Canva
Markets

ഇന്ത്യൻ വിപണി കാത്തിരുന്ന മെഗാ ഐ.പി.ഒയ്ക്ക് അപേക്ഷ നൽകി ജിയോ പ്ലാറ്റ്‌ഫോംസ്; നിക്ഷേപകർക്ക് കോളടിക്കുമോ?

വിപണിയിൽ നിന്നും 400 കോടി ഡോളർ (ഏകദേശം 37,500 കോടി രൂപ) വരെ സമാഹരിക്കാനാണ് ഐ.പി.ഒയിലൂടെ റിലയൻസ് ജിയോ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്

Dhanam News Desk

ശതകോടീശ്വര വ്യവസായി മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് (റിലയൻസ് ജിയോ), പ്രാരംഭ പൊതു ഓഹരി വിൽപ്പന (ഐ.പി.ഒ) നടത്തുന്നതിനായുള്ള അനുമതി തേടി രാജ്യത്തെ മൂലധന വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) മുമ്പാകെ ഡി.ആർ.എച്ച്.പി രേഖകൾ സമർപ്പിച്ചു. ഇന്ന് മുംബൈയിൽ ചേർന്ന കമ്പനിയുടെ ‍ഡയറക്ടർ ബോർഡ് യോ​ഗം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഐ.പി.ഒ അനുമതിക്കായുള്ള പ്രാഥമിക കരട് രേഖകൾ സമർപ്പിച്ചത്.

റിലയൻസ് കുടുംബത്തിനും ദശലക്ഷക്കണക്കിന് ഓഹരി ഉടമകൾക്കും ഇത് അങ്ങേയറ്റം വൈകാരികമായ നിമിഷമാണെന്ന്, മുംബൈയിൽ ഇന്ന് നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 49-ാമത് വാർഷിക പൊതുയോഗത്തിനിടെ (എ.ജി.എം), ​ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രതികരിച്ചു.

ഐ.പി.ഒയുടെ പ്രധാന വിവരങ്ങൾ:

വിപണിയിൽ നിന്നും 400 കോടി ഡോളർ (ഏകദേശം 37,500 കോടി രൂപ) വരെ സമാഹരിക്കാനാണ് ഐ.പി.ഒയിലൂടെ റിലയൻസ് ജിയോ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ ആയി ഇത് മാറുമെന്നാണ് കരുതുന്നത്.

സെബിയുടെ ചട്ടങ്ങൾക്ക് അനുസൃതമായി ബുക്ക് ബിൽഡിംഗ് പ്രക്രിയയിലൂടെയാണ് ഐ.പി.ഒയുടെ അളവ് കമ്പനി അന്തിമമായി നിശ്ചയിക്കുക. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റെ വിലയിരുത്തൽ പ്രകാരം ജിയോ പ്ലാറ്റ്‌ഫോംസിന് 180 ബില്യൺ ഡോളർ (ഏകദേശം 17 ലക്ഷം കോടി രൂപ) വരെ വിപണി മൂല്യം ലഭിച്ചേക്കാം.

അതേസമയം ഐ.പി.ഒയിൽ 27 കോടി പുതിയ ഇക്വിറ്റി ഓഹരികൾ പുറത്തിറക്കും (Fresh Issue). ഇതിൽ നിലവിലുള്ള ഓഹരി ഉടമകളുടെ വിൽപ്പന (ഒ.എഫ്.എസ്) ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുക അത്രയും കമ്പനിയുടെ അക്കൗണ്ടിലേക്ക് ചെന്നെത്തും.

ഉപകമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ (RJIL) കടബാധ്യത കുറയ്ക്കുന്നതിന് ഇതിന്റെ ​ഗണ്യമായ ഭാ​ഗം വിനിയോ​ഗിക്കുമെന്നാണ് ഡി.ആർ.എച്ച്.പി രേഖകളിൽ സൂചിപ്പിച്ചിട്ടുള്ളത്. പലിശ ഇനത്തിൽ നഷ്ടമാകുന്ന പണം ഭാവിയിൽ ലാഭിക്കാൻ ഇത് ഉപകരിക്കും. കമ്പനിയുടെ ലാഭക്ഷമത വർധിപ്പിക്കുന്ന ഘടകവുമാണത്. ബി.എസ്.ഇ, എൻ.എസ്.ഇ എക്സ്ചേഞ്ചുകളിൽ റിലയൻസ് ജിയോ ഓഹരികൾ ലിസ്റ്റ് ചെയ്യും.

ജിയോ കമ്പനി വിശദാംശം

നിലവിൽ 52.44 കോടി വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് റിലയൻസ് ജിയോ. ഇതിൽ 26.85 കോടി ഉപഭോക്താക്കൾ ജിയോയുടെ 5-ജി സേവനങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ 'ജിയോ എയർ ഫൈബർ' വഴി 1.3 കോടി വീടുകളിലും കമ്പനി സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ജിയോ പ്ലാറ്റ്ഫോമിന് കീഴിൽ 11,000 ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. കമ്പനി ഇതിനകം 6,817 പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ കൈവശം ജിയോയുടെ 66.43 ശതമാനം ഓഹരി വിഹിതമാണുള്ളത്. യു.എസ് ടെക് കമ്പനികളായ മെറ്റ (ഫേസ്ബുക്ക്) 9.99 ശതമാനവും ​ആൽഫബെറ്റ് (​ഗൂ​ഗിൾ) 7.73 ശതമാനം വീതവും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. മറ്റ് നിരവധി ​ഗ്ലോബൽ ഫണ്ടുകളും ജിയോയിൽ ഓഹരി വിഹിതം സ്വന്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മാ‌ർച്ച് സാമ്പത്തിക പാദത്തിൽ റിലയൻസ് ജിയോ നേടിയ വരുമാനം വാർഷികമായ 13 ശതമാനം വളർച്ചയോടെ 44,928 കോടി രൂപയാണ്. ത്രൈമാസ കാലയളവിലെ അറ്റാദായം (Net Profit) 7,935 കോടി രൂപയാണ്. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 214 രൂപയാണ്. ഉപഭോക്താക്കളുടെ പ്രതിമാസ ഡാറ്റ ഉപയോ​ഗം 42.3 ജി.ബിയാണ്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT