Markets

ഓഹരി വിപണിയില്‍ നോട്ടമിട്ട് സൗദി കമ്പനികള്‍; ഐപിഒകളുടെ എണ്ണം കൂടി; ജിസിസിയില്‍ ഒന്നാമത്

കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്തത് 42 കമ്പനികള്‍; ഈ വര്‍ഷം വരുന്നത് 31

Dhanam News Desk

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഓഹരി വിപണിയായ സൗദി അറേബ്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിലേക്ക് (തദാവുല്‍) കടന്നു വരുന്ന കമ്പനികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വര്‍ഷം ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറുകള്‍ (ഐപിഒ) നടന്നത് സൗദി ഓഹരി വിപണിയിലാണ്. 42 കമ്പനികളാണ് ലിസ്റ്റ് ചെയ്തത്. ജിസിസി രാജ്യങ്ങളിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ വര്‍ഷം ആകെ ലിസ്റ്റ് ചെയ്തത് 53 കമ്പനികളാണ്. ഐപിഒകളുടെ എണ്ണത്തില്‍ സൗദി ലോകത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിപണികളുടെ മൂല്യം കഴിഞ്ഞ വര്‍ഷം 12.9 ബില്യണ്‍ ഡോളറാണ്. (11,000 കോടി രൂപ). സൗദി വിപണിയുടെ മൂല്യം 4.1 ബില്യണ്‍ ഡോളറും. 239 കമ്പനികളാണ് സൗദി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

രണ്ടാം സ്ഥാനത്ത് യുഎഇ

കഴിഞ്ഞ വര്‍ഷം ഏഴ് ഐപിഒ ലിസ്റ്റിംഗ് നടന്ന യുഎഇ വിപണിയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, വിപണി മൂല്യത്തില്‍ 6.2 ബില്യണ്‍ ഡോളറുമായി യു.എ.ഇ ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനത്താണ്. ജിസിസി വിപണികളുടെ മൊത്തം മൂല്യത്തിന്റെ 47.8 ശതമാനം യുഎഇയിലാണ്. പുതിയ ലിസ്റ്റിംഗില്‍ മൂന്നാം സ്ഥാനത്ത് ഒമാനാണ്. മൂന്നു കമ്പനികളാണ് ലിസ്റ്റ് ചെയ്തത്. 2.5 ബില്യണ്‍ ഡോളറാണ് വിപണി മൂല്യം. ഒരോ ഐപിഒ കള്‍ വീതമുണ്ടായ കുവൈത്ത്,ബഹറൈന്‍ മാര്‍ക്കറ്റുകളാണ് പിന്നിലുള്ളത്.

നിക്ഷേപം വര്‍ധിക്കുന്നതിന്റെ സൂചന

രാജ്യത്ത് നിക്ഷേപം വര്‍ധിക്കുന്നതിന്റെ സൂചനയായാണ് കൂടുതല്‍ ഐപിഒകള്‍ വരുന്നതെന്ന് സൗദിയിലെ ഫിനാന്‍ഷ്യല്‍ ഗവേഷണ സ്ഥാപനമായ കാംകോ ഇന്‍വെസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഹെല്‍ത്ത് കെയര്‍, പ്രൊഫഷണല്‍ സര്‍വീസസ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ കമ്പനികള്‍ ഓഹരി വിപണിയിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച നിന്നത് ഡോ.സുലൈമാന്‍ അബ്ദുൽ ഖാദര്‍ ഫക്കീഹ് ഹോസ്പിറ്റല്‍ ഐപിഒ ആയിരുന്നു. 119 മടങ്ങായിരുന്നു ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍. 800 കോടിയോളം രൂപയാണ് സമാഹരിച്ചത്. അല്‍ മൂസ ഹെല്‍ത്ത്, മിയാഹോന യൂട്ടിലിറ്റീസ്, നൈസ് വണ്‍ ബ്യൂട്ടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ കമ്പനികളും മികച്ച ഐപിഒ പ്രകടനം കാഴ്ചവെച്ചു. ഈ വര്‍ഷം സൗദി വിപണിയില്‍ 31 ഐപിഒകള്‍ കൂടി വരുന്നുണ്ടെന്ന് കാംകോ ഇന്‍വെസ്റ്റ് വെളിപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT