ഓഹരി വിപണിയിലെ എക്സ്പയറി ദിനങ്ങളിൽ ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് കരാറുകളുടെ സെറ്റിൽമെന്റ് വില നിശ്ചയിക്കാൻ ഇനി അവസാന 30 മിനിറ്റിലെ വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) രീതി നടപ്പാക്കുന്നു. സെബി അവതരിപ്പിച്ച പുതിയ ചട്ടങ്ങൾ കൃത്രിമ ഇടപെടലുകൾ തടയാനും ക്ലോസിംഗ് വിലകളിൽ സുതാര്യത ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഓഹരി വിപണിയിലെ പ്രതിദിന വ്യാപാരം അവസാനിക്കുന്ന രീതിയിലും എക്സ്പയറി ദിനങ്ങളിലെ ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് (F&O) കരാറുകളുടെ അന്തിമ സെറ്റിൽമെന്റ് വില നിശ്ചയിക്കുന്നതിലും സമഗ്രമായ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വിപണി നിയന്ത്രകരായ സെബി (SEBI). 2026 ഡിസംബർ 7 മുതൽ ക്ലോസിംഗ് ഓക്ഷൻ സെഷൻ (CAS) കൂടുതൽ കർശനവും ചിട്ടയായതുമായ പുതിയ സമയക്രമത്തിലേക്ക് പൂർണമായി മാറും. എന്നാൽ ഇതിനേക്കാൾ നിർണയകമായ മാറ്റം, എക്സ്പയറി ദിനത്തിലെ അന്തിമ സെറ്റിൽമെന്റ് വില നിശ്ചയിക്കാൻ വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) രീതി നടപ്പിലാക്കുന്നു എന്നതാണ്.
ക്ലോസിംഗ് വിലകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും, അവസാന നിമിഷങ്ങളിലെ വൻകിട ഓർഡറുകളിലൂടെയും കൃത്രിമ ഇടപെടലുകളിലൂടെയും എക്സ്പയറി സെറ്റിൽമെന്റ് വിലകളെ അനർഹമായി സ്വാധീനിക്കുന്നത്, കർശനമായി തടയാനുമാണ് സെബി പുതിയ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ഇതുവരെ ക്ലോസിംഗ് ഓക്ഷൻ സെഷനിലെ (CAS) ഒരൊറ്റ ലേല വിലയായിരുന്നു എക്സ്പയറി ദിനങ്ങളിലെ ഡെറിവേറ്റീവ് സെറ്റിൽമെന്റുകളെ വലിയ തോതിൽ സ്വാധീനിച്ചിരുന്നത്. എന്നാൽ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, സാധാരണ തുടർച്ചയായ ക്യാഷ് മാർക്കറ്റ് വ്യാപാരത്തിന്റെ അവസാന 30 മിനിറ്റിലെ ഇടപാടുകളുടെ വി.ഡബ്ല്യു.എ.പി (VWAP) മാത്രം അടിസ്ഥാനമാക്കിയാകും ഡെറിവേറ്റീവ് കരാറുകൾ പൂർണമായി സെറ്റിൽ ചെയ്യുക. സി.എ.എസ് വിലയ്ക്ക് ഇതിൽ യാതൊരു നേരിട്ടുള്ള സ്വാധീനവുമുണ്ടാകില്ല.
ഇൻഡക്സ് കോൺട്രാക്ടുകൾ: നിഫ്റ്റി, ബാങ്ക് നിഫ്റ്റി പോലുള്ള പ്രധാന ഇൻഡക്സ് ഡെറിവേറ്റീവുകളിൽ, സൂചികയുടെ ഭാഗമായ ഓഹരികളുടെ (Index constituent stocks) അവസാന അരമണിക്കൂറിലെ വി.ഡബ്ല്യു.എ.പി കണക്കാക്കി നിശ്ചയിക്കുന്ന ഇൻഡക്സിന്റെ (സൂചിക) മൂല്യമായിരിക്കും സെറ്റിൽമെന്റിനായി നേരിട്ട് പരിഗണിക്കുക.
സ്റ്റോക്ക് കോൺട്രാക്ടുകൾ: സ്റ്റോക്ക് ഡെറിവേറ്റീവുകൾക്ക്, ഇതേ അവസാന 30 മിനിറ്റ് സമയപരിധിയിൽ എല്ലാ എക്സ്ചേഞ്ചുകളിലുമായി നടക്കുന്ന ഓഹരി ഇടപാടുകളുടെ വി.ഡബ്ല്യു.എ.പി, ക്ലിയറിംഗ് കോർപ്പറേഷനുകൾ സെറ്റിൽമെന്റിനായി ഉപയോഗിക്കും.
ഈ അരമണിക്കൂർ വിൻഡോയിൽ വി.ഡബ്ല്യു.എ.പിയും ട്രേഡ് ചെയ്യപ്പെട്ട അളവുകളും ഇൻഡിക്കേറ്റീവ് മൂല്യങ്ങളും എക്സ്ചേഞ്ചുകൾ തത്സമയം വിപണിയിൽ പരസ്യപ്പെടുത്തും. ഇതോടെ ലേലത്തിലെ ഒരൊറ്റ ക്ലോസിംഗ് വിലയേക്കാൾ അവസാന അരമണിക്കൂറിലെ മൊത്തം ട്രേഡിംഗ് വോളിയത്തിന് വലിയ പ്രാധാന്യം കൈവരും.
എല്ലാ ട്രേഡിംഗ് ദിനങ്ങളിലും വൈകുന്നേരം 3:30 മുതൽ 3:40 വരെയായിരിക്കും പുതിയ ക്ലോസിംഗ് ഓക്ഷൻ സെഷൻ (CAS) പ്രവർത്തിക്കുക. ഘട്ടംഘട്ടമായ കൃത്യമായ വില കണ്ടെത്തലിനാണ് ഇതിലൂടെ രൂപം നൽകിയിരിക്കുന്നത്:
3:30 – 3:31 pm: റഫറൻസ് വില ഔദ്യോഗികമായി നിശ്ചയിക്കുകയും സാധാരണ ട്രേഡിംഗിലെ പെൻഡിംഗ് ഓർഡറുകൾ ലേലത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.
3:31 – 3:36 pm: നിക്ഷേപകർക്ക് മാർക്കറ്റ് ഓർഡറുകളും ലിമിറ്റ് ഓർഡറുകളും സിസ്റ്റത്തിലേക്ക് സ്വതന്ത്രമായി നൽകാം.
3:36 – 3:40 pm: ലിമിറ്റ് ഓർഡറുകൾ മാത്രമേ അനുവദിക്കൂ; ഈ സമയത്ത് മാർക്കറ്റ് ഓർഡറുകൾ മാറ്റാനോ റദ്ദാക്കാനോ സാധിക്കില്ല.
3:38 – 3:40 pm: കൃത്രിമത്വങ്ങൾ ഒഴിവാക്കാനായി മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത വിധം അപ്രതീക്ഷിതമായൊരു നിമിഷത്തിൽ ഓർഡർ എൻട്രി വിൻഡോ പൂർണമായി ക്ലോസ് ചെയ്യപ്പെടും.
തുടർന്ന് 3:50 മുതൽ 4:00 വരെ പോസ്റ്റ്-ക്ലോസ് സെഷൻ നടക്കും; ഇവിടെ സി.എ.എസ് ക്ലോസിംഗ് വിലയിലാകും ഇടപാടുകൾ നടക്കുക.
എക്സ്പയറി ദിനങ്ങളിൽ ഇൻഡക്സ് ഡെറിവേറ്റീവ് ട്രേഡിംഗ് 3:30-ന് പൂർണമായി അവസാനിക്കുമ്പോൾ, സ്റ്റോക്ക് ഡെറിവേറ്റീവുകൾ 3:45 വരെ തുടരും. പെൻഡിംഗ് ലിമിറ്റ് ഓർഡറുകൾ സി.എ.എസിലേക്ക് മാറ്റപ്പെടും. എങ്കിലും സ്റ്റോപ്പ്-ലോസ് ഓർഡറുകൾ ഇതിൽ ഉൾപ്പെടില്ല. അൺഎക്സിക്യൂട്ടഡ് ഐസ്ബർഗ് ഓർഡറുകൾ (Unexecuted Iceberg Orders) പ്രൈസ് ബാൻഡിനുള്ളിലാണെങ്കിൽ സാധാരണ ലിമിറ്റ് ഓർഡറുകളായി മാറും. അതായത് ഐസ്ബർഗ് ഓർഡറിന്റെ ബാക്കിയുള്ള എല്ലാ ക്വാണ്ടിറ്റിയും മറച്ചുവെക്കാതെ പൂർണമായി മാർക്കറ്റിൽ ദൃശ്യമാകുമെന്ന് സാരം. ഓർഡറുകൾ സി.എ.എസിലേക്ക് മാറ്റുന്ന ചട്ടങ്ങൾ 2027 ഫെബ്രുവരി 8 മുതലാണ് പ്രാബല്യത്തിൽ വരിക.
അവസാന ലേലത്തിലെ പെട്ടെന്നുള്ള കുതിപ്പുകളേക്കാൾ സാധാരണ വ്യാപാരത്തിലെ സമഗ്ര പങ്കാളിത്തത്തെ അടിസ്ഥാനമാക്കുന്നതിലൂടെ വിപണിയിലെ കൃത്രിമത്വങ്ങൾ വലിയ തോതിൽ തടയാനാകും. സി.എ.എസ് കേന്ദ്രീകരിച്ച് ട്രേഡിംഗ് തന്ത്രങ്ങൾ മെനഞ്ഞിരുന്ന സജീവ വ്യാപാരികൾ ഇനി മുതൽ സാധാരണ വ്യാപാരത്തിന്റെ അവസാന അരമണിക്കൂറിലെ വിപണി ചലനങ്ങൾക്ക് അനുസൃതമായി തങ്ങളുടെ രീതികൾ മാറ്റേണ്ടി വരും. സർക്കുലർ വന്ന് ഏഴ് ദിവസത്തിനകം സിസ്റ്റങ്ങളിൽ മാറ്റം വരുത്താൻ എക്സ്ചേഞ്ചുകൾക്കും ക്ലിയറിംഗ് കോർപ്പറേഷനുകൾക്കും സെബി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
SEBI’s revised Closing Auction Session framework retains the 30-minute VWAP method for F&O expiry settlements and introduces new closing-auction timings and order-handling rules from December 7, 2026.
Read DhanamOnline in English
Subscribe to Dhanam Magazine