ഇന്ത്യന്‍ വിപണി ആശ്വാസ റാലിയിലാണ്. രാവിലെ മിതമായ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നേട്ടം 0.90 ശതമാനത്തിലേക്ക് ഉയര്‍ത്തി. സെന്‍സെക്‌സ് 82,956 ഉം നിഫ്റ്റി 25,652 ഉം വരെ കയറി. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ കുറച്ചുകൂടി ചെറിയ നേട്ടമാണ് ഉണ്ടാക്കിയത്. ബാങ്ക് നിഫ്റ്റിയും ചെറിയ നേട്ടത്തില്‍ ഒതുങ്ങി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുവ കാര്യത്തിലോ ഇറാന്‍ കാര്യത്തിലോ വിപണിയെ വിഷമിപ്പിക്കുന്ന ഒന്നും പറയാത്തതു നേട്ടത്തിന് അനുകൂലമായി.
തീരുവകാര്യത്തില്‍ തനിക്കു നയം മാറ്റമില്ലെന്ന് ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിലെ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. നിരക്ക് എത്രയാകുമെന്നു പറഞ്ഞില്ല. തീരുവ അടയ്ക്കുന്നതു കയറ്റുമതി രാജ്യമാണെന്നും അമേരിക്കന്‍ ജനതയ്ക്കല്ല തീരുവയുടെ ഭാരമെന്നും ട്രംപ് അവകാശപ്പെട്ടു. ഭാവിയില്‍ ആദായനികുതിക്കു പകരമാകും ഇറക്കുമതിത്തീരുവ എന്നും ട്രംപ് പറഞ്ഞു.
ഐടി മേഖലയെപ്പറ്റിയുള്ള ആശങ്ക അമേരിക്കന്‍ വിപണി ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യന്‍ വിപണിയും നീങ്ങി. ഐടി സേവന കമ്പനികള്‍ കുതിച്ചു. രാവിലെ ഐടി സൂചിക 2.85 ശതമാനം ഉയര്‍ന്നു. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, മൈന്‍ഡ് ട്രീ, കോഫോര്‍ജ്, പെര്‍സിസ്റ്റന്റ്, കെപിഐടി, എംഫസിസ് തുടങ്ങിയവ മൂന്നു ശതമാനത്തിലധികം കുതിച്ചു. പിന്നീടു നേട്ടം കുറച്ചു.
ഇന്ത്യയില്‍ നിന്നുള്ള സോളര്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 126 ശതമാനം ചുങ്കം ചുമത്തിയതിനെ തുടര്‍ന്ന് വിക്രം സോളര്‍, വാരീ എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ് തുടങ്ങിയവ 15 ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറഞ്ഞു.
ടാറ്റാ സണ്‍സ് ചെയര്‍മാനു മൂന്നാമതൊരു കാലാവധി കൂടി നല്‍കണോ എന്നതില്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം നീട്ടിയതിന്റെ പേരില്‍ ഗ്രൂപ്പ് കമ്പനി ഓഹരികള്‍ ഇന്നലെ താഴ്ന്നില്ല. ജൂണില്‍ ചേരുന്ന ബോര്‍ഡിലേക്കു തീരുമാനം നീട്ടിയിരിക്കുകയാണ്. ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ കാലാവധി അടുത്ത ഫെബ്രുവരിയിലാണ് അവസാനിക്കുക.
ഭാരം കുറയ്ക്കാനുള്ള ഔഷധത്തിന്റെ വില പേറ്റന്റ് ഉടമകളായ നോവോ നോര്‍ഡിസ്‌ക് ഗണ്യമായി കുറച്ചതിനെ തുടര്‍ന്നു ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വില മൂന്നു ശതമാനം താഴ്ന്നു. അനധികൃത പണ കൈമാറ്റം സംബന്ധിച്ചു ഡോ.റെഡ്ഡീസിനെതിരെ അമേരിക്കന്‍ എസ്ഇസി നടത്തിയ അന്വേഷണം നടപടി ആവശ്യമില്ല എന്ന നിഗമനത്തോടെ അവസാനിപ്പിച്ചു.
ഐആര്‍എഫ്‌സിയുടെ നാലു ശതമാനം ഓഹരി ഗവണ്മെന്റ് വില്‍ക്കുന്നതിനെ തുടര്‍ന്ന് ഓഹരി നാലു ശതമാനം ഇടിഞ്ഞു.
സ്‌പൈസ് ജെറ്റിന്റെ ഒന്‍പതു ശതമാനം ഓഹരി ബള്‍ക്ക് ഇടപാടില്‍ കൈമാറിയ റിപ്പോര്‍ട്ട് വന്നതിനെ ഉടര്‍ന്ന് ഓഹരിവില 10 ശതമാനം ഇടിഞ്ഞ് 12 രൂപയായി.
ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് വേദാന്ത ഓഹരിക്കു വാങ്ങല്‍ ശിപാര്‍ശ നല്‍കി. ഓഹരിയുടെ ലക്ഷ്യവില 480 രൂപയില്‍ നിന്ന് 75 ശതമാനം ഉയര്‍ത്തി 840 രൂപയാക്കി. വേദാന്തയുടെ ഉല്‍പന്നങ്ങളായ അലൂമിനിയത്തിനും വെള്ളിക്കും വില ഗണ്യമായി ഉയരും എന്ന നിഗമനത്തിലാണിത്.
നൊമൂറ, ലോയ്ഡ്സ് മെറ്റല്‍സിന് 1,600 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ ശിപാര്‍ശ നല്‍കി.
എംകേ ഗ്ലോബല്‍, സെയില്‍ ഓഹരിയുടെ ലക്ഷ്യവില 200 രൂപയായി ഉയര്‍ത്തി. ഓഹരി നാലു ശതമാനം ഉയര്‍ന്ന് 167 രൂപയില്‍ എത്തി.
ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 300 രൂപയുടെ താഴെ 299.75 രൂപയില്‍ എത്തിയിട്ട് അല്പം താഴ്ന്നു. ആറു മാസം കൊണ്ട് ഓഹരി 53 ശതമാനം ഉയര്‍ന്നു.
രൂപ ഇന്നു നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 90.94 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു 90.89 രൂപയിലേക്കു ഡോളര്‍ താഴ്ന്നു. ഡോളര്‍ സൂചിക 97.81ലാണു നില്‍ക്കുന്നത്.
സ്വർണവില മുന്നോട്ട്
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 5186 ഡോളറിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1120 രൂപ വര്‍ധിച്ച് 1,18,640 രൂപയില്‍ എത്തി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്.
എംസിഎക്‌സില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,61,072 രൂപ വരെ ഉയര്‍ന്നിട്ട് 1,60,514 രൂപയിലേക്കു താഴ്ന്നു.
വെള്ളി ലോകവിപണിയില്‍ മൂന്നു ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 89.59 ഡോളറിലേക്ക് എത്തി. എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 2,67,990 രൂപ വരെ കയറിയിട്ട് 2,65,534 രൂപയിലേക്കു താഴ്ന്നു.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബ്രെന്റ് ഇനം ബാരലിന് 71.56 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine