Markets

നിക്ഷേപക മൂല്യത്തില്‍ ₹19 ലക്ഷം കോടി അപ്രത്യക്ഷം! ഇന്‍ഫോസിസിനും ടിസിഎസിനും വന്‍വീഴ്ച്ച; പാതിയായി ഓഹരിവില, ഭാവി ഇരുട്ടിലോ?

യു.എസിലെ ഉയര്‍ന്ന പണപ്പെരുപ്പവും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കര്‍ശനമായ നിലപാടുകളും ബിസിനസ് ചെലവുകള്‍ ചുരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്നു.

Dhanam News Desk

നിര്‍മിത ബുദ്ധിയുടെ വരവ് (എഐ) ഇന്ത്യന്‍ ഐടി കമ്പനികളുടെ അടിവേര് ഇളക്കുമോ? വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖം പകരുന്നതല്ല. ഇന്ത്യന്‍ ഐടി ഓഹരികള്‍ കഴിഞ്ഞ കുറച്ചു നാളുകളായി വലിയ ഇടിവിലാണ്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങി പ്രധാനപ്പെട്ട ഐടി കമ്പനികളുടെ ഓഹരിവില 50 ശതമാനമോ അതിനടുത്തോ ഇടിഞ്ഞ അവസ്ഥയിലാണ്.

പ്രധാനപ്പെട്ട 10 ഇന്ത്യന്‍ ഐടി കമ്പനികളുടെ വിപണി മൂലധനത്തില്‍ 19 ലക്ഷം കോടി രൂപയിലധികമാണ് ചോര്‍ന്നു പോയത്. ടിസിഎസും ഇന്‍ഫോസിസും 2020നു ശേഷമുള്ള താഴ്ന്ന നിലയിലാണ്. വിപണിയുടെ എഐ പേടിയില്‍ കൂടുതല്‍ ക്ഷതമേല്‌ക്കേണ്ടി വന്നത് ടിസിഎസിനാണ്.

വമ്പന്മാര്‍ക്കെല്ലാം പ്രതിസന്ധി

2024 ഓഗസ്റ്റ് 30ന് സര്‍വകാല റെക്കോഡായ 4,592.25 രൂപയിലെത്തിയ ടിസിഎസ് ഓഹരിവില ഇപ്പോള്‍ 56 ശതമാനമാണ് ഇടിഞ്ഞത്. നിലവില്‍ 2000 രൂപയ്ക്ക് താഴെയാണ് ഓഹരിവില (ജൂലൈ 01 ഉച്ചയ്ക്ക്). വിപണി മൂല്യം 16,47,586 കോടിയില്‍ നിന്ന് 7,20,108 കോടിയിലേക്ക് വീണു. നിക്ഷേപകരുടെ സമ്പത്തില്‍ 9 ലക്ഷം കോടിക്ക് മുകളിലാണ് അപ്രത്യക്ഷമായത്.

മറ്റൊരു മുന്‍നിര ഐടി കമ്പനിയായ വിപ്രോയും സമാന അവസ്ഥയിലാണ്. 2021 ഒക്ടോബര്‍ 14ലെ 369.93 എന്ന സര്‍വകാല ഓഹരിവിലയില്‍ നിന്ന് 170 രൂപയിലേക്കാണ് കൂപ്പുകുത്തിയത്.

ഇന്‍ഫോസിസിനും എഐ ബൂമില്‍ തിരിച്ചടിയുടെ സമയമാണിത്. 50 ശതമാനത്തിനടുത്താണ് ഓഹരിവില ഇടിഞ്ഞത്. 2024 ഡിസംബര്‍ 13ന് 2,006.45 രൂപയായിരുന്നു സര്‍വകാല ഓഹരിവില. അവിടെ നിന്ന് ഇപ്പോള്‍ 987 രൂപയിലേക്ക് കൂപ്പുകുത്തി. വിപണി മൂല്യം 8,30,324.82 കോടിയില്‍ നിന്ന് 4,00,463 കോടിയിലേക്ക് വീണു.

എച്ച്‌സിഎല്‍ ടെക് 2025 ജനുവരിയില്‍ നിന്ന് 47 ശതമാനത്തിനു മുകളില്‍ താഴേക്ക് പോയപ്പോള്‍ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് 36 ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്രയുടെ വീഴ്ച്ച 25 ശതമാനത്തിന് മുകളിലാണ്.

അമേരിക്കയിലുണ്ടായ മാക്രോ ഇക്കണോമിക് പ്രതിസന്ധികളും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (GenAI) ഉയര്‍ത്തുന്ന ഭീഷണിയുമാണ് ഐടി ഓഹരികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. പ്രമുഖ ആഗോള ഐടി കമ്പനിയായ ആക്‌സെഞ്ചറിന്റെ ദുര്‍ബലമായ വരുമാന വളര്‍ച്ചയും കുറഞ്ഞ ബിസിനസ് ബുക്കിംഗും ഇന്ത്യന്‍ ഐടി മേഖലയുടെ ആശങ്കകള്‍ ഇരട്ടിയാക്കുന്നു.

ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രധാന വരുമാന സ്രോതസ് വടക്കേ അമേരിക്കന്‍ കമ്പനികളുടെ ഐടി ചെലവഴിക്കലുകളാണ്. എന്നാല്‍ യു.എസിലെ ഉയര്‍ന്ന പണപ്പെരുപ്പവും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കര്‍ശനമായ നിലപാടുകളും ബിസിനസ് ചെലവുകള്‍ ചുരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്നു. വരും മാസങ്ങളില്‍ യുഎസ് ഫെഡ് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. ഇത് കമ്പനികളുടെ ബജറ്റ് വെട്ടിക്കുറയ്ക്കലിലേക്ക് നയിച്ചേക്കും.

ജനറേറ്റീവ് എ.ഐ എന്ന വില്ലന്‍

പരമ്പരാഗത ഐടി ബിസിനസ് മോഡലുകളുടെ അടിത്തറ ഇളക്കുന്ന രീതിയിലാണ് ജനറേറ്റീവ് എ.ഐയുടെ വളര്‍ച്ച. കോഡിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ബാക്ക്-ഓഫീസ് ജോലികള്‍ എന്നിവ എ.ഐ വേഗത്തില്‍ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ഐടി മോഡലിന് ഭീഷണിയാണ്.

വരുന്ന 12-24 മാസങ്ങളില്‍ വരുമാന വളര്‍ച്ച മന്ദഗതിയിലാകാനും മാര്‍ജിനുകള്‍ കുറയാനും സാധ്യതയുണ്ടെന്ന് ഇക്വിറസ് വെല്‍ത്തിലെ എംഡിയായ അങ്കുര്‍ പുഞ്ച് വ്യക്തമാക്കുന്നത്. എന്തായാലും മുന്‍കാലങ്ങളില്‍ നിക്ഷേപകര്‍ക്ക് വലിയ നേട്ടം സമ്മാനിച്ച ഐടി ഓഹരികള്‍ ഇപ്പോള്‍ മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

Indian IT stocks, including TCS, Infosys, and Wipro, have lost significant market value amid AI disruption fears and weakening global technology spending

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT