Markets

വരുന്നു, ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഓഹരി വിപണിയിലേക്ക്

2024 മാര്‍ച്ചോടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി

Dhanam News Desk

തുറമുഖ, ടെര്‍മിനല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുംബൈ ആസ്ഥാനമായുള്ള ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്തിയേക്കും. 2024 മാര്‍ച്ചോടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സജ്ജന്‍ ജിന്‍ഡാലിന്റെ സ്റ്റീല്‍-ടു-സിമന്റ് കമ്പനിയുടെ യൂണിറ്റാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്.

ഓഹരി വിപണിയിലേക്കുള്ള ചുവടുവയ്പ്പിന് മുന്നോടിയായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരെയും പ്രൊഫഷണല്‍ ഏജന്‍സികളെയും നിയമിക്കുന്നതിനുള്ള പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ മഹേശ്വരി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്. ജിയോപൊളിറ്റിക്കല്‍ റിസ്‌കുകളും പണപ്പെരുപ്പ സമ്മര്‍ദങ്ങളും സംബന്ധിച്ച് സ്ഥാപനം 'സന്തുലിതമായ കാഴ്ചപ്പാട്' എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രാഥമിക ഓഹരി വില്‍പ്പനയുടെ വലുപ്പത്തെക്കുറിച്ചോ അത് സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്ന ഫണ്ടിന്റെ അളവിനെക്കുറിച്ചോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 100 ദശലക്ഷം ടണ്‍ വരെ ചരക്ക് കൈകാര്യം ചെയ്യാനാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലക്ഷ്യമിടുന്നതെന്നും കണ്ടെയ്നര്‍ ബിസിനസിലേക്ക് കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും മഹേശ്വരി പറഞ്ഞു. ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിന് ഉയര്‍ന്ന ലിവറേജ് അനുപാതങ്ങള്‍ ഇല്ലെന്നും അത് ഏറ്റെടുക്കല്‍ പദ്ധതികളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ആദ്യത്തില്‍ ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിനും മൂലധന ചെലവുകള്‍ക്കുമായി ബോണ്ടുകള്‍ വഴി 400 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT