Markets

ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരിയുമായി റിലയന്‍സ്, 1257 രൂപയ്ക്ക് ഓഹരി സ്വന്തമാക്കാം

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. റിലയന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ള ഓഹരിയുടമകള്‍ക്ക് ഒരു ഓഹരി എന്ന നിലയിലാണ് ലഭിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്‍പ്പനയാകുമിത്. മാത്രമല്ല, 28 വര്‍ഷത്തിന് ശേഷം റിലയന്‍സ് ആദ്യമായാണ് പൊതു നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുന്നത്.

അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. റിലയന്‍സ് ഓഹരിയുടെ വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 14 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയ വിലയില്‍, അതായത് 1257 രൂപയ്ക്ക് അവകാശ ഓഹരികള്‍ വാങ്ങാം. റിലയന്‍സിന്റെ 6.7 ശതമാനം ഓഹരികളാണ് അവകാശ ഓഹരികള്‍ വഴി വിറ്റഴിക്കുന്നത്.

അവകാശ ഓഹരി വില്‍പ്പനയിലൂടെ പണം ലഭിക്കുമ്പോള്‍ റിലയന്‍സിന്റെ കടത്തിന്റെ മൂന്നിലൊന്ന് കുറയും. 2021 മാര്‍ച്ചില്‍ കടമില്ലാത്ത കമ്പനിയായി മാറുക എന്നതാണ് റിലയന്‍സിന്റെ ലക്ഷ്യം.

തന്ത്രപരമായ പങ്കാളിത്തം കൂടും

ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗം കമ്പനിയായ ജിയോയില്‍ ഫേസ്ബുക്ക് നിക്ഷേപം വന്നതുപോലെ, ഗ്രൂപ്പില്‍ മറ്റ് ചില തന്ത്രപരമായ പങ്കാളിത്തങ്ങള്‍ കൂടി വരുമെന്ന് കമ്പനിയുടെ നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. തന്ത്രപരമായ പങ്കാളിത്തത്തിന് ശ്രമിക്കുന്ന കമ്പനികളെ കുറിച്ച് സൂചനയില്ല.

ഏറ്റവും ലാഭമുള്ള ഇന്ത്യന്‍ കമ്പനി ഇനി ടിസിഎസ്

അതിനിടെ ഏറ്റവും ലാഭമുള്ള ഇന്ത്യന്‍ കമ്പനിയെന്ന സ്ഥാനം റിലയന്‍സിന് നഷ്ടമായി. ജനുവരി - മാര്‍ച്ച് ക്വാര്‍ട്ടറില്‍ റിലയന്‍സ് പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്‌സായി പ്രഖ്യാപിച്ചിരിക്കുന്നത് 6,348 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 39 ശതമാനം കുറവാണിത്.

എന്നാല്‍ ടിസിഎസിന്റെ പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്‌സ് 8,049 കോടി രൂപയാണ്.

മൊത്തം റവന്യു, ഓപ്പറേറ്റിംഗ് പ്രോഫിറ്റ്, നെറ്റ് വര്‍ത്ത്, ആസ്തി, മാര്‍ക്കറ്റ് ക്യാപ് എന്നിവയിലെല്ലാം മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ്, ടിസിഎസിനേക്കാള്‍ ഇപ്പോഴും ബഹുദൂരം മുന്നിലാണ്.

ശമ്പളം ഉപേക്ഷിച്ച് അംബാനി

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളം ഉപേക്ഷിക്കുകയാണെന്നും മുകേഷ് അംബാനി പറഞ്ഞു. ഗ്രൂപ്പിന്റെ ഹൈഡ്രോകാര്‍ബണ്‍ ഡിവിഷനില്‍ വാര്‍ഷിക ശമ്പളം 15 ലക്ഷത്തിലേറെ വാങ്ങുന്നവരുടെ വേതനത്തില്‍ 10-15 ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT