Image Courtesy: Vijay/Dhanam  
Markets

ഫെഡറല്‍ ബാങ്കിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങി രേഖ ജുന്‍ജുന്‍വാല

ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട ബാങ്ക് ഓഹരിയുടെ ഇപ്പോഴത്തെ നില പരിശോധിക്കാം

Dhanam News Desk

രാജ്യത്തെ പ്രമുഖ നിക്ഷേപകരായ രാകേഷ് ജുന്‍ജുന്‍വാല, രേഖ ജുന്‍ജുന്‍വാല ദമ്പതികളുടെ പോര്‍ട്ട്‌ഫോളിയോ എപ്പോഴും നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാണ്. അവര്‍ സ്ഥിരമായി പിന്തുടരുന്ന ഓഹരികള്‍, പുതുതായി ഓഹരി വാങ്ങിക്കൂട്ടുന്ന കമ്പനികള്‍ എന്നിവയെല്ലാം

എപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. ജുന്‍ജുന്‍വാല ഓഹരികള്‍ വാങ്ങിയിട്ടുള്ള ഫെഡറല്‍ ബാങ്കും അത്തരത്തില്‍ ചര്‍ച്ചകളില്‍ സജീവമാണ്. ഇപ്പോഴിതാ രേഖ ജുന്‍ജുന്‍വാല ഫെഡറല്‍ ബാങ്കിലെ തങ്ങളുടെ ഓഹരി ഉയര്‍ത്തിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ജുന്‍ജുന്‍വാലയ്ക്ക് ഇഷ്ടമുണ്ടായിരുന്ന ഓഹരികളില്‍ ഒന്നായിരുന്നു ഫെഡറല്‍ ബാങ്ക്. ജുന്‍ജുന്‍വാലയ്ക്ക് ശേഷവും അദ്ദേഹത്തിന്റെ പങ്കാളിയായ രേഖ ജുന്‍ജുന്‍വാല ഫെഡറല്‍ ബാങ്കിനെ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ പ്രധാനപ്പെട്ട ഒരു ഓഹരിയായി പരിഗണിക്കുന്നതായാണ് ഇപ്പോള്‍ ദൃശ്യമായിട്ടുള്ളത്.

ബിഎസ്ഇ രേഖകള്‍ അനുസരിച്ച് 25 ദശലക്ഷത്തോളം ഓഹരികളാണ് ബാങ്കിന്റേതായി രേഖ ജുൻജുൻവാല  നിലവില്‍ കൈവശം വച്ചിരിക്കുന്നത്. ഇത്തരത്തില്‍ രേഖയ്ക്ക്, 1.7 ശതമാനത്തോളമാണ് ആകെ ഫെഡറല്‍ ബാങ്ക് ഓഹരികളിലെ വിഹിതം. എന്നാല്‍, സെപ്റ്റംബര്‍ പാദത്തില്‍ ബി എസ് സിയുടെ ഷെയര്‍ ഹോള്‍ഡിംഗ് ലിസ്റ്റില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി ഉടമകളുടെ കൂട്ടത്തില്‍ രേഖ ജുന്‍ജുന്‍വാലയുടെ പേര് ഉണ്ടായിരുന്നില്ല. ഒരു ശതമാനത്തില്‍ താഴെ മാത്രം ഓഹരികള്‍ ഉണ്ടായിരിക്കുകയോ മുഴുവന്‍ ഓഹരികള്‍ വിറ്റഴിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. എന്നാല്‍ ഡിസംബറില്‍ ഈ സ്ഥിതി മാറി. കേരളത്തില്‍ നിന്നുള്ള ബാങ്കിന്റെ ഓഹരി ഉടമകളില്‍ രേഖ ജുന്‍ജുന്‍വാലയും ഉള്ളതായി കാണാം.

134.30 രൂപയ്ക്കാണ് ഇന്നലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ക്ലോസിംഗ് നടത്തിയത്. അതായത് 1.25 ശതമാനം ഇടിവോടെ. 82.50 രൂപ വരെ ഇടിവും 143.40 രൂപ ഉയര്‍ച്ചയുമാണ് 52 ആഴ്ചയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഫെഡറല്‍ ബാങ്ക് ഓഹരികളുടെ ട്രേഡിംഗ് നില.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT