ഇന്ത്യൻ വിപണിയിൽ വ്യക്തിഗത നിക്ഷേപകരുടെ നേരിട്ടുള്ള ഓഹരി പങ്കാളിത്തം കുറയുന്നതായി റിപ്പോർട്ട്. ആഭ്യന്തര വിപണി കടുത്ത ചാഞ്ചാട്ടത്തിന് സാക്ഷ്യംവഹിച്ച 2026 ജനുവരി - മാർച്ച് മാസക്കാലയളവിനിടെ, എൻ.എസ്.ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ സമ്പന്ന വ്യക്തിഗത നിക്ഷേപകരുടെ (HNI) ഓഹരി വിഹിതം (ഉടമസ്ഥാവകാശം) 2.03 ശതമാനത്തിൽ നിന്നും 1.90 ശതമാനത്തിലേക്ക് താഴ്ന്നു. അതുപോലെ പ്രൈംഇൻഫോബേസ് പങ്കുവെക്കുന്ന ഡാറ്റ പ്രകാരം, റീട്ടെയിൽ വ്യക്തിഗത നിക്ഷേപകരുടെ (RII) നേരിട്ടുള്ള ഓഹരി പങ്കാളിത്തം 7.25 ശതമാനത്തിൽ നിന്നും 7.10 ശതമാനത്തിലേക്കും കുറഞ്ഞു.
ഇതോടെ ഇന്ത്യൻ വിപണിയിലെ വ്യക്തിഗത നിക്ഷേപകരുടെ നേരിട്ടുള്ള ഓഹരി പങ്കാളിത്തം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 9.1 ശതമാനത്തിലേക്ക് എത്തിച്ചേർന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (FIIs) തുടർച്ചയായി ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വിറ്റൊഴിയുന്നതിനിടെയാണ് സമ്പന്ന വ്യക്തിഗത നിക്ഷേപകരുടെയും റീട്ടെയിൽ വ്യക്തിഗത നിക്ഷേപകരുടെയും പങ്കാളിത്തം താഴുന്നത് എന്നതും ശ്രദ്ധേയം.
എൻ.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റി 14.5 ശതമാനവും സ്മോൾ ക്യാപ് ഓഹരി സൂചിക 14.4 ശതമാനം വീതവും ഇടിവ് രേഖപ്പെടുത്തിയ മാർച്ച് സാമ്പത്തിക പാദത്തിൽ, സമ്പന്ന വ്യക്തിഗത നിക്ഷേപകർ സ്വർണം, വെള്ളി, റീറ്റ്സ് (REITs -റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്) പോലെയുള്ള മറ്റ് ആസ്തികളിലേക്ക് നിക്ഷേപം മാറ്റി പോർട്ട്ഫോളിയോ പരിഷ്കരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം സാധാരണ നിക്ഷേപകർ എസ്.ഐ.പി വഴി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം തുടർന്നു.
സമ്പന്ന വ്യക്തിഗത നിക്ഷേപകർ പിന്മാറുമ്പോഴും മ്യൂച്വൽ ഫണ്ടുകളുടെ ലിസ്റ്റഡ് കമ്പനികളിലുള്ള ഓഹരി വിഹിതം എക്കാലത്തെയും ഉയർന്ന നിലവാരമായ 11.5 ശതമാനത്തിലേക്ക് എത്തിച്ചേർന്നതും ശ്രദ്ധേയം. അതുപോലെ മ്യൂച്വൽ ഫണ്ടുകളും പെൻഷൻ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും ഒക്കെ ഉൾപ്പെടുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) ഓഹരി പങ്കാളിത്തവും മാർച്ച് സാമ്പത്തിക പാദത്തിനൊടുവിൽ 18.72 ശതമാനത്തിൽ നിന്നും സർവകാല റെക്കോഡ് നിലവാരമായ 19.24 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്.
എസ്.ഐ.പി നിക്ഷേപകർ വിപണിയിലെ നല്ല സമയം (Market Timing) നോക്കാറില്ല. അത് അവരുടെ നിക്ഷേപ രീതിയുടെ പ്രത്യേകതയാണ്. അതായത്, മധ്യവർഗക്കാരായ ശമ്പളക്കാർ അച്ചടക്കമുള്ള നിക്ഷേപകരായി ഉറച്ചുനിന്നുവെന്ന് സാരം. എന്നാൽ സമ്പന്ന നിക്ഷേപകർ വളരെ 'ആക്ടീവ്' ആയ നിക്ഷേപകരാണ്. വിപണിയിലെ റിസ്ക് — റിവാർഡ് അനുപാതം അനുകൂലമല്ലെന്ന് തോന്നുമ്പോൾ മാറാൻ അവർക്ക് ഫ്ലെക്സിബിലിറ്റിയും ഉപദേശകരുടെ പിന്തുണയുണ്ടെന്നും മാർക്കറ്റ് അനലിസ്റ്റുകൾ വിശദീകരിച്ചു.
അതായത്, സമ്പന്ന നിക്ഷേപകരുടേത് ഭയന്നുള്ള ഒരു പിന്മാറ്റമല്ല, മറിച്ച് വിപണി സാഹചര്യം മുൻകൂട്ടി കണ്ടുള്ള തന്ത്രപരമായ നീക്കമായിരുന്നുവെന്ന് സാരം. മുൻകാലചരിത്രം നോക്കിയാൽ, വിപണിയിലെ തകർച്ചകളിലും നിക്ഷേപം തുടരുന്നവർക്കാണ് ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം ഉണ്ടാകാറുള്ളത്. ചുരുക്കത്തിൽ, ഇന്ത്യയിലെ ചെറുകിട റീട്ടെയിൽ നിക്ഷേപകർ എസ്.ഐ.പി വഴി കൂടുതൽ അച്ചടക്കം പാലിക്കുമ്പോൾ, സമ്പന്ന നിക്ഷേപകർ ഇച്ഛാനുസൃതവും ഊർജ്വസ്വലവുമായ തന്ത്രങ്ങൾ പയറ്റുന്നു. ഈ രണ്ട് പ്രവണതകളും കൂടിച്ചേർന്ന് ഇന്ത്യൻ ഓഹരി വിപണിയുടെ ഉടമസ്ഥാവകാശ ഘടനയെ പുനർ നിർവചിക്കുകയാണ് ഇപ്പോൾ.
Read DhanamOnline in English
Subscribe to Dhanam Magazine