പ്രതീകാത്മക ചിത്രം Image Source: Canva/ril.com
Markets

റെക്കോഡിന് തൊട്ടരുകിൽ കാലിടറിവീണ് റിലയൻസ്; ഓഹരി വില ഇനിയും ഉയരുമോ?

തുടർച്ചയായ 12 വ്യാപാര സെഷനുകളിലെ മുന്നേറ്റത്തിനു ശേഷം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഇന്ന് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു; മികച്ച രണ്ടാം പാദഫലങ്ങളും ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ലക്ഷ്യവിലകളും ഓഹരിയെ ശ്രദ്ധാകേന്ദ്രമാക്കുന്നു

Dhanam News Desk

കഴിഞ്ഞ 12 വ്യാപാര സെഷനുകളിൽ നഷ്ടമില്ലാതെ മുന്നേറിയ, റിലയൻസ് ഇൻഡസ്ട്രീസ് (BSE: 500325, NSE: RELIANCE) ഓഹരിക്ക് ഇന്ന് (നവംബർ 18) കാലിടറി. 2007-നു ശേഷം കാഴ്ചവെക്കുന്ന ഏറ്റവും ദൈർഘ്യമേറിയ മുന്നേറ്റമെന്ന റെക്കോഡിന്റെ തൊട്ടരികിലാണ് ഈ ബ്ലൂചിപ്പ് ഓഹരി വീണ്ടും ചുവപ്പണിഞ്ഞത് (2007 ഏപ്രിലിൽ തുടർച്ചയായി 13 സെഷനുകളിൽ ഓഹരി മുന്നേറിയിരുന്നു). ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 0.30 ശതമാനം മാത്രം നഷ്ടത്തോടെ 1,363 രൂപയിൽ (എൻഎസ്ഇ) റിലയൻസ് ഓഹരി ക്ലോസ് ചെയ്തു.

ഇതിന് മുമ്പ് ഒക്ടോബർ 30-നായിരുന്നു റിലയൻസ് ഓഹരി അവസാനമായി നഷ്ടത്തോടെ പ്രതിദിന ക്ലോസിങ് കുറിച്ചത്. ഇതിനിടയിലെ 12 വ്യാപാര ദിനങ്ങളിലായി റിലയൻസ് ഓഹരി 17 ശതമാനം വർധന കരസ്ഥമാക്കി. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ (Market Cap) ഏകദേശം 2.65 ലക്ഷം കോടി രൂപ വർധിച്ച് മൊത്തം മൂല്യം 18.41 ലക്ഷം കോടി രൂപയോളമായി.

വരുമാനക്കണക്കുകളാണ് ഇന്ധനം

കേവലം ഓഹരി വിപണിയിലെ ആവേശമല്ല റിലയൻസ് ഓഹരിയിലെ ഈ കുതിപ്പിന് പിന്നിൽ. രണ്ടാം സാമ്പത്തിക പാദത്തിലെ (Q2 FY27) പ്രതീക്ഷകളെ കവച്ചുവെച്ച പ്രവർത്തനഫലമാണ് മുന്നേറ്റത്തിനുള്ള വളമിട്ടത്. നവംബർ രണ്ടിലെ സെഷനിൽ ഓഹരി 11.64 ശതമാനം കുതിച്ചുയർന്നു. 2020 ഏപ്രിലിനുശേഷം റിലയൻസ് ഓഹരിയിൽ കുറിക്കുന്ന ഏറ്റവും വലിയ പ്രതിദിന നേട്ടമായിരുന്നു ഇത്.

ഓയിൽ-ടു-കെമിക്കൽസ് (ഒ2സി) വിഭാഗത്തിലെ എബിറ്റ്ഡ (EBITDA) അഥവാ വരുമാനം 67.9 ശതമാനം വർധിച്ച് 25,203 കോടി രൂപയിലെത്തി. ജിയോ പ്ലാറ്റ്ഫോംസിന്റെ എബിറ്റ്ഡ 16.6 ശതമാനം ഉയർന്ന് 21,879 കോടി രൂപയായി. ഉപകമ്പനികളുടെയും സംയുക്ത സംരംഭങ്ങളുടെയും വിഹിതം ഉൾപ്പെടെയുള്ള ഗ്രൂപ്പ് ലാഭം 33.8 ശതമാനം വർധിച്ച് 29,550 കോടി രൂപയിലെത്തി. ശക്തമായ ഒ-2-സി പ്രകടനവും ടെലികോം ബിസിനസിന്റെ സ്ഥിരതയുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് അടിത്തറയാകുന്നത്.

ബ്രോക്കറേജുകൾക്കും പ്രതീക്ഷ

കഴി‌ഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ കുതിപ്പിന്റെ റെക്കോഡിന് തൊട്ടരികിൽ വീണുപോയെങ്കിലും മുൻനിര ബ്രോക്കറേജ് സ്ഥാപനങ്ങളുടെ സമീപ ഭാവിയിലേക്കുള്ള ശിപാർശകളിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിക്ക് മുൻതൂക്കം നൽകിയിട്ടുണ്ട്. ഗോൾഡ്മാൻ സാക്സ് 1,840 രൂപ ലക്ഷ്യവിലയോടെ റിലയൻസ് ഓഹരിയിലുള്ള ബൈ റേറ്റിങ് (നിക്ഷേപത്തിന് പരി​ഗണിക്കാമെന്ന സൂചന) നിലനിർത്തി. തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വരുമാനമാണ് റിലയൻസ് റിപ്പോർട്ട് ചെയ്തതെന്നും ഒ2സി വിഭാഗമാണ് ഇതിന് പ്രധാന കാരണമെന്നും വിലയിരുത്തി.

നൊമുറയും 1,560 രൂപ ലക്ഷ്യവിലയോടെ റിലയൻസ് ഓഹരിയിലുള്ള ബൈ ശുപാർശ നിലനിർത്തി. എന്നാൽ റീട്ടെയിൽ ബിസിനസിലെ ദൗർബല്യം ഈ രണ്ട് ആ​ഗോള ബ്രോക്കറേജ് സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഡിസംബർ പാദത്തിൽ വലിയ ക്രൂഡ് ഓയിൽ കപ്പലുകളുടെ ചരക്കുകൂലി ഉയരുന്നത് റിഫൈനിങ് മാർജിനുകളെ ബാധിക്കാമെന്നും നൊമുറ മുന്നറിയിപ്പ് നൽകുന്നു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Reliance Industries shares ended a 12-session winning streak on November 18 after a 17% rally, while Goldman Sachs and Nomura retained Buy ratings with differing target prices.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT