ഇന്ത്യൻ മൂലധന വിപണിയിലെ സേവനങ്ങളും വിവരങ്ങളും സാധാരണക്കാരായ നിക്ഷേപകർക്ക് പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനുമായി (DIBD) ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ സ്വതന്ത്ര വിഭാഗമാണ് ഡി.ഐ.ബി.ഡി.
2022 ജൂലൈയിൽ കേന്ദ്ര സർക്കാർ ആരംഭിച്ച 'ഭാഷിണി' (BHASHa INterface for India) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്‌ഫോം 20-ലധികം ഇന്ത്യൻ ഭാഷകളിൽ തത്സമയ ശബ്ദ-വാചക വിവർത്തനം (Real-time text and voice translation) സാധ്യമാക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ (ASR), ടെക്സ്റ്റ്-ടു-സ്പീച്ച് (TTS), മെഷീൻ ട്രാൻസ്ലേഷൻ, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) തുടങ്ങിയ ഭാഷിണിയുടെ വിവർത്തന ടൂളുകളും എ.പി.ഐകളും ഉപയോഗിക്കാൻ സെബിക്ക് സാധിക്കും. കൂടാതെ, സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട സങ്കീർണമായ പദാവലികൾ ഉൾപ്പെടുത്തി ഭാഷിണിയുടെ ലാംഗ്വേജ് മോഡലുകൾ കൂടുതൽ വിപുലീകരിക്കാനും ഈ സഹകരണം വഴി ലക്ഷ്യമിടുന്നു.
ഇതുവരെ പ്രധാനമായും ഇംഗ്ലീഷ് ഭാഷയെ മാത്രം ആശ്രയിച്ചിരുന്ന റീറ്റെയ്ല്‍ നിക്ഷേപകർക്ക് ഇനി മുതൽ സ്വന്തം മാതൃഭാഷകളിൽ വിപണി വിവരങ്ങളും സെബിയുടെ വിവിധ സേവനങ്ങളും എളുപ്പത്തിൽ പ്രാപ്യമാകും. ഡിജിറ്റൽ ഭാഷാ തടസങ്ങൾ ഇല്ലാതാകുന്നതോടെ സാധാരണക്കാരായ നിക്ഷേപകർക്ക് ഓഹരി വിപണിയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ സുതാര്യമായി ഗ്രഹിക്കാനും സുരക്ഷിതമായി നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും ഇത് വഴിതുറക്കും.
Read DhanamOnline in English
Subscribe to Dhanam Magazine