷം ഓഹരികളാണ് പുതുതായി വാങ്ങിയത്. ഇതോടെ ഓഹരി പങ്കാളിത്തം 0.54 ശതമാനമാനമായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT