രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്മെന്റ് ദലാല്‍ സ്ട്രീറ്റില്‍ 6-7 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തതോടെ 2018 മുതല്‍ ഇഎസ്ഒപി പദ്ധതിയില്‍ പങ്കെടുത്ത 13 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോടീശ്വരന്മാരായി. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ദേവീന്ദര്‍ പാല്‍ സിംഗിന് 121 കോടി, ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ശ്രീനിവാസന്‍ രാമ അയ്യര്‍ക്ക് 105 കോടി രൂപയുടെ വെസ്റ്റഡ് ഓഹരി സമ്പാദ്യം ലഭിച്ചു.
രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായ എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്മെന്റ് (SBI Funds Management) ദലാല്‍ സ്ട്രീറ്റില്‍ മിന്നുന്ന തുടക്കം കുറിച്ചതോടെ ജീവനക്കാര്‍ക്ക് കോടികളുടെ ലോട്ടറി. കമ്പനി നല്‍കിയ എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്രോഗ്രാം (ESOP) വഴി 13 മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഓഹരി വിഹിതം ഒരു കോടി രൂപയ്ക്കും മുകളിലേക്കാണ് കുതിച്ചുയര്‍ന്നത്.
ഓഫര്‍ വിലയായ 574 രൂപയെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. കമ്പനിയുടെ പ്രോസ്‌പെക്റ്റസ് അനുസരിച്ച് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ദേവീന്ദര്‍ പാല്‍ സിംഗാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്. ഇദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം മാത്രം ഏകദേശം 121 കോടി രൂപ വരും. ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായ ശ്രീനിവാസന്‍ രാമ അയ്യരുടെ ഓഹരി മൂല്യം 105 കോടി രൂപയിലെത്തി.
മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ഉറ്റുനോക്കിയിരുന്ന എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്മെന്റ് ഓഹരികള്‍ ഇന്ന് ബി.എസ്.ഇ (BSE) യില്‍ ഇഷ്യൂ വിലയേക്കാള്‍ 6.27 ശതമാനം ഉയര്‍ന്ന് 610 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. എന്‍.എസ്.ഇ (NSE) യില്‍ 613.30 രൂപയിലായിരുന്നു തുടക്കം.
ദേവീന്ദര്‍ പാല്‍ സിംഗനന്റെ കൈവശമുള്ള 21.14 ലക്ഷം വെസ്റ്റഡ് (Vested) ഓഹരികള്‍ക്ക് 121 കോടി രൂപയാണ് മൂല്യം. ഭാവിയില്‍ മാറ്റിയെടുക്കാവുന്ന വെസ്റ്റ് ചെയ്യാത്ത (unvested) ഓപ്ഷനുകളിലൂടെ 30 കോടി രൂപ കൂടി ലഭിക്കാനും അവസരമുണ്ട്.
ശ്രീനിവാസന്‍ രാമ അയ്യറുടെ കൈവശമുള്ള 18.25 ലക്ഷം വെസ്റ്റഡ് ഓഹരികളുടെ മൂല്യം 105 കോടി രൂപ. വെസ്റ്റ് ചെയ്യാത്ത ഓപ്ഷനുകള്‍ക്ക് 51 കോടി രൂപയുടെ സൂചനാ മൂല്യവുമുണ്ട്.
വലിയ നേട്ടം കൊയ്യുന്ന മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചീഫ് ഓഫ് സ്ട്രാറ്റജി, ഡിജിറ്റല്‍ & ടെക്‌നോളജി ആന്‍ഡ് ഹെഡ് ഓഫ് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ശ്രീനിവാസ് ജെയിന്‍ (വെസ്റ്റഡ് ഓഹരി മൂല്യം ഏകദേശം 59 കോടി), ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ - ഫിക്‌സഡ് ഇന്‍കം രാജീവ് രാധാകൃഷ്ണന്‍ (ഏകദേശം 36 കോടി), ചീഫ് റിസ്‌ക് ഓഫീസര്‍ അപര്‍ണ നിര്‍ഗുഡെ (ഏകദേശം 31 കോടി), ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, കമ്പനി സെക്രട്ടറി ആന്‍ഡ് ഹെഡ് ഓഫ് ലീഗല്‍ വിനയ ദാതര്‍ (ഏകദേശം 21 കോടി) എന്നിവരും ഉള്‍പ്പെടുന്നു.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഇന്ദര്‍ജീത് ഗുലിയാനി, ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ രജത് ഗ്രോവര്‍, ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ സഞ്ജയ് പുഗാവോങ്കര്‍, ഫണ്ട് മാനേജര്‍മാരായ മോഹന്‍ ലാല്‍, മഹേഷ് ഛാബ്രിയ എന്നിവരുള്‍പ്പെടെ ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ്, ടെക്നോളജി, ഫണ്ട് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓഫര്‍ വിലയില്‍ 1 കോടിയിലധികം മൂല്യമുള്ള വെസ്റ്റഡ് ഓഹരികള്‍ കൈവശം വെച്ചിട്ടുണ്ട്.
2018-ല്‍ അവതരിപ്പിച്ച ഇഎസ്ഒപി പദ്ധതി പ്രകാരം ഓഹരിയൊന്നിന് 39 രൂപ മുതല്‍ 455 രൂപ വരെയുള്ള നിരക്കിലാണ് ജീവനക്കാര്‍ക്ക് ഓപ്ഷനുകള്‍ അനുവദിച്ചിരുന്നത്. ഐ.പി.ഒ വില 574 രൂപയായി നിശ്ചയിച്ചതോടെ വര്‍ഷങ്ങളോളം കമ്പനിക്കൊപ്പം നിന്ന ഉദ്യോഗസ്ഥരുടെ സമ്പാദ്യത്തില്‍ വന്‍ വര്‍ധനയുണ്ടായി.
ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകരില്‍ നിന്ന് വന്‍ പ്രതികരണമാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്. ഐ.പി.ഒയ്ക്ക് തൊട്ടുമുമ്പ് ബ്ലാക്ക്റോക്ക്, ഗോള്‍ഡ്മാന്‍ സാക്സ് തുടങ്ങിയ 129 പ്രമുഖ ഏജന്‍സികളില്‍ നിന്നായി 2,663 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. കൂടാതെ 1,880 കോടി രൂപയുടെ പ്രീ-ഐ.പി.ഒ പ്ലേസ്മെന്റും പൂര്‍ത്തിയാക്കി.
മൊത്തത്തില്‍ 42 ഇരട്ടി സബ്സ്‌ക്രിപ്ഷനാണ് രേഖപ്പെടുത്തിയത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബയേഴ്സ് (QIB) വിഭാഗത്തില്‍ 140 ഇരട്ടിയും, നോണ്‍-ഇന്‍സ്റ്റിറ്റ്യൂഷണല്‍ വിഭാഗത്തില്‍ 22.51 ഇരട്ടിയും, റീറ്റെയ്ല്‍ വിഭാഗത്തില്‍ 3.6 ഇരട്ടിയും സബ്സ്‌ക്രിപ്ഷന്‍ നേടി.
മാതൃസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) വിപുലമായ ശാഖാ ശൃംഖലയും ബ്രാന്‍ഡ് കരുത്തും കമ്പനിക്ക് വന്‍ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തല്‍. എച്ച്.ഡി.എഫ്.സി എ.എം.സി, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ തുടങ്ങിയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരി വില ന്യായമാണെന്നും ബ്രോക്കറേജുകള്‍ വ്യക്തമാക്കുന്നു.
പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ (OFS) ആയതിനാല്‍ ഐ.പി.ഒ വഴി ലഭിക്കുന്ന തുക കമ്പനിക്കല്ല, പകരം നിലവിലുള്ള ഓഹരി ഉടമകള്‍ക്കും വര്‍ഷങ്ങളായി അധ്വാനിച്ച ജീവനക്കാര്‍ക്കുമാണ് ലഭിക്കുക.
SBI Funds Management debuts at a 7% premium, turning 13 senior employees into crorepatis through its lucrative ESOP scheme.
Read DhanamOnline in English
Subscribe to Dhanam Magazine