എഐ കമ്പനികളുടെ ഭീമമായ കടബാധ്യത വിപണികളെ വീണ്ടും ഉലയ്ക്കുന്നു. ഇന്നലെ യുഎസ് നാസ്ഡാക് രണ്ടു ശതമാനം ഇടിഞ്ഞതിനു പിന്നലെ ഇന്നു കൊറിയന്, ജാപ്പനീസ് വിപണികള് വലിയ തകര്ച്ചയിലായി. ചൈനീസ് വിപണിയും ഇടിഞ്ഞു. ക്രൂഡ് ഓയില് വില 104 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നലെ താഴ്ന്ന സ്വര്ണവില ഇന്നു രാവിലെ വീണ്ടും കയറി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില് ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 22,545.00ല് ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,525നും 22,642നും ഇടയില് ചാഞ്ചാടി. ഇന്ത്യന് വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
സെപ്റ്റംബറിലെ ഇന്ത്യയുടെ മൊത്തവില സൂചിക 11.39 ശതമാനം ഉയര്ന്നു. ഓഗസ്റ്റില് 9.92 ശതമാനം ആയിരുന്നു. ഇന്ധന, വൈദ്യുത വിലക്കയറ്റം 25.9 ശതമാനമായി. ഫാക്ടറി ഉല്പന്നങ്ങളുടെ വിലക്കയറ്റം 8.4ല് നിന്ന് 9.8 ശതമാനമായി. ഭക്ഷ്യ വിലക്കയറ്റം 8.7 ശതമാനമാണ്.
സെപ്റ്റംബറിലെ കയറ്റുമതി-ഇറക്കുമതി കണക്കുകള് ഇന്നു പ്രസിദ്ധീകരിക്കും.
സെപ്റ്റംബറിലെ യുഎസ് ചില്ലറ വിലക്കയറ്റം 3.7 ശതമാനമായി. ഓഗസ്റ്റില് 3.4 ശതമാനമായിരുന്നു. ഇന്ധനവിലയാണു കൂടുതല് വര്ധിച്ചത്. വിലക്കയറ്റം കൂടിയത് ഈ മാസാവസാനം ഫെഡറല് റിസര്വ് നിരക്കു കൂട്ടാന് വഴിതെളിക്കും എന്ന ധാരണ ആദ്യം ഉണ്ടാക്കിയിരുന്നു. പിന്നീട് അതിനു സാധ്യത കുറവാണെന്നും ഡിസംബറിലേ നിരക്കു കൂട്ടൂ എന്നുമുള്ള ചിന്ത പടര്ന്നു. ഈ മാസം നിരക്കു മാറ്റാതിരിക്കാന് 60 ശതമാനവും ഡിസംബറില് കൂട്ടാന് 57 ശതമാവും സാധ്യതയാണ് വിപണി ഇപ്പോള് കാണുന്നത്. സ്വര്ണവില ആദ്യം രണ്ടു ശതമാനത്തോളം താഴ്ന്നിട്ടു തിരിച്ചു കയറിയത് ഈ സാഹചര്യത്തിലാണ്.
ഇന്ന് അമേരിക്കയിലെ മൊത്തവിലക്കയറ്റ (പ്രൊഡ്യൂസര് പ്രൈസ്) കണക്കു പുറത്തുവിടും. പ്രതിവാര തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷയുടെയും ചില്ലറ വ്യാപാരത്തിന്റെയും കണക്കുകളും ഇന്നു പുറത്തു വരും. ഇവയും വിപണികളെ സ്വാധീനിക്കും.
ചില്ലറവിലക്കയറ്റത്തിലെ കുതിപ്പും എഐ ഓഹരികളുടെ കിതപ്പും ഇന്നലെ യുഎസ് വിപണികളെ താഴ്ത്തി. ടെക്നോളജി കമ്പനികളുടെ വര്ധിച്ചു വരുന്ന കടം ആശങ്ക കൂട്ടി. കോര് വീവ് 15 ഉം ഓറക്കിള് ഒന്പതും ശതമാനം ഇടിഞ്ഞു. മൂന്നാം പാദ വരുമാനം പ്രതീക്ഷയിലും കുറവായതു ബാങ്ക് ഓഫ് അമേരിക്കയെ അഞ്ചു ശതമാനം താഴ്ത്തി.
ബുധനാഴ്ച ഡൗ ജോണ്സ് സൂചിക 48.62 പോയിന്റ് (0.09 ശതമാനം) താഴ്ന്ന് 51,621.48ല് ക്ലോസ് ചെയ്തു. എസ്ആന്ഡ്പി 86.51 പോയിന്റ് (1.11%) നഷ്ടത്തോടെ 7718.9.4ല് അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 511.51 പോയിന്റ് (1.88%) ഇടിഞ്ഞ് 26,692.87ല് ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ ജോണ്സ് 21 പോയിന്റ് (0.04%) കയറി. എസ്ആന്ഡ്പി 28 പോയിന്റും (0.36%) നാസ്ഡാക് 300 പോയിന്റും (1.00%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോര്ക്കിലെ എഡിആര് (അമേരിക്കന് ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില് എച്ച്ഡിഎഫ്സി ബാങ്ക് ബുധനാഴ്ച വ്യാപാരസമയത്ത് 0.57 ശതമാനം താഴ്ന്നിട്ടു തുടര് വ്യാപാരത്തില് 0.31% കുറഞ്ഞ് 22.56 ഡോളറില് ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.95%വും തുടര് വ്യാപാരത്തില് 0.96%വും ഇടിഞ്ഞ് 28.00 ഡോളറില് അവസാനിച്ചു. ഇന്ഫോസിസ് നിശ്ചിതസമയത്ത് 0.70% കയറിയ ശേഷം തുടര് വ്യാപാരത്തില് 0.44% താഴ്ന്ന് 11.43 ഡോളറില് ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് മാറ്റമില്ലാതെ തുടര് വ്യാപാരത്തില് 0.56 ശതമാനം താഴ്ന്ന് 1.79 ഡോളറില് അവസാനിച്ചു.
യൂറോപ്യന് ഓഹരിവിപണികള് ബുധനാഴ്ച ഉയര്ന്നു. ഫാര്മ കമ്പനികള് നേട്ടം ഉണ്ടാക്കിയപ്പോള് വാഹന കമ്പനികള് താഴ്ന്നു.
പ്രധാന ഏഷ്യന് വിപണികള് ഇന്നും താഴ്ചയിലാണ്. എഐ, ചിപ്പ് കമ്പനികളുടെ വീഴ്ചയില് ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക രാവിലെ ഏഴു ശതമാനം ഇടിഞ്ഞു. നാലു ദിവസം കൊണ്ടു വിപണി 19 ശതമാനം താഴ്ന്നു. ചിപ്പ് നിര്മാതാക്കളായ എസ്കെ ഹൈനിക്സ് പത്തും സാംസംഗ് എട്ടും ശതമാനം നഷ്ടത്തിലാണ്. രണ്ട് ഓഹരികളും ഈയാഴ്ച 20 ശതമാനത്തിലധികം താഴ്ന്നു. ജപ്പാനിലെ നിക്കൈ സൂചിക അഞ്ചു ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയന് സൂചിക 0.10 ശതമാനം നഷ്ടത്തിലായി. ഹോങ് കോങ്ങിലെ ഹാങ് സെങ് 1.10 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 1.40 ശതമാനം താഴ്ചയിലാണ്. തായ്വാന് വിപണി മൂന്നു ശതമാനം വീണു.
നികുതിയിളവു പ്രതീക്ഷയില് ചൊവ്വാഴ്ച കുതിച്ച ഇന്ത്യന് വിപണി ഇന്നലെ ഇടിവിലായി. രൂപയെ പിടിച്ചു നിര്ത്താന് ഇനിയും വേണ്ടതെല്ലാം ചെയ്യുമെന്ന റിസര്വ് ബാങ്ക് ഗവര്ണറുടെ പ്രസ്താവന വിപണിയെ സഹായിച്ചില്ല. പണലഭ്യത കുറയക്കുന്ന നടപടികള് ഉണ്ടാകും എന്നാണ് ആശങ്ക. ക്രൂഡ് ഓയില് ഉയര്ന്നു പോകുന്നതും നിഗമനങ്ങള് മറി കടന്ന് മൊത്തവിലക്കയറ്റം 11.39 ശതമാനമായതും വിപണിയെ താഴ്ത്തുന്ന ഘടകങ്ങളായി.
ബുധനാഴ്ച വിശാലവിപണിയില് ഭൂരിപക്ഷം ഓഹരികള് ഉയര്ന്നു. ബിഎസ്ഇയില് 2520 ഓഹരികള് കയറി, 1865 ഓഹരികള് നഷ്ടത്തിലായി. എന്എസ്ഇയില് 2012 ഓഹരികള് കയറിയപ്പോള് 1529 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകരുടെ വില്പന തുടര്ന്നു. അവര് ക്യാഷ് വിപണിയില് 1857.44 കോടി രൂപയുടെ അറ്റവില്പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2670.44 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
ബുധനാഴ്ച സെന്സെക്സ് 251.89 പോയിന്റ് (0.34%) താഴ്ന്ന് 72,781.89ല് ക്ലോസ് ചെയ്തു. നിഫ്റ്റി 99.25 പോയിന്റ് (0.44%) നഷ്ടത്തോടെ 22,622.70ല് അവസാനിച്ചു. ബാങ്ക് നിഫ്റ്റി 166.05 പോയിന്റ് (0.30%) താഴ്ന്ന് 55,316.00ല് ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 50.10 പോയിന്റ് (0.08%) കുറഞ്ഞ് 59,409.10ല് അവസാനിച്ചു. സ്മോള് ക്യാപ് 100 സൂചിക 62.60 പോയിന്റ് (0.32%) ഇടിവോടെ 19,384.80ല് ക്ലോസ് ചെയ്തു.
ഓഗസ്റ്റ് ആദ്യം നടപ്പാക്കിയ ക്ലോസിംഗ് ഓക്ഷന് സെഷന് (കാസ്) സംബന്ധിച്ചു സെബി ഇന്നു വിപണി ഉപദേശക സമിതിയുമായി ചര്ച്ച നടത്തും. നിലവിലുണ്ടായിരുന്ന രീതി തുടരണം എന്നാണു വിപണി പ്രതിനിധികളുടെ നിലപാട്. സെബി എത്ര വിട്ടു വീഴ്ചയ്ക്കു തയാറാകും എന്നു വ്യക്തമല്ല. വിദേശ ഫണ്ടുകളാണു പുതിയ രീതിക്കായി സമ്മര്ദം ചെലുത്തുന്നത്.
ചെറുകിട-ഇടത്തരം സംരംഭകര്ക്ക് ഐപിഒ നടത്താനുള്ള എസ്എംഇ പ്ലാറ്റ്ഫോം പരിഷ്കരിക്കുന്നതിനും സെബി ചില നിര്ദേശങ്ങള് അവതരിപ്പിച്ചിട്ടുണ്ട്.
ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരി കനേഡിയന് നിക്ഷേപകന് പ്രേം വത്സയുടെ ഫെയര്ഫാക്സ് ഫിനാന്ഷ്യലിനു വില്ക്കും. കേന്ദ്ര ഗവണ്മെന്റും എല്ഐസിയും ചേര്ന്നാണ് ഇതു നല്കുക. ഗവണ്മെന്റും എല്ഐസിയും കൂടി 34 ശതമാനം ഓഹരി തുടര്ന്നും നിലനിര്ത്തും. ഓഹരി ഒന്നിന് 81 രൂപ വച്ചാണു കൈമാറ്റം.
തൃശൂര് ആസ്ഥാനമായ സിഎസ്ബി ബാങ്കില് 40 ശതമാനം ഓഹരി ഫെയര്ഫാക്സിനുണ്ട്. രണ്ടു വര്ഷത്തിനകം സിഎസ്ബിയെ ഐഡിബിഐയില് ലയിപ്പിക്കുകയോ സിഎസ്ബിയിലെ പങ്കാളിത്തം വില്ക്കുകയോ ചെയ്യണം.
ഐഐഎഫ്എല് ഗ്രൂപ്പിലെ രണ്ടു ധനകാര്യ കമ്പനികളിലും ഫെയര് ഫാക്സിനു ഗണ്യമായ പങ്കാളിത്തം ഉണ്ട്.
ഐഡിബിഐ വില്പന വഴി ഗവണ്മെന്റിന് 26,500 കോടി രൂപ ലഭിക്കും. എല്ഐസിക്ക് 26,300 കോടിയാണു കിട്ടുക. ഇതോടെ ഗവണ്മെന്റിന് ഈ വര്ഷം ഓഹരിവിറ്റു കിട്ടുന്ന തുക 90,000 കോടി രൂപയാകും. 80,000 കോടി രൂപയാണു ബജറ്റില് ലക്ഷ്യമിട്ടിരുന്നത്.
ഐഡിബിഐ ബാങ്ക് ഓഫാരി ഇന്നലെ 8.33 ശതമാനം കയറി 89.85 രൂപയില് എത്തി. സിഎസ്ബി ബാങ്ക് ഓഹരി 5.49 ശതമാനം ഉയര്ന്നു.
റിലയന്സ് ഗ്രൂപ്പിലെ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ 21 ന് ആരംഭിക്കും. 30,000 കോടിയില് പരം രൂപ സമാഹരിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആകും ഇത്. നിലവിലെ വലിയ ആഗോള നിക്ഷേപകര് ഓഹരി വില്ക്കുന്നില്ല. ഐപിഒ തുക കടം കുറയ്ക്കാനാണ് ഉപയോഗിക്കുക. റിലയന്സ് ഓഹരിക്ക് ഈ ഐപിഒ വഴി 45 ശതമാനത്തിലധികം കയറ്റം ഉണ്ടാകുമെന്ന് ചില ബ്രോക്കറജുകള് ചൂണ്ടിക്കാട്ടുന്നു.
എച്ച്ഡിബി ഫിനാന്ഷ്യല് മൂന്നാം പാദത്തില് പലിശ വരുമാനം 15.5 ശതമാനം വര്ധിപ്പിച്ചു. അറ്റാദായം 34 ശതമാനം കുതിച്ചു.
ടാറ്റാ ടെക്നോളജീസിന് മൂന്നാം പാദത്തില് വരുമാനം 22 ശതമാനം കുതിച്ചപ്പോള് അറ്റാദായം അഞ്ചു ശതമാനം കുറഞ്ഞു.
ബജാജ് കണ്സ്യൂമര് കെയര് മൂന്നാം പാദ വരുമാനം 25.7 ശതമാനം കൂടിയപ്പോള് അറ്റാദായം 67.1 ശതമാനം വര്ധിപ്പിച്ചു. ലാഭമാര്ജിന് 18.1 ല് നിന്ന് 24.7 ശതമാനമായി ഉയര്ന്നു.
എംആര്പിഎലിന് മൂന്നാം പാദ വരുമാനം 37.1 ശതമാനം കൂടിയപ്പോള് അറ്റാദായം മൂന്നു മടങ്ങായി. 639 കോടിയുടെ സ്ഥാനത്ത് 1881 കോടി രൂപയായി അറ്റാദായം.
യുഎസ് ചില്ലറ വിലക്കയറ്റം കൂടിയപ്പോള് ഈ മാസം വീണ്ടും ഫെഡ് പലിശ കൂട്ടും എന്ന ആശങ്ക സ്വര്ണവിലയെ താഴ്ത്തി. പിന്നീട് ആശങ്ക മാറി. ഡിസംബറിലേ ഫെഡ് നിരക്കു കൂട്ടൂ എന്ന ധാരണ പരന്നു. ഇന്നലെ ഒന്നര ശതമാനത്തോളം താഴ്ന്ന സ്വര്ണം ഇന്നു രാവിലെ ഗണ്യമായി തിരിച്ചു കയറി.
സ്വര്ണം ബുധനാഴ്ച 55.60 ഡോളര് (1.34%) നഷ്ടത്തോടെ ഔണ്സിന് 4106.50 ഡോളറില് ക്ലോസ് ചെയ്തു. നേരത്തേ 4072 ഡോളര് വരെ താഴ്ന്നതാണ്. ഇന്നു രാവിലെ ഒരു ശതമാനം ഉയര്ന്ന വില 4150 ഡോളറില് എത്തിയിട്ടു ചാഞ്ചാടുകയാണ്.
കേരളത്തില് 22 കാരറ്റ് സ്വര്ണം പവന് ബുധനാഴ്ച 760 രൂപ കുറഞ്ഞ് 1,08,720 രൂപയായി.
വെള്ളിയാഴ്ച വെള്ളിവില ആറു ശതമാനത്തോളം ഇടിഞ്ഞ് ഔണ്സിന് 55.76 ഡോളറില് ക്ലോസ് ചെയ്തു. ഇന്നു രാവിലെ 56.20 ഡോളറിലേക്കു കയറി.
പ്ലാറ്റിനം 1605 ഡോളര്, പല്ലാഡിയം 1086 ഡോളര്, റോഡിയം 8850 ഡോളര് എന്നിങ്ങനെ നില്ക്കുന്നു.
രാജ്യാന്തര വിപണിയില് റബര് വില കുറഞ്ഞു. കേരളത്തില് ഷീറ്റ് ക്ഷാമം മൂലം വില കയറ്റം തുടര്ന്നു. ബാങ്കോക്കില് ആര്എസ്എസ് ഒന്ന് ക്വിന്റലിന് 295.80 ഡോളറും ആര്എസ്എസ് മൂന്ന് 292.30 ഡോളറും ആയി. കേരളത്തില് ബുധനാഴ്ച ആര്എസ്എസ് നാല് ഇനം ക്വിന്റലിന് 28,600 രൂപയിലേക്കു കയറി.
പ്രധാനവ്യാവസായിക ലോഹങ്ങള് ഇന്നലെ ഭിന്നദിശകളിലായി. ചെമ്പ് 0.06 ശതമാനം കയറി ടണ്ണിന് 14,750.35 ഡോളര് ആയി. അലൂമിനിയം 1.91 ശതമാനം ഇടിഞ്ഞ് 2979.80 ഡോളറില് എത്തി. നിക്കലും നി ലെഡും ടിന്നും ഉയര്ന്നു. സിങ്ക് താഴ്ന്നു.
കൊക്കോ വില താഴ്ന്നു ടണ്ണിന് 5728 ഡോളറില് ക്ലോസ് ചെയ്തു.
അറബിക്ക കാപ്പി പൗണ്ടിന് 1.38 ശതമാനം ഉയര്ന്നു 2.9675 ഡോളര് ആയി.
പാം ഓയില് 0.38 ശതമാനം കയറി ടണ്ണിന് 4700 മലേഷ്യന് റിംഗിറ്റ് ആയി.
യുഎസ് ഡോളര് സൂചിക ബുധനാഴ്ച വലിയ ചാഞ്ചാട്ടത്തിലായി. 103 നു സമീപം വരെ കയറിയ സൂചിക പിന്നീട് 102.55 ല് ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.13 ലേക്ക് ഇടിഞ്ഞു.
യൂറോ ഇന്നലെ 1.1149 ഡോളറിലേക്കു താഴ്ന്ന ശേഷം കയറി 1.194 ഡോളറില് എത്തി. പൗണ്ട് 1.323 ഡോളറിലാണ്. ജാപ്പനീസ് യെന് ഒരു ഡോളറിന് 157.88 യെന് ആയി. ചൈനീസ് യുവാന് ഡോളറിന് 6.69 എന്ന നിലയില് തുടര്ന്നു.
അമേരിക്കയില് 10 വര്ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.139 ശതമാനമായി ഇടിഞ്ഞു. പലിശനിരക്കു കൂട്ടുമെന്ന ഭീതി അകന്നു എന്നാണ് ഇതു കാണിക്കുന്നത്. 30 വര്ഷ കടപ്പത്രങ്ങളുടേത് 5.491 ശതമാനമായി കുറഞ്ഞു. യൂറോപ്യന് കടപ്പതങ്ങളുടെ നിക്ഷേപ നേട്ടവും കുറഞ്ഞു.
റിസര്വ് ബാങ്കിന്റെ നടപടികളെ തുടര്ന്നു രൂപ ഇന്നലെയും കയറി. മൂന്നു ദിവസം കൊണ്ടു രണ്ടു ശതമാനം കയറ്റമാണു രൂപയ്ക്കുള്ളത്. ഇന്നലെ 94.75 രൂപ വരെ താഴ്ന്ന ഡോളര് പിന്നീട് 95.15 ല് ക്ലോസ് ചെയ്തു. നഷ്ടം 13 പൈസ.
ഇന്നു രാവിലെ വിദേശത്തെ ഫോര്വേഡ് വിപണിയില് ഡോളര് 95.08 രൂപയിലാണ്. ഡോളര് സൂചിക ഇന്നലെ ചാഞ്ചാട്ടത്തിനു ശേഷം കുത്തനെ താഴ്ന്നത് രൂപയ്ക്ക് ഇന്നും നേട്ടത്തിനു വഴി തുറന്നേക്കും.
ചൈനീസ് യുവാന് 14.22 രൂപയിലേക്കു താണു. യൂറോ അല്പം താഴ്ന്നു 106.56 രൂപയായി.
ബുധനാഴ്ച ഉയര്ന്ന ക്രൂഡ് ഓയില് ഇന്നു രാവിലെ താഴ്ന്നു. ബ്രെന്റ് ഇനം ബുധനാഴ്ച 106.06 ഡോളറില് ക്ലോസ് ചെയ്തു. ഇന്നു രാവിലെ രണ്ടു ശതമാനം താഴ്ന്ന് 104.03 ഡോളറില് എത്തി. ഡബ്ള്യുടിഐ ഇനം 93.70 ഡോളറിലാണ്. അമേരിക്കന് ക്രൂഡ് റിസര്വ് റെക്കോര്ഡ് താഴ്ചയിലായിട്ടും ക്രൂഡ് വില താഴ്ന്നു. ഇറാന്, റഷ്യ, വെനസ്വെല എന്നിവിടങ്ങളില് നിന്ന് ഉപരോധം ലംഘിച്ചു ക്രൂഡ് കടത്തിയതിന്റെ പേരില് വിലക്കിലായ ടാങ്കറുകളെ കരിമ്പട്ടികയില് നിന്നു നീക്കാന് യുഎസ് ആലോചിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തത് വില താഴാന് സഹായിച്ചു. ക്രൂഡ് ഓയില് ലഭ്യത കൂട്ടാന് ഇതു സഹായിക്കും.
ക്രിപ്റ്റോ കറന്സികള് വീണ്ടും താഴ്ന്നു. ബിറ്റ്കോയിന് ഇന്നു രാവിലെ 81,500 ഡോളറിനു താഴെ വന്നു. ഈഥര് 2400 ഡോളറിനും സൊലാന 104 ഡോളറിനും താഴെ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine