പൂനാവാല ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഭയ് ഭൂടഡയെയും മറ്റ് ഏഴ് പേരെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നത് തടഞ്ഞ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇന്‍സൈഡര്‍ ട്രേഡിംഗിലൂടെ അനധികൃത ലാഭം നേടിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇക്കഴിഞ്ഞ ഇടയ്ക്ക് റൈസിംഗ് സണ്‍ ഹോള്‍ഡിംഗ്‌സ് (ആര്‍എസ്എച്ച്പിഎല്‍) ഏറ്റെടുത്ത സമയത്ത് മാഗ്മ ഫിന്‍കോര്‍പ്പിന്റെ (ഇപ്പോള്‍ പൂനാവാല ഫിന്‍കോര്‍പ്പ്) ഓഹരികളിലെ ആന്തരിക വ്യാപാരത്തിലൂടെ എട്ട് സ്ഥാപനങ്ങള്‍ മൊത്തം 13.58 കോടി രൂപയുടെ തെറ്റായ നേട്ടമുണ്ടാക്കിയതായി സെബി കണ്ടെത്തി.
നേരിട്ടോ അല്ലാതെയോ ഉള്ള ഏതെങ്കിലും വിധത്തിലുള്ള ഓഹരി ഇടപാടുകള്‍ അറിയിപ്പുണ്ടാകുന്നത് വരെ ഭൂടഡ ഉള്‍പ്പെടുന്ന എട്ട് പേര്‍ക്ക് സാധ്യമല്ല.
ആര്‍എസ്എച്ച്പിഎല്‍ ഈ വര്‍ഷം ആദ്യം 3,456 കോടി രൂപയുടെ ഇക്വിറ്റി ഇന്‍ഫ്യൂഷനിലൂടെ എന്‍ബിഎഫ്സിയില്‍ ഒരു നിയന്ത്രണ ഓഹരി നേടിയിരുന്നു. ആര്‍എസ്എച്ച്പിഎല്ലിന്റെ ഉപസ്ഥാപനമായ പൂനാവാല ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ് ഭൂടഡ.
അതേസമയം സ്ഥാപനത്തില്‍ ഇരുന്നുകൊണ്ട് ഏറ്റെടുക്കല്‍ വിവരം പരസ്യമാകുന്നതിനു മുന്‍പ് എന്റിറ്റികള്‍ക്ക് ഭൂടഡ കൈമാറിയെന്നതാണ് സെബിക്ക് ബോധ്യമായിട്ടുള്ളത്. സ്ഥാപനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാത്ത വില സെന്‍സിറ്റീവ് വിവരങ്ങള്‍ (UPSI) കൈമാറിയതായി സെബിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിയതായാണ് ആരോപണം.
ഏറ്റെടുക്കല്‍ പ്രഖ്യാപനം നടന്ന സമയത്ത്, 2021 ഫെബ്രുവരി മാസത്തില്‍ മാഗ്മ ഫിന്‍കോര്‍പ്പിന്റെ സിസ്റ്റം-ജനറേറ്റഡ് ഡോക്യുമെന്റില്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് അലേര്‍ട്ടുകള്‍ ലഭിച്ചതായി സെബി പറഞ്ഞു. തുടര്‍ന്ന് ഇടപാടുകാര്‍ക്കിടയില്‍ സെബി കോള്‍ റെക്കോര്‍ഡുകള്‍, സാമ്പത്തിക പ്രസ്താവനകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവ വിശകലനം ചെയ്ത് ബോധ്യമായതിനെ തുടര്‍ന്നാണ് വിലക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine