വിപണിയില്‍ ഐപിഒ (പ്രാഥമിക ഓഹരിവില്പന) സുനാമി പോലെ അലയടിച്ച വര്‍ഷമാണ് 2025. ചെറുതും വലുതുമായ നിരവധി കമ്പനികളാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. വിപണി അസ്ഥിരവും ആടിയുലഞ്ഞതും ആയിരുന്നെങ്കിലും പ്രൈമറി മാര്‍ക്കറ്റില്‍ ഈ പ്രശ്‌നങ്ങളൊന്നും ഏശിയതേയില്ല. 2026ലും സമാനമായ കാറ്റ് തന്നെയാണ് ദലാല്‍ സ്ട്രീറ്റില്‍ വീശാന്‍ പോകുന്നത്.
സെബി അനുമതി ലഭിച്ച 84ലേറെ കമ്പനികള്‍ പ്രൈമറി മാര്‍ക്കറ്റിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഈ കമ്പനികളെല്ലാം ചേര്‍ന്ന് 1.14 ലക്ഷം കോടി രൂപയാകും വിപണിയില്‍ നിന്ന് കളക്ട് ചെയ്യുക. 108 അപേക്ഷകള്‍ അനുമതി കാത്തുകെട്ടി കിടക്കുന്നു. 1.46 ലക്ഷം കോടി രൂപയുടെ ഓഹരി വില്പന വരുമിത്.
190ലേറെ കമ്പനികള്‍ വിപണിയിലേക്ക് എത്തുമ്പോള്‍ മൊത്തം 2.5 ലക്ഷം കോടി രൂപയുടെ സമാഹരണമാകും 2026ല്‍ നടക്കുക. വിപണിയെ സംബന്ധിച്ച് മറ്റൊരു ബംപര്‍ ഐപിഒ വര്‍ഷമായിരിക്കും 2026. ന്യൂജന്‍ കമ്പനികളുടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അരങ്ങേറ്റങ്ങള്‍ കൂടുതലായി നടക്കുന്ന വര്‍ഷം കൂടിയായിരിക്കും പുതുവര്‍ഷം. അടുത്ത വര്‍ഷം വിപണിയിലേക്ക് എത്താനിടയുള്ള പ്രമുഖ ഐപിഒകള്‍ ഏതൊക്കെയെന്ന് നോക്കാം-
ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയായിരിക്കും റിലയന്‍സ് ജിയോയിലൂടെ സംഭവിക്കുക. 2026ന്റെ ആദ്യ പകുതിയില്‍ ലിസ്റ്റിംഗ് നടന്നേക്കും. വിപണിയില്‍ നിന്ന് 40,000-50,000 കോടിക്ക് അടുത്താകും ജിയോ സമാഹരിക്കുക.
വര്‍ഷങ്ങളുടെ പഴക്കമുണ്ട് എന്‍എസ്ഇയുടെ ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക്. 2026ല്‍ ഇത് സംഭവിക്കുമെന്നാണ് വിവരം.
ഡിസംബര്‍ 18ന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉപകമ്പനികളെ മാതൃകമ്പനിയുമായി ലയിപ്പിക്കുന്നതിന് അനുമതി നല്കിയിരുന്നു. ഇ-കൊമേഴ്‌സ് വമ്പന്മാരുടെ ഐപിഒ അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് സൂചന.
ബെംഗളൂരു ആസ്ഥാനമായ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ ഐപിഒയ്ക്കായി ഒക്ടോബറില്‍ അപേക്ഷ നല്കിയിരുന്നു. 12,000 കോടി രൂപ സമാഹരിക്കാനുള്ള ഐപിഒ അടുത്ത വര്‍ഷം നടക്കും.
സ്റ്റാര്‍ട്ടപ്പ് കമ്പനിയായി ആരംഭിച്ച് വളര്‍ന്ന ഓയോ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 6,500 കോടി രൂപയാണ്. അപേക്ഷ നിലവില്‍ സെബിയുടെ മുന്നിലാണ്. വൈകാതെ അനുമതി ലഭിക്കുമെന്നാണ് വിവരം.
ഇലക്‌ട്രോണിക് ഉത്പന്ന നിര്‍മാതാക്കളായ ഇമാജിന്‍ മാര്‍ക്കറ്റിംഗ് സര്‍വീസസിന് നേരത്തെ സെബി അനുമതി ലഭിച്ചിരുന്നു. ബോട്ട് എന്ന ബ്രാന്‍ഡില്‍ ഉത്പന്നങ്ങളിറക്കുന്ന കമ്പനി വിപണിയില്‍ നിന്ന് 1,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
റീട്ടെയ്ല്‍, എംഎസ്എംഇ മേഖലകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഹീറോ ഫിന്‍കോര്‍പ് പുതിയ ഓഹരികളിലൂടെ 2,100 കോടി രൂപയും ഓഫര്‍ സോര്‍ സെയിലൂടെ 1,568 കോടി രൂപയും സമാഹരിക്കാനാണ് നീക്കം. 2026ന്റെ തുടക്കത്തില്‍ ഐപിഒ ഉണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine