Markets

'ഇളയ ദളപതി'യുടെ സ്വത്ത് ₹624 കോടി, ഓഹരി നിക്ഷേപം വെറും 0.04% മാത്രം. മ്യൂച്വല്‍ ഫണ്ട് ഇല്ലേയില്ല; വിജയ്ക്ക് താല്‍പര്യം പരമ്പരാഗത നിക്ഷേപ രീതി

പൊതുവേ റിസ്‌ക് കുറഞ്ഞ ബാങ്ക് നിക്ഷേപത്തോടാണ് വിജയ്ക്ക് താല്പര്യം കൂടുതല്‍. വെറും 19.37 ലക്ഷം രൂപയുടെ ഓഹരികളെ താരത്തിന്റെ കൈവശമുള്ളൂ

Dhanam News Desk

തമിഴ്‌നാട്ടില്‍ പരമ്പരാഗത രാഷ്ട്രീയ ചിന്തകളെ അപ്രസക്തമാക്കിയാണ് രണ്ടു വര്‍ഷത്തില്‍ താഴെ മാത്രം പ്രായമായ തമിഴക വെട്രി കഴകം (Tamilaga Vettri Kazhagam (TVK) വെന്നിക്കൊടി പാറിച്ചത്. നിയമസഭയിലേക്കുള്ള ആദ്യ അങ്കത്തില്‍ തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ പാര്‍ട്ടി സ്ഥാപകനും ചലച്ചിത്ര താരവുമായ വിജയ് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

സിനിമയില്‍ നിന്ന് കോടികള്‍ സമ്പാദിച്ച വിജയ് മാര്‍ച്ച് 30ന് സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്നത് 624 കോടിയുടെ ആസ്തിയുണ്ടെന്നാണ്. ഇതില്‍ 404 കോടി രൂപ ബാങ്ക്, ഓഹരി വിപണിയിലെ നിക്ഷേപം എന്നിവയിലൂടെയാണ്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ സാലിഗ്രാമം ബ്രാഞ്ചിലാണ് വിജയ് 213.36 കോടി രൂപ സേവിംഗ് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. മൊത്തം ആസ്തിയുടെ മൂന്നിലൊന്നും ഈയൊരു ഒറ്റ സേവിംഗ്‌സ് അക്കൗണ്ടിലാണ്.

നാല് ബാങ്കുകളിലായി ഫിക്‌സഡ് ഡിപ്പോസിറ്റായി 100 കോടി രൂപയും വിജയ് നിക്ഷേപിച്ചിട്ടുണ്ട്. ഇന്ദിര നഗറിലെ ആക്‌സിസ് ബാങ്കില്‍ 40 കോടി രൂപ, കോടമ്പാക്കം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 25 കോടി രൂപ, ബെസന്ത് നഗര്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ 20 കോടി രൂപ, ശാസ്ത്രി നഗര്‍ ബ്രാഞ്ചില്‍ 15 കോടി രൂപ എന്നിങ്ങനെയാണ് താരത്തിന്റെ നിക്ഷേപത്തിലേറെയും.

ഓഹരിവിപണിയോട് പഥ്യമില്ല

പൊതുവേ റിസ്‌ക് കുറഞ്ഞ ബാങ്ക് നിക്ഷേപത്തോടാണ് വിജയ്ക്ക് താല്പര്യം കൂടുതല്‍. വെറും 19.37 ലക്ഷം രൂപയുടെ ഓഹരികളെ താരത്തിന്റെ കൈവശമുള്ളൂ. ആകെ ആസ്തികളുടെ വെറും 0.04 ശതമാനം മാത്രം. ഇതില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) മാത്രമാണ്. ഐഒബിയുടെ 9,600 രൂപയുടെ ഓഹരികളാണ് താരത്തിന്റെ കൈവശമുള്ളത്.

ജയ നഗര്‍ പ്രോപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ താരത്തിന് 19.03 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട്. തമിഴ്‌നാട് ആസ്ഥാനമായ സണ്‍ പേപ്പര്‍ മില്‍സ് ലിമിറ്റഡ് എന്ന അണ്‍ലിസ്റ്റഡ് കമ്പനിയുടെ 25,000 രൂപയുടെ ഓഹരികളും വിജയ് കൈവശം വയ്ക്കുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 220 കോടി രൂപയുടെ നിക്ഷേപമാണ് താരത്തിനുള്ളത്. 115 കോടി രൂപ മൂല്യമുള്ള 10 പ്രോപ്പര്‍ട്ടികള്‍ താരത്തിന് സ്വന്തമായുണ്ട്.

Actor Vijay favors traditional investments like bank deposits and real estate, with minimal exposure to stocks and mutual funds

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT