യു.എസ്. ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ 94 നിലവാരം മറികടന്നു. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. ഇതോടെ ഇറക്കുമതി ചെലവ് വർധന/പണപ്പെരുപ്പ ഭീഷണി/കുടുംബ ബജറ്റ് താളം തെറ്റും എന്നിങ്ങനെയുള്ള പതിവ് ആശങ്കകൾ തലപൊക്കിക്കഴിഞ്ഞു. ഡോളറിനെതിരായ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് വീഴുമ്പോൾ, പലരും വിപണിക്ക് മുന്നിൽ പ്രതിസന്ധിയായിരിക്കുമെന്ന നിഗമനത്തിലേക്ക് വഴുതിവീഴാറുണ്ട്.
എന്നാൽ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ അനന്തരഫലം, വിപണിയിൽ മിക്കപ്പോഴും ഒരേദിശയിൽ മാത്രമായിരിക്കില്ല തെളിയുന്നത്. വിപണിയുടെ കയറ്റിറക്കങ്ങൾ കണ്ട് തഴക്കംവന്ന ഒരു സ്മാർട്ട് ഇൻവെസ്റ്ററെ സംബന്ധിച്ച്, രൂപയുടെ മൂല്യം ഇടിയുന്ന സന്ദർഭത്തിൽ വിപണിയുടെ ഭാവിയെന്താകും എന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നതിനു പകരം പോർട്ട്ഫോളിയോ പുനഃസംഘടിപ്പിക്കുന്നതിനാകും പരിഗണന നൽകുക.
പശ്ചിമേഷ്യയിലെ സംഘർഷം, ക്രൂഡ് ഓയിൽ വിലക്കയറ്റം, ഡോളറിന്റെ മൂല്യം വർധിക്കുന്നത് — തുടങ്ങിയ ആഗോള പ്രതികൂല ഘടകങ്ങളുടെ സ്വാധീനം ഒത്തുചേർന്നതാണ് രൂപയെ ദുർബലമാക്കുന്നത്. മൂല്യശോഷണം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് (RBI) ഇടപെടുന്നുണ്ടെങ്കിലും ആഗോള ഘടകങ്ങളുടെ സമ്മർദ്ദം അത്രയേറെ വലുതായതിനാൽ ഫലപ്രദമാകുന്നില്ല.
അതേസമയം വിശാല സമ്പദ്ഘടനയെ സംബന്ധിച്ച്, രൂപയുടെ മൂല്യം ഇടിയുന്നത് സമ്മർദമേറ്റുന്ന ഘടകമാണ്. ഇറക്കുമതിയെ ആശ്രയിക്കുന്ന — ക്രൂഡ് ഓയിൽ, വ്യോമയാനം, ഇലക്ട്രോണിക്സ് — സെക്ടറുകളുടെ ഉത്പാദന ചെലവ് വർധിപ്പിക്കുന്നു. ഇന്ധനത്തിന്റെ വിലയും ഗതാഗത ചെലവുമൊക്കെ ഉയർന്നാൽ പണപ്പെരുപ്പ ഭീഷണിയും വർധിക്കുന്നു. എന്നാൽ മറുവശത്ത് രൂപയുടെ മൂല്യം ഇടിയുന്നതിലൂടെ നേട്ടം കരഗതമാകുന്ന സെക്ടറുകളും അവസരങ്ങളും ഇവിടെ മറഞ്ഞിരിപ്പുണ്ട്.
കയറ്റുമതി അധിഷ്ഠിത — ഐടി, ഫാർമ, സ്പെഷ്യാൽറ്റി കെമിക്കൽസ് തുടങ്ങിയ — സെക്ടറുകൾക്ക് ഡോളറിനെതിരേ രൂപയുടെ മൂല്യം താഴുന്നത് അപ്രതീക്ഷിത നേട്ടം സമ്മാനിക്കുന്നു. വരുമാനം ഡോളറിലും അതു ചെലവഴിക്കുന്നത് രൂപയിലും ആയതുകാരണം ഓട്ടോമാറ്റിക്കായി ഇത്തരം കമ്പനികളുടെ ലാഭമാർജിൻ മെച്ചപ്പെടുന്നതാണ് കാരണം. രൂപയുടെ മൂല്യത്തകർച്ച തുടരുന്ന ഘട്ടങ്ങളിൽ കയറ്റുമതി അധിഷ്ഠിത സെക്ടറുകൾക്ക് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് മുൻകാല ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു.
അതുപോലെ ആഭ്യന്തര വിപണിയിൽ സ്വർണ വില വർധിക്കാനും രൂപയുടെ മൂല്യത്തകർച്ച വഴിയൊരുക്കും. കാരണം രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം ഡോളറിലാണ് നടക്കുന്നത്. കൂടാതെ വിപണിയിലെ റിസ്ക് സാധ്യത കുറയ്ക്കുന്നതിനുള്ള ഹെഡ്ജിംഗ് ഉപാധിയായുള്ള സ്വർണത്തിന്റെ പ്രാധാന്യവും ഇത്തരം സന്ദർഭങ്ങളിൽ വർധിക്കുന്നതാണ്.
കയറ്റുമതി അധിഷ്ഠിത സെക്ടറിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾക്ക് പരിഗണന നൽകുക.
പോർട്ട്ഫോളിയോയുടെ 10-15% നിക്ഷേപം സ്വർണത്തിലേക്ക് തന്ത്രപരമായി നീക്കിവെക്കണം.
ആഗോള ഫണ്ടുകളിലോ യു.എസ് ഓഹരികളിലോ എന്നിങ്ങനെ പോർട്ട്ഫോളിയോയുടെ 10% രാജ്യാന്തര വിപണിയുടെ എക്സ്പോഷറിനായി മാറ്റിവെക്കാം.
ഇറക്കുമതിയെ ആശ്രയിക്കുന്ന കമ്പനികളെ തത്കാലം ഒഴിവാക്കുകയോ വളരെ സൂക്ഷ്മമായി മാത്രം തെരഞ്ഞെടുക്കുകയോ ചെയ്യുക.
വിപണിയിൽ ചാഞ്ചാട്ടം മുറുകുമ്പോൾ പരിഭ്രമിച്ച് വിറ്റൊഴിയാതെ, ദീർഘകാലയളവിലേക്കുള്ള മികച്ച അവസരങ്ങൾക്കായി പരതുക.
ചുരുക്കത്തിൽ രൂപയുടെ മൂല്യം 94 നിലവാരം കടന്നുവെന്നത്, പോർട്ട്ഫോളിയോ പുനഃസംഘടിപ്പിക്കാനുള്ള (റീബാലൻസിംഗ്) ഒരു സിഗ്നലായി കണക്കാക്കുകയാണ് സ്മാർട്ട് ഇൻവെസ്റ്റർമാർ ചെയ്യുന്നതെന്ന് സാരം.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine