Mukesh Ambani & Reliance Industries canva
Markets

റിലയൻസ് ഓഹരി കുതിപ്പിൽ: വിലയിൽ 6 ശതമാനത്തിലേറെ വര്‍ധന, കാരണം ഇതാണ്‌, ബ്രോക്കറേജുകള്‍ പറയുന്നതെന്ത്?

ഓയിൽ-ടു-കെമിക്കൽസ് വിപണിയിലെ വൻ കുതിപ്പും ടെലികോമിലെ സുസ്ഥിര വളർച്ചയും മികച്ച പിൻബലമേകുന്നു; റീറ്റെയ്ല്‍ വിഭാഗത്തിൽ നേരിയ മന്ദഗതി

Dhanam News Desk

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് വന്‍ മുന്നേറ്റത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വില 6.6 ശതമാനം ഉയര്‍ന്ന് 1,242 രൂപയില്‍ എത്തി.

കമ്പനിയുടെ റെക്കോര്‍ഡ് രണ്ടാം പാദ (Q2 FY27) സാമ്പത്തിക ഫലങ്ങളും ബ്രോക്കറേജുകളില്‍ നിന്നുള്ള അനുകൂലമായ മുന്നേറ്റ സൂചനകളുമാണ് ഓഹരിക്ക് കരുത്തായത്.

സെപ്റ്റംബര്‍ പാദത്തിലെ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ഫലങ്ങള്‍ക്ക് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (RIL) ഓഹരികളിലെ പോസിറ്റീവ് റേറ്റിംഗ് നിലനിര്‍ത്തിയിരിക്കുകയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍.

പ്രമുഖ ബ്രോക്കറേജ് ഏജന്‍സികളായ ഗോള്‍ഡ്മാന്‍ സാക്‌സും നൊമുറയും ഓഹരിക്ക് 'ബൈ' റേറ്റിംഗ് നിലനിര്‍ത്തി. ഓയില്‍-ടു-കെമിക്കല്‍സ് (O2C) ബിസിനസിലെ കരുത്തുറ്റ പ്രകടനവും ടെലികോം രംഗത്തെ തുടര്‍ച്ചയായ വളര്‍ച്ചയുമാണ് പോസിറ്റീവ് റേറ്റിംഗിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. റിലയന്‍സിന്റെ ഓഹരി വില നിര്‍ദ്ദിഷ്ട ലക്ഷ്യമായ (Target Price) 1,840 രൂപയിലേക്ക് ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് വ്യക്തമാക്കുന്നത്.

അതായത് നിലവിലെ ഓഹരി വിലയില്‍ നിന്ന് 58 ശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നൊമുറ 1,560 രൂപയാണ് ടാര്‍ഗെറ്റ് വിലയായി നിശ്ചയിച്ചിട്ടുള്ളത്.

ഒക്ടോബര്‍ 30 വെള്ളിയാഴ്ച രണ്ടാം പാദഫലങ്ങള്‍ പുറത്തുവിടുന്നതിന് മുന്നോടിയായി റിലയന്‍സ് ഓഹരികള്‍ 0.21 ശതമാനം ഇടിഞ്ഞ് 1,164.90 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ ഉയര്‍ച്ചയോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 16.80 ലക്ഷം കോടി രൂപയായി.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും

രണ്ടാം പാദത്തില്‍ വരുമാനം, എബിറ്റ്ഡ (EBITDA), അറ്റാദായം എന്നിവയില്‍ സര്‍വ്വകാല റെക്കോര്‍ഡ് നേട്ടമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കിയത്. O2C, ഡിജിറ്റല്‍ സര്‍വീസസ്, റീറ്റൈയ്ല്‍ എന്നീ വിഭാഗങ്ങളിലെ വളര്‍ച്ച കമ്പനിക്ക് കരുത്തായി. ഏകീകൃത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ (YoY) 28 ശതമാനം വര്‍ധനയോടെ 3.62 ലക്ഷം കോടി രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. എബിറ്റ്ഡ 24 ശതമാനം ഉയര്‍ന്ന 62,409 കോടി രൂപയായി. അറ്റലാഭം (Net Profit) വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം ഉയര്‍ന്ന് 29,550 കോടി രൂപയിലെത്തി.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിപാദ പ്രകടനമാണ് O2C വിഭാഗം കാഴ്ചവെച്ചത്. O2C വിഭാഗത്തില്‍ നിന്നുള്ള വരുമാനം 44.2 ശതമാനം വര്‍ധിച്ച് 2.32 ലക്ഷം കോടി രൂപയായും, എബിറ്റ്ഡ 67.9 ശതമാനം ഉയര്‍ന്ന് 25,203 കോടി രൂപയായും രേഖപ്പെടുത്തി.

ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍

റിലയന്‍സിന്റെ രണ്ടാം പാദ എബിറ്റ്ഡ പ്രകടനം അനുമാനങ്ങളേക്കാള്‍ 9 ശതമാനം ഉയര്‍ന്നതായി ഗോള്‍ഡ്മാന്‍ സാക്‌സ് ചൂണ്ടിക്കാട്ടുന്നു. O2C ബിസിനസിലെ കുതിപ്പാണ് ഇതിന് വഴിവെച്ചത്. എങ്കിലും, മൂന്നാം പാദത്തില്‍ ക്രൂഡ് ഓയില്‍ ടാങ്കറുകളുടെ (VLCC) ഉയര്‍ന്ന ഫ്രൈറ്റ് നിരക്കുകള്‍ കാരണം റിഫൈനിംഗ് മാര്‍ജിനില്‍ നേരിയ കുറവുണ്ടായേക്കാം. എന്നാല്‍ വിലകുറഞ്ഞ ഹെവി ക്രൂഡ് പ്രോസസ്സ് ചെയ്യുന്നതിലൂടെ ഇത് ഒരുപരിധിവരെ പരിഹരിക്കപ്പെടും. അതേസമയം, റിലയന്‍സ് റീറ്റൈയ്ല്‍ വിഭാഗത്തിന്റെ എബിറ്റ്ഡ വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം ഇടിഞ്ഞു. വരുമാന വളര്‍ച്ച മുന്‍ പാദത്തിലെ 11 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി കുറഞ്ഞു.

ഉത്സവകാല ഡിമാന്‍ഡിലുണ്ടായ സമയമാറ്റവും ജിയോമാര്‍ട്ടിലെ (JioMart) നിക്ഷേപങ്ങളുമാണ് ഇതിന് കാരണമായത്. റീറ്റെയ്ല്‍ എബിറ്റ്ഡ മാര്‍ജിന്‍ 140 ബേസിസ് പോയിന്റ് ചുരുങ്ങി. ന്യൂ എനര്‍ജി വിഭാഗത്തില്‍, സോളാര്‍ മൊഡ്യൂള്‍, സെല്‍ ഉല്‍പ്പാദന ശേഷി യഥാക്രമം 6 GW, 5 GW എന്നിവയിലെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യപകുതിയോടെ ഇത് 20 GW വീതമായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

ബാറ്ററികളുടെ നിര്‍മ്മാണം 2027 ആദ്യപകുതിയിലും ബാറ്ററി സെല്‍ ഉല്‍പ്പാദനം രണ്ടാം പകുതിയിലും ആരംഭിക്കും. കച്ച്-ജാംനഗര്‍ പുനരുപയോഗ ഊര്‍ജ്ജ ട്രാന്‍സ്മിഷന്‍ പദ്ധതി 2027 ആദ്യ പാദത്തില്‍ പൂര്‍ത്തിയാക്കും. 2028 സാമ്പത്തിക വര്‍ഷം (FY28) മുതലായിരിക്കും പുനരുപയോഗ ഊര്‍ജ്ജ സംരംഭങ്ങളില്‍ നിന്നുള്ള വരുമാനം കമ്പനിയിലേക്ക് എത്തിത്തുടങ്ങുക.

നൊമുറയുടെ നിരീക്ഷണങ്ങള്‍

റിലയന്‍സിന്റെ മിന്നുന്ന പ്രകടനത്തിന് മള്‍ട്ടി-ഡെക്കേഡ് റിഫൈനിംഗ് ക്രാക്ക് സഹായിച്ചതായി നൊമുറ അഭിപ്രായപ്പെട്ടു. മുന്‍ പാദവുമായി (QoQ) താരതമ്യം ചെയ്യുമ്പോള്‍ ഏകീകൃത എബിറ്റ്ഡ 19 ശതമാനം വര്‍ധിച്ചു. ഇത് അവരുടെ പ്രതീക്ഷകളേക്കാള്‍ 9 ശതമാനം കൂടുതലാണ്. ഡിജിറ്റല്‍, ടെലികോം മേഖലയില്‍ കമ്പനി സുസ്ഥിരമായ വളര്‍ച്ച തുടരുന്നുണ്ട്. റീറ്റെയ്ല്‍ രംഗത്തെ പ്രകടനം ഉത്സവ സീസണിലെ മാറ്റങ്ങള്‍ മൂലവും ഡിജിറ്റല്‍ കൊമേഴ്‌സ് നിക്ഷേപങ്ങള്‍ മൂലവും മന്ദഗതിയിലായിരുന്നു. 2028 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത എബിറ്റ്ഡയുടെ 8.7 മടങ്ങിലും പ്രതീക്ഷിത വരുമാനത്തിന്റെ (P/E Ratio) 16.5 മടങ്ങിലുമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി നിലവില്‍ വ്യാപാരം ചെയ്യുന്നത്.

Leading global brokerages Goldman Sachs and Nomura have maintained positive ratings on Reliance Industries following its record-breaking September quarter earnings performance.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT