ഈ ഐ.പി.ഒയിൽ നിന്നുള്ള തുക എസ്.ബി.ഐയും അമുണ്ടിയും പോലുള്ള നിലവിലെ ഓഹരി ഉടമകൾക്കാണ് പോകുന്നത്; കമ്പനിക്ക് പുതിയ മൂലധനം ലഭിക്കില്ല. ഒരു അനലിസ്റ്റ് ദീർഘകാല നിക്ഷേപമായി ‘സബ്‌സ്‌ക്രൈബ്’ നിർദ്ദേശിക്കുമ്പോൾ, മറ്റൊരാൾ ലിസ്റ്റിംഗിന് ശേഷം വില 15% വരെ താഴെയായാൽ മാത്രം ‘ബൈ’ ചെയ്യാൻ ശുപാർശ ചെയ്യുന്നു. അതിനാൽ ഉടനടി ലിസ്റ്റിംഗ് നേട്ടം ലക്ഷ്യമിടാതെ, വിലയും വിപണി സാഹചര്യവും വിലയിരുത്തി സൂക്ഷ്മമായി സമീപിക്കേണ്ട ഐ.പി.ഒയാണിത്.
കൈകാര്യം ചെയ്യുന്ന നിക്ഷേപമൂല്യത്തിന്റെ (AUM) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് ഹൗസായ (അസറ്റ് മാനേജ്മെന്റ് കമ്പനി) എസ്.ബി.ഐ ഫണ്ട്സ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ (SBI Funds Management) പ്രാരംഭ പൊതു ഓഹരി വിൽപ്പന (ഐ.പി.ഒ) ജൂലൈ 14-ന് ആരംഭിക്കുകയാണ്. ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന ഈ ഐപിഒ വഴി 11,693 കോടി രൂപ വിപണിയിൽ നിന്നും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
545 രൂപ മുതൽ 574 രൂപ വരെയാണ് ഐ.പി.ഒയിൽ, എസ്.ബി.ഐ ഫണ്ട്സ് ഓഹരിയുടെ വില പരിധി (Price Band) നിശ്ചയിച്ചിരിക്കുന്നത്. പൂർണമായും ഓഫർ ഫോർ സെയിൽ (OFS) ആയിട്ടാണ് ഈ ഐ.പി.ഒ വിപണിയിലെത്തുന്നത്. അതായത്, ഇവിടെ സമാഹരിക്കപ്പെടുന്ന തുക കമ്പനിയുടെ ബിസിനസ്സ് ആവശ്യങ്ങൾക്കായല്ല ഉപയോഗിക്കുക, മറിച്ച് എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിന്റെ സംയുക്ത ഓഹരി ഉടമകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും (SBI) ഫ്രഞ്ച് അസറ്റ് മാനേജ്മെന്റ് കമ്പനിയായ അമുണ്ടിയുടേയും (Amundi) പക്കലേക്കാണ് ഈ തുക എത്തിച്ചേരുക.
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ എസ്.ബി.ഐയുടെ 23,000-ത്തിലധികം വരുന്ന ശാഖ ശൃംഖലയും ബ്രാൻഡ് വിശ്വാസ്യതയുമാണ് എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിന്റെ ഏറ്റവും വലിയ കരുത്ത്. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെയും എസ്.ഐ.പി സ്കീമുകളിലുടെ വരുന്ന നിക്ഷേപത്തിന്റേയും ഗണ്യമായ ഭാഗവും കൈകാര്യം ചെയ്യുന്നത് എസ്.ബി.ഐ ഫണ്ട്സ് മാനേജ്‌മെന്റ് ആണ്.
രാജ്യത്ത് സാമ്പത്തിക സാക്ഷരത വർധിക്കുന്നതും ആളുകൾ ബാങ്ക് നിക്ഷേപങ്ങളേക്കാൾ ഉപരിയായി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം മാറ്റുന്നതും ഡിജിറ്റൽ നിക്ഷേപ പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും ദീർഘകാലാടിസ്ഥാനത്തിൽ എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിന് വലിയ ബിസിനസ്സ് സാധ്യതകൾ നൽകുന്നുണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് വിപണി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാൽ ഭാവി ബിസിനസ്സ് വളർച്ചയ്ക്കുള്ള സാധ്യതകളും ശോഭനമാണ്.
എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് ഐ.പി.ഒയുടെ പ്രധാനപ്പെട്ട പ്രതികൂല ഘടകങ്ങളിലൊന്ന് ഓഹരിയുടെ ഉയർന്ന വാല്യുവേഷൻ (Premium Valuation) ആണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ട് വിപണിയിലെ മുൻനിര സ്ഥാനം കണക്കിലെടുത്ത് ഉയർന്ന നിരക്കിലാണ് ഐ.പി.ഒയിൽ ഓഹരിയുടെ വില നിശ്ചയിച്ചിരിക്കുന്നത്. മ്യൂച്വൽ ഫണ്ട് ബിസിനസ്സ് പൂർണമായും ഓഹരി വിപണിയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വിപണിയിലുണ്ടാകുന്ന വലിയ തിരുത്തലുകൾ (Market Crash) കമ്പനിയുടെ വരുമാനത്തെയും ലാഭത്തെയും നേരിട്ട് ബാധിക്കാനുള്ള സാധ്യതയുണ്ട്.
കൂടാതെ, മറ്റ് ഫണ്ട് ഹൗസുകളിൽ നിന്നുള്ള കടുത്ത മത്സരവും ടോട്ടൽ എക്സ്പെൻസ് റേഷ്യോയുമായി (TER) ബന്ധപ്പെട്ട് മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ (SEBI) പുതിയ കർശന നിർദ്ദേശങ്ങളും ലാഭമാർജിൻ കുറയാൻ കാരണമായേക്കാം. ഇത് പൂർണ്ണമായും ഒ.എഫ്.എസ് (OFS) റൂട്ട് ആയതിനാലും എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് ഐ.പി.ഒയിലെ ലിസ്റ്റിംഗ് നേട്ടം പൂർണ്ണമായും അപ്പോഴത്തെ വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് ഐ.പി.ഒയെ കുറിച്ച് കേരളത്തിലെ രണ്ട് പ്രമുഖ സെബി രജിസ്റ്റേഡ് റിസർച്ച് അനലിസ്റ്റുകൾ വ്യത്യസ്തമായ നിലപാടുകളാണ് പങ്കുവെക്കുന്നത്:
ശ്രീകുമാരൻ എം (സബ്‌സ്‌ക്രൈബ് റേറ്റിംഗ്): സ്വതന്ത്ര റിസർച്ച് അനലിസ്റ്റായ ശ്രീകുമാരൻ എം (SEBI Reg. No. INH000023959) എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് ഐ.പി.ഒയ്ക്ക് വാങ്ങാം എന്ന സൂചനയോടെയുള്ള 'സബ്‌സ്‌ക്രൈബ്' (SUBSCRIBE) എന്ന റേറ്റിംഗാണ് നൽകിയിരിക്കുന്നത്. 5 മുതൽ 10 വർഷം വരെയുള്ള ദീർഘകാല നിക്ഷേപമായി ഇതിനെ കാണാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് കമ്പനിയുടെ വിപണിയിലെ വലിപ്പവും ബ്രാൻഡ് വിശ്വാസ്യതയും അനുകൂല ഘടകങ്ങളാണെങ്കിലും വാല്യുവേഷൻ ഒട്ടുംതന്നെ താഴ്ന്ന നിലവാരത്തിലല്ല എന്നും ശ്രീകുമാരൻ എം ചൂണ്ടിക്കാട്ടുന്നു. ഓഹരിയുടെ ഹ്രസ്വകാല ലിസ്റ്റിംഗ് നേട്ടങ്ങൾ വിപണിയുടെ അപ്പോഴത്തെ സാഹചര്യത്തിന് അനുസൃതമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ബാലചന്ദ്രൻ വിശ്വറാം (ന്യൂട്രൽ റേറ്റിംഗ്): മറ്റൊരു സ്വതന്ത്ര റിസർച്ച് അനലിസ്റ്റായ ബാലചന്ദ്രൻ വിശ്വറാം (SEBI Reg. No. INH000025045) എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് ഐ.പി.ഒയ്ക്ക് 'ന്യൂട്രൽ' (Neutral) റേറ്റിംഗാണ് നൽകിയിരിക്കുന്നത്. ഈ ഐ.പി.ഒയിൽ ഉടനടി വലിയൊരു നേട്ടം അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും ലിസ്റ്റിംഗിന് ശേഷം എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് ഓഹരിയുടെ വില ഐ.പി.ഒയിലെ ഇഷ്യൂ വിലയേക്കാളും 15 ശതമാനത്തോളം താഴേക്ക് വരികയാണെങ്കിൽ, അതൊരു മികച്ച നിക്ഷേപ അവസരമാണെന്നും (Strictly a Buy) ബാലചന്ദ്രൻ വിശ്വറാം അഭിപ്രായപ്പെട്ടു.
രണ്ട് റിസർച്ച് അനലിസ്റ്റുകളുടേയും അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാകുന്നത്, എസ്.ബി.ഐ ഫണ്ട്സ് മാനേജ്‌മെന്റ് കമ്പനിയുടേത് വളരെ ശക്തമായ ഒരു ബിസിനസ്സ് മോഡൽ ആണെങ്കിലും ഐ.പി.ഒയിൽ ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന വില അൽപ്പം കൂടുതലാണെന്നാണ്. അതിനാൽ, ലിസ്റ്റിംഗ് ദിനത്തിലെ പെട്ടെന്നുള്ള നേട്ടം ലക്ഷ്യമിടാതെ, ദീർഘകാല നിക്ഷേപമായി കാണുന്നവർക്കോ ലിസ്റ്റിംഗിന് ശേഷം വില കുറയുമ്പോൾ വാങ്ങാൻ താത്പര്യപ്പെടുന്നവർക്കോ എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് ഓഹരി കൂടുതൽ അനുയോജ്യമായേക്കാം.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine