Image : Canva 
Markets

ഡോളറിനെതിരെ രൂപ റെക്കോർഡ് താഴ്ചയിൽ, ഇടിവ് ഇനിയും തുടരുമെന്നും വിലയിരുത്തല്‍; കാരണങ്ങളും വെല്ലുവിളികളും ഇവയാണ്

2025 ല്‍ ഇതുവരെ ഡോളറിനെതിരെ ഏകദേശം 6 ശതമാനത്തിന്റെ ഇടിവാണ് രൂപ രേഖപ്പെടുത്തിയത്

Dhanam News Desk

രൂപ ഇന്ന് (ഡിസംബർ 12) ഡോളറിനെതിരെ പുതിയ റെക്കോർഡ് താഴ്ചയായ 90.56 ൽ എത്തി. ഇന്നലെ രേഖപ്പെടുത്തിയ 90.46 എന്ന റെക്കോർഡ് താഴ്ചയിൽ നിന്നാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. ഇൻ്റർബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ 90.43 ൽ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 90.56 എന്ന നിലയിലേക്ക് വീണു, ഇത് മുൻ ദിവസത്തെ ക്ലോസിനെ അപേക്ഷിച്ച് 24 പൈസയുടെ ഇടിവാണ്. ഇന്നലെ രൂപ 38 പൈസ കുറഞ്ഞ് 90.32 ലാണ് ക്ലോസ് ചെയ്തത്.

കാരണങ്ങള്‍

ഈ തളർച്ചയ്ക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അമേരിക്കയുമായി ഒരു വ്യാപാര കരാർ ഉണ്ടാകാത്തതാണ് വിപണിയിലെ വികാരം പ്രധാനമായും മോശമാക്കുന്നത്. ശക്തിയാർജ്ജിച്ച ഡോളർ, വിദേശ നിക്ഷേപങ്ങളുടെ തുടർച്ചയായ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയും രൂപക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. ആഗോളതലത്തിൽ സ്വര്‍ണം, വെളളി ലോഹങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇറക്കുമതിക്കാർ ഡോളർ കൂടുതൽ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് തിരിച്ചടിയായി.

തളർച്ച ഇനിയും തുടര്‍ന്നേക്കും

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം വരെ താരിഫ് ചുമത്തിയത് കയറ്റുമതിയെ ബാധിക്കുകയും വിദേശ നിക്ഷേപകരെ ഇന്ത്യൻ ഓഹരികളിൽ നിന്ന് അകറ്റുകയും ചെയ്തു. ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയാണ് ഇന്ത്യൻ രൂപ. 2025 ല്‍ ഇതുവരെ ഡോളറിനെതിരെ ഏകദേശം 6 ശതമാനത്തിന്റെ ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. താരിഫ് പ്രശ്‌നം നിലനിൽക്കുകയാണെങ്കിൽ രൂപയുടെ തളർച്ച ഇനിയും തുടരാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഈ ഇടിവിനെ 'ക്രമീകൃത രീതിയിൽ' (calibrated manner) അനുവദിക്കാൻ തയ്യാറായേക്കാമെന്ന വിലയിരുത്തലുകളുമുണ്ട്. ഇന്ത്യൻ പ്രതിനിധി സംഘവും അമേരിക്കൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ നടക്കുന്ന അവസാന ദിവസമാണ് വെളളിയാഴ്ച എന്നതിനാല്‍, ഒരു വ്യാപാര ഉടമ്പടി സംബന്ധിച്ച പ്രഖ്യാപനത്തിനായി വിപണി കാത്തിരിക്കുകയാണ്.

Rupee hits record low against dollar, here are the reasons and challenges.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT