ഇന്ത്യന്‍ ക്വിക്ക്-കൊമേഴ്‌സ് (Quick-commerce) വിപണിയിലെ പ്രമുഖരായ സെപ്‌റ്റോ (Zepto) ഓഹരി വിപണിയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുമ്പോള്‍ കമ്പനിക്ക് പിന്തുണയുമായി രാജ്യത്തെ പ്രമുഖ സെലിബ്രിറ്റികളും ഫാമിലി ഓഫീസുകളും രംഗത്ത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബോളിവുഡിലെ പ്രമുഖരായ ബച്ചന്‍ കുടുംബത്തിന്റെ ഫാമിലി ഓഫീസ് എന്നിവര്‍ സെപ്‌റ്റോയുടെ ഐപിഒയ്ക്ക് മുന്നോടിയായുള്ള പ്രീ-ഐപിഒ (Pre-IPO) ഫണ്ട് സമാഹരണത്തില്‍ പങ്കാളികളാകാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിപണിയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സച്ചിന്‍ ടെണ്ടുല്‍ക്കറും ബച്ചന്‍ ഫാമിലി ഓഫീസും (Bachchan Family Office) ചേര്‍ന്ന് ഏകദേശം 100 കോടിയോളം രൂപ കമ്പനിയില്‍ നിക്ഷേപിച്ചേക്കും. ഇവര്‍ക്ക് പുറമെ പ്രമുഖ വ്യവസായ ഗ്രൂപ്പായ മാന്‍കൈന്‍ഡ് ഫാര്‍മയുടെ (Mankind Pharma) പ്രൊമോട്ടര്‍മാരായ രാജീവ് ജൂനേജ, രമേശ് ജൂനേജ എന്നിവരുടെ ഫാമിലി ഓഫീസുകളും സെപ്‌റ്റോയില്‍ പണം മുടക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്ന പ്രമുഖ നിക്ഷേപകനായ ഹര്‍ഷ് മാരിവാലയുടെ ഫാമിലി ഓഫീസായ 'ശരദ്മാരിവാല ഫാമിലി ഓഫീസ്' (Sharadmarivala Family Office) ഇതിനകം തന്നെ സെപ്‌റ്റോയില്‍ നിക്ഷേപം ഉറപ്പിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ഇത്തരം പ്രമുഖ വ്യക്തികളുടെയും ഫാമിലി ഓഫീസുകളുടെയും വരവ് സെപ്‌റ്റോയുടെ ഐപിഒയ്ക്ക് വിപണിയില്‍ വലിയ വിശ്വാസ്യതയും ഡിമാന്‍ഡും നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐ.പി.ഒയുടെ കൃത്യമായ സമയം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ പ്രീ-ഐപിഒ ഫണ്ടിംഗ് റൗണ്ടിലൂടെ കമ്പനിയുടെ വിപണി മൂല്യം (Valuation) 10 ബില്യണ്‍ ഡോളര്‍ മുതല്‍ 15 ബില്യണ്‍ ഡോളര്‍ വരെയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള ക്വിക്ക്-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി സെപ്‌റ്റോ മാറും. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തദ്ദേശീയ നിക്ഷേപകരുടെ പങ്ക് (Domestic Shareholding) വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും സെപ്‌റ്റോയ്ക്കുണ്ട്.
ബ്ലിങ്കിറ്റ് (Blinkit), സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് (Swiggy Instamart), സെപ്‌റ്റോ എന്നിവര്‍ തമ്മില്‍ രാജ്യത്തെ ക്വിക്ക്-കൊമേഴ്‌സ് വിപണിയില്‍ ശക്തമായ മത്സരമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രീ-ഐപിഒ റൗണ്ടില്‍ ലഭിക്കുന്ന ഫണ്ട് കമ്പനിയുടെ ഡാര്‍ക്ക് സ്റ്റോറുകളുടെ (Dark stores) എണ്ണം വര്‍ധിപ്പിക്കാനും വിതരണ ശൃംഖല കൂടുതല്‍ ശക്തമാക്കാനും സെപ്‌റ്റോയെ സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine