ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന പ്രവാസി ഭാരതീയർക്കും (NRI) വിദേശ ഇന്ത്യൻ പൗരന്മാർക്കും (OCI) ആശ്വാസ വാർത്ത. പ്രവാസികൾക്കുള്ള അക്കൗണ്ട് ഓപ്പണിംഗ് നടപടികൾ ലളിതമാക്കിക്കൊണ്ടുള്ള സെബിയുടെ (SEBI) പുതിയ നിർദേശങ്ങൾക്ക് അന്തിമാനുമതിയായി. ഡിസംബർ 3 മുതൽ പുതിയ ഡിജിറ്റൽ കെ.വൈ.സി (Digital KYC) സംവിധാനം പ്രാബല്യത്തിൽ വരും.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ എഫ്.എ.ടി.എഫിന്റെ (FATF) മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിദേശത്തിരുന്ന് തന്നെ പൂർണമായും ഡിജിറ്റലായി കെ.വൈ.സി നടപടികൾ പൂർത്തിയാക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.
ഇതുവരെ നിലവിലുണ്ടായിരുന്ന രീതി അനുസരിച്ച്, പുതിയ കെ.വൈ.സി പൂർത്തിയാക്കേണ്ട പ്രവാസികൾ അപേക്ഷാ രേഖകൾ നോട്ടറിയെയോ ഇന്ത്യൻ എംബസിയെയോ കാണിച്ച് സാക്ഷ്യപ്പെടുത്തി (Attestation) ഭൗതിക പകർപ്പുകൾ തപാലിലോ കൊറിയറിലോ ഇന്ത്യയിലേക്ക് അയക്കേണ്ടിയിരുന്നു. അക്കൗണ്ട് തുറന്നുകിട്ടാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്ന ഈ സങ്കീർണ്ണമായ പ്രക്രിയയാണ് സെബി ഒഴിവാക്കിയിരിക്കുന്നത്.
പുതിയ അപ്‌ഡേറ്റ് വരുന്നതോടെ 2 മുതൽ 3 ദിവസത്തിനുള്ളിൽ പ്രവാസികൾക്ക് ഇന്ത്യയിൽ ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കാനാകും. നിലവിൽ കെ.വൈ.സി പൂർത്തിയാക്കിയവർക്ക് ഓൺലൈൻ വഴി അക്കൗണ്ട് തുറക്കാൻ അവസരമുണ്ടായിരുന്നെങ്കിലും പുതിയ നിക്ഷേപകർ നേരിട്ടിരുന്ന പ്രധാന തടസ്സമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്.
ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കൂടുതൽ ദീർഘകാല പ്രവാസി മൂലധനം ആകർഷിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് അക്കൗണ്ട് ഓപ്പണിംഗ് പ്രക്രിയ ലളിതമാക്കുന്നതെന്ന് സീറോദ (Zerodha) സ്ഥാപകനും സി.ഇ.യുമായ നിതിൻ കാമത്ത് എക്‌സിൽ (X) കുറിച്ചു. ഓഗസ്റ്റിൽ സെബി മുന്നോട്ടുവെച്ച ശുപാർശകൾക്ക് അംഗീകാരം ലഭിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രവാസികൾക്കായി പല സേവനങ്ങളും ലളിതമാക്കാൻ സാധിച്ചെങ്കിലും അക്കൗണ്ട് ഓപ്പണിംഗ് വലിയൊരു വെല്ലുവിളിയായി തുടരുകയായിരുന്നുവെന്ന് നിതിൻ കാമത്ത് ചൂണ്ടിക്കാട്ടി. വിപണി റെഗുലേറ്ററായ സെബിയുടെ ഈ തീരുമാനത്തോടെ പ്രവാസി നിക്ഷേപകർക്ക് വിപണിയിലേക്കുള്ള പ്രവേശനം ഏറെ സുഗമമാകും.
പല മലയാളി പ്രവാസികളും ഇന്ത്യയിലെ വളർച്ചാ സാധ്യതയുള്ള ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അക്കൗണ്ട് തുടങ്ങുന്നതിലെ സങ്കീർണ്ണതകൾ കാരണം പിന്മാറുകയാണ് പതിവ്. ഈ കടമ്പ ഒഴിവാകുന്നതിലൂടെ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വളരെ വേഗത്തിൽ ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകൾ ആരംഭിച്ച് നിക്ഷേപം ആരംഭിക്കാനാകും.
SEBI finalizes simplified digital KYC rules for NRIs and OCIs in FATF-compliant nations, enabling account opening in 2-3 days without physical document attestation.
Read DhanamOnline in English
Subscribe to Dhanam Magazine