ആഗോള ട്രാവല്‍ ടെക് യൂണികോണായ ഓയോ (OYO) ഹോട്ടല്‍ ശൃംഖലയുടെ മാതൃസ്ഥാപനമായ പ്രിസം (Prism) ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (IPO) 6,650 കോടി രൂപ സമാഹരിക്കാന്‍ കമ്പനി നല്‍കിയ അപേക്ഷയ്ക്ക് സെബി (SEBI) അംഗീകാരം നല്‍കി. സ്ഥാപകന്‍ റിതേഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ കമ്പനി ദീര്‍ഘനാളായി നടത്തിവന്ന ഐപിഒ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ വഴിതുറന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ അവസാന വാരം സെബിയുടെ പ്രത്യേക 'കോണ്‍ഫിഡന്‍ഷ്യല്‍ പ്രീ-ഫയലിംഗ്' രീതിയിലൂടെയായിരുന്നു പ്രിസം പ്രാഥമിക പത്രിക സമര്‍പ്പിച്ചത്. ഈ പൊതുവിപണി പ്രവേശനത്തിലൂടെ കമ്പനിയുടെ ആകെ മൂല്യം 700 മുതല്‍ 800 കോടി ഡോളര്‍ (ഏകദേശം 58,000 കോടി മുതല്‍ 66,000 കോടി രൂപ വരെ) എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍പ് 2021-ല്‍ 8,430 കോടി രൂപ ലക്ഷ്യമിട്ട് കമ്പനി ഐപിഒയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും ആഗോള വിപണിയിലെ അസ്ഥിരതകളെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20-ന് ചേര്‍ന്ന അസാധാരണ പൊതുയോഗത്തിലാണ് പുതിയ ഇക്വിറ്റി ഓഹരികള്‍ ഇറക്കി 6,650 കോടി രൂപ സമാഹരിക്കാന്‍ ഓഹരി ഉടമകള്‍ കമ്പനിക്ക് അനുമതി നല്‍കിയത്. കോണ്‍ഫിഡന്‍ഷ്യല്‍ റൂട്ട് വഴി സെബിയുടെ ആദ്യഘട്ട അനുമതി ലഭിച്ചതിനാല്‍ ഇനി അപ്ഡേറ്റ് ചെയ്ത ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (UDRHP-1) കമ്പനി സമര്‍പ്പിക്കും. ജൂലൈ ആദ്യവാരത്തോടെ ഈ പത്രിക പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്നാണ് വിവരം. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ 21 ദിവസത്തെ സമയം ലഭിക്കും. നിലവിലെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തി ഐപിഒയുടെ കൃത്യമായ തീയതി കമ്പനി പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യ, യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന വിപണികളില്‍ സാന്നിധ്യം ശക്തമാക്കുന്ന പ്രിസം, ഓയോ റൂമുകള്‍ക്ക് പുറമെ പ്രീമിയം ബ്രാന്‍ഡുകളായ സണ്‍ഡേ ഹോട്ടല്‍സ് (Sunday Hotels), പാലറ്റ് ഹോട്ടല്‍സ് (Palette Hotels) എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ആഭ്യന്തര ടൂറിസം മേഖലയിലെ കുതിപ്പ് മുന്നില്‍ക്കണ്ട് രാജ്യത്തെ പ്രധാന ആത്മീയ-തീര്‍ത്ഥാടന ടൂറിസം കേന്ദ്രങ്ങളിലും ശൃംഖല വിപുലമാക്കുന്നുണ്ട്.
കമ്പനിയുടെ കോര്‍പ്പറേറ്റ് ഗവേണന്‍സും ഫിനാന്‍ഷ്യല്‍ പോളിസികളും കൂടുതല്‍ ശക്തമാക്കുന്നതിനായി മുന്‍ സെബി ചെയര്‍മാന്‍ അജയ് ത്യാഗിയെ ഈ വര്‍ഷം ഫെബ്രുവരിയില്‍ കമ്പനി സ്വതന്ത്ര ഡയറക്ടറായി ബോര്‍ഡില്‍ നിയമിച്ചിരുന്നു. 2012-ല്‍ റിതേഷ് അഗര്‍വാള്‍ സ്ഥാപിച്ച ഓയോയുടെ ഏറ്റവും വലിയ ഓഹരിപങ്കാളികളിലൊന്ന് ജാപ്പനീസ് നിക്ഷേപ സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ആണ്.
ആക്‌സിസ് കാപ്പിറ്റല്‍, സിറ്റിബാങ്ക്, ഗോള്‍ഡ്മാന്‍ സാക്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
Read DhanamOnline in English
Subscribe to Dhanam Magazine