Markets

ക്രൂഡ് ഓയിൽ വിലക്കയറ്റം; തിളങ്ങാവുന്ന 4 പെട്രോളിയം പര്യവേക്ഷണ ഓഹരികൾ

ഉത്പാദന ചെലവ് സ്ഥിരമായി നിൽക്കവേ, വിപണി വില കുതിച്ചുയരുമ്പോൾ ഈ കമ്പനികളുടെ ലാഭക്ഷമതയും ക്യാഷ് ഫ്ലോയും വർധിക്കുന്നു.

Dhanam News Desk

2026 ജനുവരിയുടെ തുടക്കത്തിൽ 62 ഡോളറിൽ നിന്നിരുന്ന ക്രൂഡ് ഓയിൽ ഇപ്പോൾ 115 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഈ വർഷം ഇതുവരെയായി 85 ശതമാനം വില വർധന രേഖപ്പെടുത്തി. പശ്ചിമേഷ്യൻ യുദ്ധവും ​ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രധാന വാണിജ്യ സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് അടച്ചിട്ടതുമാണ് ഈ അപ്രതീക്ഷിത ക്രൂഡ് ഓയിൽ വിലക്കയറ്റത്തിന് വഴിതെളിച്ചത്.

ഇന്ധന ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സാമ്പത്തിക വെല്ലുവിളി ഉയർത്തുന്ന കാര്യമാണെങ്കിലും, ആഭ്യന്തര എണ്ണ ഉത്പാദക, പര്യവേക്ഷണ (Upstream) കമ്പനികൾക്ക് പൊടുന്നനേ വലിയ നേട്ടം സമ്മാനിക്കുന്ന സാഹചര്യവുമാണിത്. ഉത്പാദന ചെലവ് സ്ഥിരമായി നിൽക്കവേ, വിപണി വില കുതിച്ചുയരുമ്പോൾ ഈ കമ്പനികളുടെ ലാഭക്ഷമതയും ക്യാഷ് ഫ്ലോയും വർധിക്കുന്നു.

അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണ വില കുതിച്ചുയരുമ്പോൾ കേന്ദ്ര സർക്കാർ മുൻകാലങ്ങളിൽ ചെയ്തതുപോലെ, ആഭ്യന്തര ക്രൂഡ് ഓയിൽ ഉൽപാദക കമ്പനികൾക്കുമേൽ വീണ്ടും വിൻഡ്ഫോൾ‌ ടാക്സ് ഏർപ്പെടുത്തിയാൽ, ഇവിടെ സൂചിപ്പിച്ച ലാഭക്കണക്കുകളൊക്കെ വഴിമാറിപ്പോകും. എന്നാൽ വിൻഡ്ഫോൾ ടാക്സ് ചുമത്തിയില്ലെങ്കിൽ പെട്രോളിയം പര്യവേക്ഷണ മേഖലയിൽ നേട്ടം കൊയ്യാവുന്ന നാല് ഓഹരികൾ ഏതൊക്കെയെന്ന് നോക്കാം.

1) ഒ.എൻ.ജി.സി

ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന മഹാരത്ന പദവിയുള്ള പൊതുമേഖല സ്ഥാപനമാണ് ഓയിൽ & നാച്വറൽ ​ഗ്യാസ് കോർപറേഷൻ ലിമിറ്റഡ് അഥവാ ഒ.എൻ.ജി.സി (BSE: 500312, NSE: ONGC). രാജ്യത്തിനകത്തെ ക്രൂഡ് ഓയിൽ ഉത്പ്പാദനത്തിന്റെ 71 ശതമാനവും കൈകാര്യം ചെയ്യുന്ന കമ്പനിയാണിത്. ആ​ഗോള സംഘർഷങ്ങളും വിതരണ ശൃംഖലയിലെ സമ്മർദവും കാരണം ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നപ്പോൾ ഒ.എൻ.ജിസി ഉത്പാദനം പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതേസമയം ഭാവിയിലേക്ക് വമ്പൻ വികസന പ്രവർത്തനങ്ങളാണ് ഈ പൊതുമേഖല സ്ഥാപനം ആസൂത്രണം ചെയ്തിട്ടുള്ളത്.

ആൻഡമാൻ, മഹാനദി ബേസിനുകളിലെ ഡീപ്-വാട്ടർ ഡ്രില്ലിംഗ് പദ്ധതികൾക്കായി 2,000 കോടി ഡോളറിന്റെ (ഏകദേശം 1,88,000 കോടി രൂപ) ബൃഹദ് പദ്ധതിയാണ് ഒ.എൻ.ജി.സി തയ്യാറാക്കുന്നത്. ഇതിന്റെ ആ​ഗോള ടെണ്ടർ ക്ഷണിച്ചുകഴിഞ്ഞു. 77,000 കോടി രൂപയുടെ മൂലധന ചെലവിൽ (Capex) 20-ഓളം പദ്ധതികൾ പുരോഗമിക്കുന്നു. അതുപോലെ നിലവിലെ എണ്ണപ്പാടങ്ങളിൽ നിന്നും വരും വർഷങ്ങളിൽ ഉത്പ്പാദനം ഗണ്യമായി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഓഹരി ഉടമകൾക്ക് മികച്ച ഡിവിഡന്റ് നൽകുന്നതിലും മുൻപന്തിയിലുള്ള കമ്പനിയാണിത്. നിലവിൽ 286 രൂപ നിലവാരത്തിലാണ് ഒ.എൻ.ജി.സി ഓഹരികളുടെ വ്യാപാരം നടക്കുന്നത്. 2026-ൽ ഇതുവരെയായി 20 ശതമാനം നേട്ടമാണ് ഓഹരിയിൽ കുറിച്ചിട്ടുള്ളത്.

2) ഓയിൽ ഇന്ത്യ

എണ്ണ പര്യവേക്ഷണം കൂടാതെ റിഫൈനിംഗ് രം​ഗത്തും ശക്തമായ സാന്നിധ്യമുള്ള പൊതുമേഖല സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ് (BSE: 533106, NSE: OIL). 2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും മികച്ച വളർച്ചയാണ് കമ്പനി കാഴ്ചവെച്ചത്. പൈപ്പ്‌‍ലൈൻ ശേഷി വർധിപ്പിക്കൽ, പെട്രോകെമിക്കൽ പദ്ധതികളുടെ വികസനം, ഗ്യാസ് വിതരണം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള വിവിധ പദ്ധതികൾക്കായി ഓയിൽ ഇന്ത്യ വൻ തോതിലുള്ള നിക്ഷേപം നടത്തുന്നു. അതേസമയം വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണെങ്കിലും ഓയിൽ ഇന്ത്യ ഓഹരിയുടെ പ്രകടനം ഏറെക്കുറെ സ്ഥിരതയാർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം 476 രൂപയിലായിരുന്നു ക്ലോസിങ് കുറിച്ചത്. ഈ വർഷം ഇതുവരെയായി 11 ശതമാനത്തിലേറെ നേട്ടം ഓയിൽ ഇന്ത്യ സ്വന്തമാക്കി.

3) വേദാന്ത ലിമിറ്റഡ്

രാജ്യത്ത് പ്രകൃതി വിഭവങ്ങളുടെ ഖനന, സംസ്കരണ, പര്യവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട സ്വകാര്യ കമ്പനിയാണ് വേദാന്ത ലിമിറ്റഡ് (BSE: 500295, NSE: VEDL). കമ്പനിയുടെ പ്രധാന ഉപവിഭാ​ഗങ്ങളിലൊന്നായ കെയ്‌ൻ ഓയിൽ ആൻഡ് ഗ്യാസ് ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ക്രൂഡ് ഓയിൽ ഉൽപ്പാദകരാണ്. ആഭ്യന്തര എണ്ണ ഉത്പ്പാദനത്തിന്റെ 25 ശതമാനവും സംഭാവന ചെയ്യുന്ന കമ്പനിയാണിത്. അതേസമയം വേദാന്തയുടെ അലുമിനിയം, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിങ്ങനെ പ്രധാന ബിസിനസ് വിഭാ​ഗങ്ങളെ ആറ് സ്വതന്ത്ര ലി​സ്റ്റഡ് കമ്പനികളാക്കി പുനഃസംഘടിപ്പിക്കുന്ന (Demerger) നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 686 രൂപ നിലവാരത്തിലാണ് വേദാന്ത ഓഹരികളുടെ വ്യാപാരം നടക്കുന്നത്. 2026-ൽ ഇതുവരെ 14 ശതമാനം മുന്നേറ്റമാണ് ഓഹരിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

4) എച്ച്.ഒ.ഇ.സി

ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് പര്യവേക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട സ്വകാര്യ കമ്പനിയാണ് ഹിന്ദുസ്ഥാൻ ഓയിൽ എക്‌സ്‌പ്ലോറേഷൻ കമ്പനി ലിമിറ്റഡ് അഥവാ എച്ച്.ഒ.ഇ.സി (BSE: 500186, NSE: HINDOILEXP). 1983-ലാണ് തുടക്കം. തമിഴ്നാട്, മഹാരാഷ്ട്ര, ​ഗുജറാത്ത്, അസ്സം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഓൺഷോർ, ഓഫ്ഷോർ ഡ്രില്ലിം​ഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. പി.വൈ-1, ബി-80, ബി-15 മേഖലകളിൽ 10 ഓഫ്‌ഷോർ കിണറുകളുടെ ഡ്രില്ലിംഗ് നടത്താൻ എച്ച്.ഒ.ഇ.സി ഒരുങ്ങുകയാണ്. ഏകദേശം 10 കോടി ബാരൽ എണ്ണ ശേഖരമാണ് കമ്പനി ഇവിടെ നിന്നും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം 123 രൂപയിലായിരുന്നു എച്ച്.ഒ.ഇ.സി ഓഹരിയുടെ ക്ലോസിങ് കുറിച്ചത്. ഈ വർഷം ഇതുവരെയായി 20 ശതമാനം തിരുത്തൽ ഓഹരിയിൽ കുറിച്ചു.

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് ഏതെങ്കിലും ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ നിക്ഷേപ ശുപാർശയോ അല്ല. വായനക്കാർ എന്തെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ സമീപിക്കുകയോ അല്ലെങ്കിൽ സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT