canva , Facebook/ Donald Trump
Markets

ട്രംപ് ലക്ഷ്മണരേഖ മറികടന്നോ? ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന യു.എസ് ഭീഷണി വിപണികളെ എങ്ങനെ ബാധിക്കും?

ഖാർഗ് ദ്വീപിലെ ഇറാന്റെ എണ്ണ കേന്ദ്രങ്ങളെ തകർക്കുമെന്ന യുഎസ് മുന്നറിയിപ്പ് പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി എങ്ങനെ പ്രതികരിക്കും? ക്രൂഡോയിൽ, സ്വർണം, വെള്ളി നിരക്കുകൾ എങ്ങനെയാകും?

Dhanam News Desk

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷവും ​ഗൗരവതരവുമായ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ക്രൂഡോയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാ‌ർ​ഗ് ദ്വീപിൽ സ്ഥിതിചെയ്യുന്ന സൈനിക കേന്ദ്രങ്ങളെ കഴിഞ്ഞ ദിവസം ആക്രമിച്ചതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളെ തടസ്സപ്പെടുത്തുന്ന നടപടി ഇനിയും തുടർന്നാൽ, ഖാർ​ഗ് ദ്വീപിലുള്ള ഇറാന്റെ എണ്ണ ഉത്പാദക കേന്ദ്രങ്ങളെ വൈകാതെ തന്നെ തകർക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ഖാർ​ഗ് ​ദ്വീപിലെ റീഫൈനറി ആക്രമിക്കപ്പെട്ടാൽ, ഗൾഫ് മേഖലയിൽ യു.എസിന് പങ്കാളിത്തമുള്ളതും യു.എസുമായി സഹകരിക്കുന്നതുമായ എല്ലാ എണ്ണ കമ്പനികളേയും തർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ​ഗതിമാറ്റം ഇന്ത്യൻ ഓഹരി വിപണിയേയും ക്രൂഡോയിൽ - സ്വർണം - വെള്ളി എന്നിവയുടെ വിലയേയും എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം.

ക്രൂഡോയിൽ വിപണി

പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ ​വഷളാകുന്ന സാഹചര്യമുണ്ടായാൽ, സ്വാഭാവികമായും ഇതിന്റെ ആദ്യ ആഘാതം അനുഭവപ്പെടുന്നത് ക്രൂഡോയിൽ വിപണിയിലായിരിക്കും. തിങ്കളാഴ്ച വ്യാപാരം പുനരാരംഭിക്കുന്ന വേളയിൽ ബ്രെന്റ് ക്രൂഡോയിലിന്റെ വില 100 ഡോളർ നിലവാരത്തിന് മുകളിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. സ്ഥിതിഗതികൾ വീണ്ടും മോശമായാൽ, രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ നിരക്ക് 120 - 150 ഡോളർ വരെയെത്താം. ഇത് ആഗോള വ്യാപകമായ ആഘാതമുണ്ടാക്കുമെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

നിലവിൽ യുദ്ധം ആരംഭിച്ചതിനുശേഷവും പ്രതിദിനം 11 - 15 ലക്ഷം ബാരൽ ക്രൂഡോയിൽ ഖാർ​ഗ് ദ്വീപിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. ഇറാന്റെ 90 ശതമാനം ക്രൂഡോയിൽ കയറ്റുമതിയും ഇവിടെ നിന്നാണ്. അതുപോലെ ഇറാന്റെ മുഖ്യ വരുമാന സ്രോതസ്സും ഇതു തന്നെയാണ്. അതിനാൽ ഖാർ​ഗ് ദ്വീപിലെ എണ്ണ ഉത്പാദക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഇറാനും രൂക്ഷമായി പ്രതികരിക്കാനുള്ള സാധ്യത നിലനിൽക്കുന്നത്.

ഇന്ത്യൻ വിപണി

പെട്രോളിയം കലവറയായ പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യുഎസ് സഖ്യവും തമ്മിലുള്ള യുദ്ധം വഷളാകുന്നത് ഇന്ത്യയെ സംബന്ധിച്ച് ഇരട്ട ആഘാതമാണ്. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കൂടുമ്പോൾ ഇന്ത്യയുടെ ഇറക്കുമതി ചെലവും കൂട്ടും. ഇത് പുറത്തേക്കുള്ള ഡോളർ ഒഴുക്കിന് ഇടയാകും. മറുവശത്ത് രൂപയുടെ വിനിമയ മൂല്യവും താഴും. ഇവയെല്ലാം ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന് വഴി തെളിക്കാം. രാജ്യത്തെ പണപ്പെരുപ്പം ഉയരുകയും ചെയ്യാം.

ഈയൊരു പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഇന്ത്യൻ ഓ​ഹരി വിപണി നഷ്ടം നേരിട്ട് വ്യാപാരം ആരംഭിക്കാനാണ് സാധ്യതയേറെയെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചു. പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികയായ എൻ.എസ്.ഇ നിഫ്റ്റി-50യുടെ നിർണായക സപ്പോർട്ട് നിലവാരം 22,900 ആണ്. ഇവിടം തകർന്നാൽ 21,800 നിലവാരത്തിലേക്ക് നിഫ്റ്റി പിന്തള്ളപ്പെടാമെന്നും മാർക്കറ്റ് അനലി​സ്റ്റുകൾ അഭിപ്രായം പങ്കുവെച്ചു.

സ്വർണം/വെള്ളി

സാധാരണ യുദ്ധകാലത്ത് സ്വർണത്തിന്റേയും വെള്ളിയുടേയും ഒക്കെ വില വർധിക്കാറാണ് പതിവ്. എന്നാൽ പശ്ചിമേഷ്യൻ യു​ദ്ധം രൂക്ഷമായി തുടർന്നിട്ടും സ്വർണം, വെള്ളി നിരക്കിൽ വർധനയുണ്ടാകുന്നില്ല. മറ്റ് കറൻസികൾക്കെതിരെ യു.എസ് ഡോളർ ശക്തമാകുന്നതും യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഉയരുന്നതും സ്വർണത്തിന് തിരിച്ചടിയേകുന്ന ഘടകങ്ങളാണ്. അതുപോലെ പ്രധാന വിപണിയായ യുഎഇയിൽ ഡിമാൻഡ് ഇടിഞ്ഞതും സ്വർണ്ണ വിലയെ പിടിച്ചു കെട്ടിയിരിക്കുന്നു.

ചുരുക്കത്തിൽ — പശ്ചിമേഷ്യൻ യുദ്ധം നീണ്ടുപോകുന്തോറും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മേലുള്ള സമ്മർദ്ദം ഏറുകയാണ്. നിക്ഷേപകർ എടുത്തുചാടി തീരുമാനം എടുക്കാതെ ജാഗ്രത പാലിക്കുന്നതാണ് തത്കാലം ഉചിതമെന്ന് സാരം.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT