ഓഹരി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി (Insider Trading) 173 കോടി രൂപ സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ട് പേരെ ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യുന്നതില്‍ നിന്ന് പുറത്താക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).
രാജ്യത്തെ പവര്‍ ട്രേഡിംഗ് നിയന്ത്രിക്കുന്ന കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിലെ (Central Electricity Regulatory Commission /CERC) ഒരു ഉദ്യോഗസ്ഥയാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഈ ഉദ്യോഗസ്ഥ തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സര്‍ക്കാര്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും, തുടര്‍ന്ന് ആ വിവരങ്ങള്‍ ഉപയോഗിച്ച് ഓഹരി വിപണിയില്‍ വന്‍ ലാഭം നേടിയതായുമായാണ് ആരോപണം.
കഴിഞ്ഞ ജൂലൈയില്‍ CERC 'മാര്‍ക്കറ്റ് കപ്ലിംഗ്' എന്ന ഒരു സുപ്രധാന നയ തീരുമാനം എടുത്തിരുന്നു. ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് (IEX) പോലുള്ള എല്ലാ പവര്‍ എക്‌സ്‌ചേഞ്ചുകളും അവരുടെ ബൈ-സെല്‍ ഓര്‍ഡറുകള്‍ സംയോജിപ്പിച്ച് രാജ്യത്തിന് മുഴുവനായി ഒരു പൊതു വൈദ്യുതി വില നിശ്ചയിക്കണം എന്നതായിരുന്നു തീരുമാനം. വിപണി ആധിപത്യവും ലാഭവും കുറയ്ക്കുമെന്നതിനാല്‍ ഐഇഎക്‌സിനെ സംബന്ധിച്ച് ഇത് മോശം നീക്കമായിരുന്നു.
ജൂലൈ 23 ന് മുമ്പ് വരെ ഈ വിവരങ്ങള്‍ രഹസ്യമായിരുന്നു എന്നാല്‍ സി.ഇ.ആര്‍.സിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന യോഗീത എസ്. മെഹ്റ ഈ രഹസ്യ തീരുമാനം അടുത്ത ബന്ധുവായ ഭൂവന്‍ സിംഗിന് ചോര്‍ത്തി നല്‍കി. ഭൂവന്‍ സിംഗ് ഈ വിവരങ്ങള്‍ 'OTC' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സഞ്ജീവ് കുമാര്‍, നരേന്ദര്‍ കുമാര്‍ എന്നിവരുമായും പങ്കുവച്ചു. സി.ഇ.ആര്‍.സി നിയന്ത്രിക്കുന്ന ഒരു കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു സഞ്ജീവ് കുമാര്‍. CERC തീരുമാനം IEX-ന്റെ സ്റ്റോക്കിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞപ്പോള്‍, ഇവര്‍ ജൂലൈ 21 നും ജൂലൈ 23 നും ഇടയില്‍, ഒരു സ്റ്റോക്കിന്റെ വില കുറയുമ്പോള്‍ പണം സമ്പാദിക്കാനായി ഐഇഎക്‌സ് ഓഹരികളില്‍ പുട്ട് ഓപ്ഷനുകള്‍ വാങ്ങി.
ജൂലൈ 23 ന് CERC തീരുമാനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസം (ജൂലൈ 24) ഐഇഎക്‌സിന്റെ ഓഹരി വില ഏകദേശം 30 ശതമാനം ഇടിഞ്ഞു. തുടര്‍ന്ന് ഗ്രൂപ്പ് അവരുടെ ഓപ്ഷനുകള്‍ വിറ്റഴിക്കുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 173 കോടിയിലധികം ലാഭം നേടുകയും ചെയ്തു.
അവരില്‍ പലരുടെയും സ്റ്റോക്ക് മാര്‍ക്കറ്റ് ഡെറിവേറ്റീവ്‌സ് വിഭാഗത്തിലെ ആദ്യ വ്യാപാരമായിരുന്നു ഇത. വരാനിരിക്കുന്ന കാര്യങ്ങള്‍ അറിയാമായിരുന്നതിനാല്‍ വില കുറയുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നതിനാലാണ് ഇങ്ങനെ ഒരു നീക്കം നടത്തിയതെന്ന് സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
സാധാരണ നിക്ഷേപകര്‍ക്കും ഇത് നേരത്തെ അറിയാനായാല്‍ വീഴ്ചയ്ക്ക് മുമ്പ് അവര്‍ക്ക് IEX ഓഹരികള്‍ വിറ്റ് പണം സമ്പാദിക്കാമായിരുന്നു.
രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഈ എട്ട് പേര്‍. ഭുവന്‍ സിംഗ്, അയാളുടെ മാതാപിതാക്കളായ അമര്‍ജിത്, അമിത് സോറന്‍, സഹോദരി അനിത എന്നിവരാണ് സോറന്‍ കുടുംബത്തില്‍ നിന്നുള്ളത്. കുമാര്‍ ഫാമിലാണ് മറ്റൊന്ന്. സഹോദരങ്ങളായ നരേന്ദ്രര്‍, വീരേന്ദ്രര്‍, സഞ്ജീവ് കുമാര്‍, സഞ്ജീവിന്റെ ഭാര്യ ബിന്ദു ശര്‍മ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ കുടുംബങ്ങള്‍ തമ്മില്‍ ബിസിനസ് ബന്ധങ്ങളുണ്ട്. ജി.എന്‍.എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്, ഫസ്റ്റ്‌മൈല്‍ ടെക്‌നോളജീസ് എന്നീ കമ്പനികളില്‍ അവര്‍ക്ക് ഉടമസ്ഥാവകാശവും ഡയറക്ടര്‍ പദവികളുമുണ്ട്.
ഇന്‍സൈഡര്‍ ട്രേഡിംഗ് കണ്ടെത്തിയതോടെ സെബി ഈ എട്ട് പേരെയും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും വ്യാപാരം ചെയ്യുന്നതില്‍ നിന്നും വിലക്കി. അവരുടെ ഡീമാറ്റ് അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. അനധികൃതമായി സമ്പാദിച്ച 173 കോടി രൂപ സെബിയുടെ നിയന്ത്രണത്തിലുള്ള ഫികസഡ് ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാനും ഉത്തരവിട്ടു. സെബിയുടെ അനുമതിയില്ലാതെ ഇവരുടെ ആസ്തികള്‍ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ആകില്ല. കൂടുതല്‍ ആളുകള്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വരികയാണ് സെബി. കമ്പനികളുടെ രഹസ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നുകൊണ്ട് അതിനനുസരിച്ച് ഓഹരി വിപണിയില്‍ നീക്കങ്ങള്‍ നടത്തുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന് പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine