വ്യാവസായിക, നിക്ഷേപക പ്രാധാന്യം ഒരേപോലെ ആവശ്യകത സൃഷ്ടിച്ചതിനാൽ സമീപകാലത്തായി വെള്ളിയുടെ (Silver) വിപണി വിലയിൽ വൻ മുന്നേറ്റമാണ് പ്രകടമാകുന്നത്. 2025 കലണ്ടർ വർഷത്തെ പ്രകടനം നോക്കിയാൽ ആഗോള കമ്മോഡിറ്റി വിപണികളിൽ വെള്ളി വിലയിൽ 140 മുതൽ 160 ശതമാനം വരെ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. സമാന കാലയളവിൽ സ്വർണ (Gold) വിലയിൽ 65 ശതമാനം നേട്ടം മാത്രമേ കുറിച്ചിട്ടുള്ളു എന്നതും ശ്രദ്ധേയം. 2026-ന്റെ തുടക്കത്തിലും രജതശോഭയ്ക്ക് മങ്ങലേറ്റിട്ടില്ല. കമ്മോഡിറ്റി വിപണിയിൽ പുതു വർഷത്തിലും കുതിപ്പ് തുടരുന്ന വെള്ളിയുടെ വില ഔൺസിന് 90 ഡോളർ നിലവാരത്തിലേക്ക് മുന്നേറിക്കഴിഞ്ഞു.
എന്നാൽ വെള്ളിയിൽ നിക്ഷേപിച്ചിട്ടുള്ളവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എക്കാലത്തേയും മികച്ച പേഴ്സണൽ ഫിനാൻസ് ബുക്കുകളിലൊന്നായി കരുതപ്പെടുന്ന 'റിച്ച് ഡാഡ് പുവർ ഡാഡിന്റെ' (Rich Dad Poor Dad) രചയിതാവും പ്രമുഖ ഫിൻഫ്ലുവൻസറുമായ റോബർട്ട് കിയോസാക്കി രംഗത്തെത്തി. വെള്ളി വിലയിൽ അടുത്തഘട്ടം മുന്നേറ്റം ഉണ്ടാകുന്നതിന് മുൻപ് ശക്തമായൊരു തിരുത്തലിന് സാധ്യതയുണ്ടെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ മുന്നറിയിപ്പ് പങ്കുവെച്ചത്. സമീപകാലത്ത് വെള്ളിയിലുണ്ടായ മുന്നേറ്റം കാരണം, ഊഹക്കച്ചവടക്കാർ മുതലെടുപ്പിന് ശ്രമിക്കാമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ വിപണി വിലയിൽ താത്കാലികമായ ഇടിവുണ്ടാകാം എന്നുമാണ് റോബർട്ട് കിയോസാക്കി പറഞ്ഞുവെക്കുന്നത്.
അതേസമയം വെള്ളിയുടെ ദീർഘകാല സാധ്യതയിൽ സംശയമില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഔൺസിന് ഒരു ഡോളർ ഉണ്ടായിരുന്ന 1965-ൽ വെള്ളി വാങ്ങാൻ ഭാഗ്യം ലഭിച്ചിട്ടുള്ള തനിക്ക് 1990-ൽ വെള്ളിയുടെ നിരക്ക് ഔൺസിന് 5 ഡോളർ നിലവാരം കവിഞ്ഞതു മുതൽ ദീർഘകാല നിക്ഷേപ സാധ്യതയെ കുറിച്ച് ശുഭാപ്തി വിശ്വാസമാണുള്ളതെന്നും കിയോസാക്കി കൂട്ടിച്ചേർത്തു. വെള്ളിയുടെ വില ഇനി ഇടിയുന്ന പക്ഷം കൂടുതൽ വാങ്ങാനാണ് പദ്ധതിയെന്നും ഇതിനിടയിലുള്ള കാലയളവിൽ സ്വർണത്തിൽ വ്യാപാരം നടത്താനാണ് താത്പര്യമെന്നും റോബർട്ട് കിയോസാക്കി സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine