പ്രതീകാത്മക ചിത്രം Image Source: Canva/SEBI logo
Markets

₹5ൽ താഴെയുള്ള ഓഹരി വാങ്ങാൻ തിരക്കുകൂട്ടുന്നോ? പെന്നി ​ഓഹരികളിലെ അപകടം തിരിച്ചറിയാൻ എഐയുമായി സെബി

സാമ്പത്തിക പ്രവർത്തനങ്ങളില്ലാത്ത കമ്പനികളെ ഓഹരി വിപണിയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനൊപ്പം എഐ അധിഷ്ഠിത നിരീക്ഷണവും സെബി പരിഗണിക്കുന്നു

Dhanam News Desk

വില വെറും 5 രൂപ; ആയിരക്കണക്കിന് ഓഹരികൾ ഒറ്റയടിക്ക് വാങ്ങാം; ചെറിയൊരു മുന്നേറ്റത്തിൽപ്പോലും, വൻ ലാഭം കൊയ്തെടുക്കാം..! പെന്നി ഓഹരികളുടെ മാന്ത്രികവലയിലേക്ക് റീറ്റെയ്ൽ നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന പ്രലോഭനമാണിത്. എന്നാൽ ഒറ്റയക്കത്തിലുള്ളതോ തീരെ താഴ്ന്ന വിലയിലുള്ളതോ ആയ ഓഹരികൾ കുറഞ്ഞ മൂല്യമതിപ്പിന്റെയോ (വാല്യുവേഷൻ) മികച്ച നിക്ഷേപ അവസരത്തിന്റെയോ സൂചനയല്ല.

ബിസിനസ് പ്രവർത്തനങ്ങളില്ലാത്തതും വിപണിയിൽ കൃത്രിമ ഇടപെടലുകൾക്ക് ഉപയോഗിക്കപ്പെടുന്നതുമായ കമ്പനികളുടെ ഓഹരികളെ, സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നും ഒഴിവാക്കാനുള്ള (ഡീലിസ്റ്റ്) നീക്കത്തിലാണ് വിപണി നിയന്ത്രകരായ സെബി (SEBI). ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത നിരീക്ഷണ സംവിധാനവും തയ്യാറാക്കുന്നു.

അതേസമയം, സോഷ്യൽ മീഡിയ മുഖേന ഓഹരികൾ വാങ്ങാനായി നടക്കുന്ന പ്രചാരണങ്ങളും വില ഉയർത്താൻ നടക്കുന്ന തട്ടിപ്പ് നീക്കങ്ങളും തിരിച്ചറിയാതെ പെന്നി ഓഹരികളിൽ വലിയ ആദായം നേടാമെന്ന മോഹവുമായി പണമിറക്കുന്നത് വലിയ നഷ്ടത്തിൽ കലാശിക്കാം.

സെബിയുടെ നീക്കത്തിന് പിന്നിൽ?

അടുത്തിടെ സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കിയതുപ്രകാരം, സാമ്പത്തിക പ്രവർത്തനങ്ങളോ ബിസിനസ് ഇടപാടുകളോ ഇല്ലാത്ത കമ്പനികളുടെ ഓഹരികളെ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നും ഡീലിസ്റ്റ് ചെയ്യാനാണ് മാർക്കറ്റ് റെഗുലേറ്ററുടെ നീക്കം. എന്നാൽ 'സാമ്പത്തിക പ്രവർത്തനമില്ലാത്ത കമ്പനി' എന്നതിന്റെ കൃത്യമായ നിർവചനം ഇതുവരെ സെബി പുറത്തുവിട്ടിട്ടില്ല.

വരുമാനമില്ലാത്ത കമ്പനിയാണോ, പ്രവർത്തനങ്ങളോ ജീവനക്കാരോ ഇല്ലാത്ത സ്ഥാപനമാണോ, ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കാത്ത കമ്പനിയാണോ എന്നതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇവയെല്ലാം ഒരുമിച്ച് പരിഗണിക്കുമോ എന്നതും നിർണായകമാണ്. മാനദണ്ഡങ്ങൾ എങ്ങനെ നിശ്ചയിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഓഹരികളുടെ ഡീലിസ്റ്റിങ്ങിന്റെ വ്യാപ്തിയും നിലവിലുള്ള ഓഹരി ഉടമകളുടെ ഭാവിയും നിർണയിക്കപ്പെടുക.

ടെലഗ്രാം ടിപ്പിൽ ഓഹരി വില കുതിച്ചുയരും; പിന്നാലെ തകർച്ച

ടെലഗ്രാം, വാട്സാപ്പ്, യുട്യൂബ്, എക്സ് (പഴയ ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഗ്രൂപ്പുകൾ വഴി പെന്നി ഓഹരികൾക്ക് അമിത പ്രചാരണം നൽകുന്നത് വിലയിൽ കൃത്രിമം കാണിക്കുന്നതിനുള്ള പ്രധാന രീതികളിലൊന്നാണ്.

കൂട്ടത്തോടെ വാങ്ങൽ നടത്തി വില കുത്തനെ ഉയർത്തിയശേഷം പ്രൊമോട്ടർമാരോ ഓപ്പറേറ്റർമാരോ ഓഹരികൾ വിറ്റൊഴിയുന്ന 'പമ്പ് ആൻഡ് ഡംപ്' തന്ത്രത്തിൽ അവസാനഭാ​ഗത്ത് എത്തുന്ന ചെറുകിട നിക്ഷേപകരാണ് ഇരകളായി മാറുന്നത്. ട്രേഡിങ് വോളിയം അഥവാ വ്യാപാര ഇടപാടുകൾ തീരക്കുറഞ്ഞ ഓഹരികളിൽ ചെറിയ ഓർഡറുകൾക്കുപോലും വിപണി വിലയിൽ വലിയ മാറ്റമുണ്ടാക്കാനാകും. ലോവർ സർക്യൂട്ടിൽ തുടർച്ചയായി കുടുങ്ങിയാൽ നഷ്ടം കൂടുമ്പോഴും ഓഹരി വിൽക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടാകും.

₹5, ₹50, ₹500; വിലയല്ല, ബിസിനസാണ് പ്രധാനം

അഞ്ച് രൂപ വിലയുള്ള ഓഹരിക്ക്, 500 രൂപയുടേതിനേക്കാൾ വിലക്കുറവുണ്ടെന്ന ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. കമ്പനിയുടെ വിപണിമൂല്യം (Market Cap), ലാഭം, കടം, സ്വതന്ത്രമായി വ്യാപാരം നടക്കുന്ന ഓഹരികളുടെ എണ്ണം (Free Float) എന്നിവ ആഴത്തിൽ പരിശോധിക്കണം. യാതൊരുവിധ വരുമാനമില്ലാത്തതും തുടർച്ചയായി നഷ്ടം രേഖപ്പെടുത്തുന്നതും ഉയർന്ന കടബാധ്യതയുള്ളതുമായ കമ്പനികളുടെ ഓഹരികൾ കുറഞ്ഞ വിലയിൽ ലഭ്യമായാൽ പോലും അവ യഥാർത്ഥത്തിൽ മൂല്യമതിപ്പിന്റെ അടിസ്ഥാനത്തിൽ നീതികരിക്കാൻ (എക്സ്പെൻസീവ് വാല്യുവേഷൻ) കഴിയാത്തവയാകാം.

പ്രൊമോട്ടർമാർ കമ്പനിയുടെ ഓഹരികൾ പണയംവെച്ചിട്ടുണ്ടെങ്കിൽ (Pledge) വില ഇടിവിനൊപ്പം വായ്പാദാതാക്കളുടെ സമ്മർദവും വർധിക്കാം. യാതൊരുവിധ വരുമാനവുമില്ലാതെ തുടർച്ചയായി നഷ്ടം നേരിടുന്നതും വൻതോതിൽ കടബാധ്യതയുള്ളതുമായ കമ്പനികളുടെ ഓഹരികൾ വെറും വിലക്കുറവിൽ ലഭ്യമായാൽ പോലും അവ യഥാർത്ഥത്തിൽ അമിതമായി മൂല്യനിർണയം ചെയ്യപ്പെട്ടവയാകാം. പ്രമോട്ടർമാർ തങ്ങളുടെ ഓഹരികൾ പണയം വെച്ചിട്ടുണ്ടെങ്കിൽ, വിപണിയിൽ വില ഇടിയുന്ന വേളയിൽ വായ്പാദാതാക്കളുടെ സമ്മർദം ഇരട്ടിയാകാനും സാധ്യതയുണ്ട്.

എഐ നിരീക്ഷണം; മുന്നറിയിപ്പുകൾ നേരത്തെയറിയാം

പ്രവർത്തനരഹിതമായ കമ്പനികൾ, അസാധാരണ വ്യാപാര രീതികൾ, സംശയകരമായ അക്കൗണ്ട് കണക്കുകളും ഇടപാടുകളും എന്നിവയൊക്കെ യഥാസമയം തന്നെ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത നിരീക്ഷണ സംവിധാനം വികസിപ്പിക്കുകയാണ് സെബി. കമ്പനികളുടെ വരുമാന കണക്കുകൾ, സാമ്പത്തിക റിപ്പോർട്ടുകൾ, വ്യാപാര ഇടപാടുകളുടെ എണ്ണം (Trading Volume), ഓഹരി ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങൾ എളുപ്പത്തിൽ വിശകലനം ചെയ്യുന്നതിന് എഐ സഹായകമാകാം.

എന്നാൽ താൽക്കാലികമായി പ്രവർത്തനം കുറഞ്ഞ കമ്പനികളെ തെറ്റായി സംശയപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും ഒഴിവാക്കണം. അതേസമയം, താൽക്കാലിക പ്രതിസന്ധികൾ കാരണം ബിസിനസ് പ്രവർത്തനം മന്ദഗതിയിലായ മികച്ച കമ്പനികളെ തെറ്റായി സംശയപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ ഒഴിവാക്കുന്നതിനുള്ള ജാഗ്രതയും റെഗുലേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

  1. വരുമാനവും വ്യക്തമായ ബിസിനസ് പദ്ധതിയുമില്ലാത്ത കമ്പനികളുടെ ഓഹരികൾ ഒഴിവാക്കുക.

  2. പ്രൊമോട്ടർ വൻതോതിൽ ഓഹരികൾ പണയപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

  3. യാതൊരുവിധ സ്വാഭാവിക വ്യാപാരവുമില്ലാതെ തുടർച്ചയായി സർക്യൂട്ട് അടിക്കുന്ന ഓഹരികൾ പ്രത്യേകം ശ്രദ്ധിക്കുക.

  4. ആവശ്യത്തിന് ട്രേഡിങ് വോളിയം (വ്യാപാര ഇടപാടുകൾ) ഇല്ലാത്ത ഓഹരികൾ പെട്ടെന്ന് വിറ്റഴിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഓർക്കുക. ലിക്വിഡിറ്റി പ്രശ്നങ്ങളും വിലയിരുത്തുക.

  5. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളിലും ഉറപ്പില്ലാത്ത നിക്ഷേപ ടിപ്പുകളിലും വീഴാതിരിക്കുക.

  6. കമ്പനിയുടെ കടം, പണമൊഴുക്ക്, ഓഡിറ്റ് റിപ്പോർട്ട് എന്നിവ വിശദമായി പരിശോധിക്കുക.

  7. യഥാർഥ ബിസിനസ് വളർച്ചയില്ലാതെ വില മാത്രം കുതിച്ചുയരുന്ന ഓഹരികളിൽ ജാഗ്രത പാലിക്കുക.

ചുരുക്കത്തിൽ ഓഹരിയുടെ വിപണി വില എത്ര ചെറുതാണെന്നതല്ല, അതിന് പിന്നിലെ ബിസിനസിന് എത്ര മൂല്യമുണ്ടെന്നതാണ് നിക്ഷേപകർ പരിശോധിക്കേണ്ടതെന്ന് സാരം.

SEBI is exploring AI-based surveillance to identify listed companies with little or no economic activity, as investors face manipulation risks in penny stocks.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT