image credit : canva 
Markets

രൂപ റെക്കോർഡ് ഇടിവില്‍; പ്രധാന കാരണങ്ങള്‍ ഇവയാണ്

ആഗോള വിപണിയിലെ പ്രവണതകൾ, എണ്ണവിലയിലെ ചലനങ്ങൾ, ആഭ്യന്തര ഇക്വിറ്റി പ്രകടനം തുടങ്ങിയവ ആശ്രയിച്ചാണ് രൂപയുടെ പ്രകടനം

Dhanam News Desk

അമേരിക്കൻ ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് ഇടിവില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 86.50 എന്ന നിലവാരത്തിന് താഴെയെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്, 0.7 ശതമാനമായിരുന്നു ഇടിവ്. യു.എസ് ഡോളര്‍ ശക്തിപ്പെടുന്നതും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും വിദേശ നിക്ഷേപകർ (എഫ്.ഐ.ഐ) ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് വിറ്റൊഴിയുന്നതും ആഭ്യന്തര ഓഹരി വിപണിയിലെ ദുർബലമായ വികാരവും രൂപയുടെ മൂല്യ തകര്‍ച്ചയ്ക്കുളള കാരണങ്ങളാണ്.

കാരണങ്ങള്‍ ഒന്നിലേറെ

യു.എസിലെ പ്രതീക്ഷിച്ചതിലും മികച്ച തൊഴിൽ വളർച്ച ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കൽ മന്ദഗതിയിലാകുമെന്ന പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നത് ഡോളറിനെ ശക്തിപ്പെടുത്തുന്നു.

ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.44 ശതമാനം ഉയർന്ന് 80.91 ഡോളറിലെത്തിയത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുന്നതാണ്. ഉയർന്ന എണ്ണവില ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിപ്പിക്കും.

വിദേശ നിക്ഷേപകർ (എഫ്‌.ഐ.ഐ) ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിറ്റൊഴിയുന്നത് തുടരുകയാണ്. വെള്ളിയാഴ്ച (ജനുവരി 10) അവർ 2,254.68 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റത്.

ആഭ്യന്തര വിപണിയിലെ ദുർബലമായ വികാരം. ആഗോള വിപണികളിലെ ബലഹീനത ആഭ്യന്തര ഓഹരി വിപണികളിലും പ്രതിഫലിക്കുകയാണ്.

വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്. ജനുവരി 3 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 5.693 ബില്യൺ ഡോളർ കുറഞ്ഞ് 634.585 ബില്യൺ ഡോളറിലെത്തി.

തിരുത്തൽ പ്രതീക്ഷിക്കുന്നു

ആഗോള വിപണിയിലെ പ്രവണതകൾ, എണ്ണവിലയിലെ ചലനങ്ങൾ, ആഭ്യന്തര ഇക്വിറ്റി പ്രകടനം തുടങ്ങിയവ ആശ്രയിച്ചാണ് രൂപയുടെ പ്രകടനം നിലനില്‍ക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് കുറവായതിനാൽ ഒരു തിരുത്തൽ പ്രതീക്ഷിക്കുന്നതായാണ് ഇതുസംബന്ധിച്ച് വിദഗ്ധര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT