Canva
Markets

നിയമങ്ങൾ മാറിയിട്ടും തലവിധി മാറാതെ റീട്ടെയിൽ നിക്ഷേപകർ; വീണ്ടും ₹1 ലക്ഷം കോടി നഷ്ടം! സെബിയുടെ F&O നിയന്ത്രണങ്ങൾ ലക്ഷ്യം കാണുന്നില്ലേ?

സോഷ്യൽ മീഡിയ വഴിയുള്ള ട്രേഡിം​ഗ് ടിപ്സുകളുടെ പ്രചരണങ്ങളും വ്യാജ ലാഭക്കണക്കുകളുടെ സ്ക്രീൻഷോട്ടുകളും ഹ്രസ്വകാല ട്രേഡിം​ഗ് കോഴ്സുകളുടെ ആധിക്യവും സൃഷ്ടിച്ച വൻ എഫ്&ഒ ട്രേഡിം​ഗ് തരംഗം, വിപണിയിൽ ഏർപ്പെടുത്തുന്ന കേവലം നിയന്ത്രണങ്ങൾ കൊണ്ടുമാത്രം പൂർണമായും തടയാനാകില്ല

Pintu Prakash

ട്രേഡ് ചെയ്യപ്പെടുന്ന കോൺട്രാക്ടുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലുതും ലിക്വിഡിറ്റിയേറിയതുമാണ് ഇന്ത്യൻ ഇക്വിറ്റി ഡെറിവേറ്റീവ്സ് (F&O) വിപണി. ദശലക്ഷക്കണക്കിന് പുതിയ നിക്ഷേപകരെ ആകർഷിച്ചുകൊണ്ട് ആധുനിക മൂലധന വിപണിയുടെ നിർണായക ചാലകശക്തിയായി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും ഇന്ത്യൻ 'എഫ്&ഒ' വിപണിക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ ഈ വൻ വിജയത്തിന് പിന്നിലും വിചിത്രമായ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്. അമിതമായ ഊഹക്കച്ചവടം (speculation) തടയാൻ വ്യവസ്ഥാപിത ഏജൻസികളും സർക്കാരും (Regulators) കർശനമായ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവന്നിട്ടും ഇക്വിറ്റി ഡെറിവേറ്റീവുകളിലെ ട്രേഡിം​ഗിലൂടെ റീട്ടെയിൽ നിക്ഷേപകർക്ക് തുടർച്ചയായ രണ്ടാം വർഷവും ഒരു ലക്ഷം കോടിയിലധികം രൂപ നഷ്ടമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതായത്, ഇന്ത്യൻ എഫ് ആൻഡ് ഒ വിപണിയുടെ സമീപകാല വളർച്ച ആഗോള തലത്തിൽ ശ്രദ്ധേയമായി മാറുമ്പോഴും, വലിയൊരു വിഭാഗം റീട്ടെയിൽ നിക്ഷേപകർക്കും ഇതൊരു കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന മേഖലയായി തുടരുകയാണെന്ന് സാരം. ഇത് വിപണിയുടെ ഘടന മാത്രം മാറ്റുന്ന നിയന്ത്രണങ്ങളും നിയമങ്ങളും എത്രത്തോളം ഫലപ്രദമാണെന്ന വലിയ ചോദ്യവുമുയർത്തുന്നു.

മാറ്റമില്ലാത്ത നഷ്ടക്കണക്കുകൾ

ഫ്യൂച്ചേഴ്സ്/ഓപ്ഷൻസ് കോൺട്രാക്ടുകളുടെ സൈസ് (പൊസിഷൻ എക്സ്പോഷർ) മൂന്നിരട്ടിയാക്കിയും (ഇതോടെ ട്രേഡിം​ഗ് മാർജിൻ കൂടുന്നതിനാൽ കൂടുതൽ തുക ആവശ്യമായി വരുന്നു) ഓരോ എക്സ്ചേഞ്ചിനും വീതം പ്രതിവാര ഓപ്ഷൻസ് എക്സ്പയറികൾ പരിമിതപ്പെടുത്തിയും കോൺട്രാക്ടിന്റെ എക്സ്പയറി ദിനത്തിലെ എക്സ്ട്രീം ലോസ് മാർജിൻ ഇരട്ടിയാക്കും 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI) എഫ്&ഒ നിയമങ്ങൾ കർശനമാക്കിയിരുന്നു. ഡെറിവേറ്റീവ്സിനെ കുറിച്ച് അടിസ്ഥാനപരമായ ധാരണ പോലുമില്ലാത്ത സാധാരണക്കാരായ റീട്ടെയിൽ ട്രേഡർമാരെ എഫ്&ഒ വിപണിയിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം.

എൻ.എസ്.ഇ നൽകുന്ന കണക്കുകൾ പ്രകാരം, നിബന്ധനകൾ കർശനമാക്കിയതോടെ വ്യക്തിഗത ഓപ്ഷൻസ് ട്രേഡർമാരുടെ എണ്ണത്തിൽ കുറവുണ്ടായതായി കാണാം. 2025 സാമ്പത്തിക വർഷത്തിൽ 41.5 ലക്ഷമായിരുന്ന റീട്ടെയിൽ ഓപ്ഷൻസ് ട്രേഡർമാരുടെ എണ്ണം 2026 സാമ്പത്തിക വർഷത്തോടെ 33.7 ലക്ഷമായി താഴ്ന്നു. അതുപോലെ 10,000 രൂപ വരെയുള്ള മാർജിൻ തുക കൊണ്ട് ട്രേഡ് ചെയ്യുന്നവരുടെ വിഭാഗത്തിൽ റീട്ടെയിൽ ട്രേഡർമാരുടെ എണ്ണം 7.8 ലക്ഷത്തിൽ നിന്ന് 4.5 ലക്ഷമായി കുറഞ്ഞു. സമാനമായി 10,000 — 1 ലക്ഷം രൂപ വരെയുള്ള മാർജിൻ തുകയിൽ ട്രേഡ് ചെയ്തിരുന്നവരുടെ എണ്ണം 10.7 ലക്ഷത്തിൽ നിന്നും 8 ലക്ഷമായും ചുരുങ്ങി.

അതായത് സെബി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ചെറുകിട ഓപ്ഷൻസ് ട്രേഡ‍ർമാരിൽ​ ​ഗണ്യമായൊരു വിഭാ​ഗം വിപണിയിൽ നിന്നും പിൻവാങ്ങിയിട്ടുണ്ടെന്ന് കാണാം. എന്നാൽ, പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ റീട്ടെയിൽ എഫ്&ഒ ട്രേഡർമാർക്ക് നേരിട്ട നഷ്ടം, മുൻവർഷത്തെ പോലെ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലായി തന്നെ തുടരാനാണ് സാധ്യത.

തിരുത്തലല്ല, കേന്ദ്രീകരണം

ട്രേഡർമാരുടെ എണ്ണം കുറഞ്ഞിട്ടും നഷ്ടം പഴയപടി തുടരുന്നത് ആശങ്കാജനകമായ ഒരു യാഥാർത്ഥ്യം വ്യക്തമാക്കുന്നു. ആഭ്യന്തര ഡെറീവേറ്റീവ്സ് വിപണിയിൽ അവശേഷിക്കുന്ന സജീവ ട്രേ‍ഡർമാരുടെ ശരാശരി നഷ്ടം വൻതോതിൽ വർധിച്ചിരിക്കുന്നു. സെബിയുടെ നിയന്ത്രണങ്ങൾ ചെറുകിട എഫ്&ഒ ട്രേഡർമാരെ അകറ്റിനിർത്തിയെങ്കിലും, ഉയർന്ന റിസ്ക് എടുത്ത് അ​ഗ്രേസീവായി ട്രേഡ് ചെയ്യുന്ന ചെറിയൊരു വിഭാഗം സജീവ ട്രേഡർമാരിലേക്ക് ഇപ്പോൾ വിപണിയിലുണ്ടാകുന്ന വൻ നഷ്ടം കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്.

ഇൻഡെക്സ് ഓപ്ഷൻസ് പ്രീമിയം ടേണോവറിൽ വ്യക്തിഗത വിഹിതം 35.7 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കൂടിയത് ഇക്കാര്യം ശരിവെക്കുന്നു. എഫ്&ഒ ട്രേഡിം​ഗ് ഒരു 'സീറോ-സം ഗെയിം' (Zero-sum game - ഒരാളുടെ നഷ്ടം മറ്റൊരാളുടെ നേട്ടം) പോലെ ആയതിനാൽ, വിപണിയിൽ ചെറുകിട ട്രേഡർമാരുടെ പങ്കാളിത്തം കുറഞ്ഞാൽ പോലും സജീവമായി വലിയ തുകയ്ക്ക് ട്രേഡ് ചെയ്യുന്നവരുടെ ആകെ നഷ്ടത്തിന്റെ അളവ് മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണുള്ളത്.

ഘടനാപരമായ നിയന്ത്രണങ്ങളുടെ പരിമിതി

ലോട്ട് സൈസുകൾ, മാർജിൻ തുകകളിലെ വർധനവ്, എക്സ്പയറി ഷെഡ്യൂളിലെ മാറ്റങ്ങൾ, നികുതി (എസ്.ടി.ടി) വർധനവ്, ലിവറേജ് മാനദണ്ഡങ്ങളിലെ പരിഷ്കാരം എന്നിങ്ങനെ സെബി ഇതിനകം നടത്തിയിട്ടുള്ള ഇടപെടലുകൾ വലിയതോതിലും വിപണിയുടെ ഘടനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിലൂടെ റീട്ടെയിൽ എഫ്&ഒ ട്രേഡർമാരുടെ വിപണിയിലെ പങ്കാളിത്തത്തെ ഒരു പരിധി വരെ സ്വാധീനിക്കാൻ സെബിയുടെ നിയന്ത്രണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഓപ്ഷൻസ് വിപണിയുടെ അടിസ്ഥാന ഗണിതശാസ്ത്രത്തെ മറികടക്കാൻ ഇത്തരം നിയമങ്ങൾക്കാവില്ല. കാരണം ഓപ്ഷൻസ് കോൺട്രാക്ടുകളുടെ വില നിശ്ചയിക്കുന്ന ടൈം ഡീകേയ് (Theta), ലിവറേജ്, വോളറ്റിലിറ്റി പ്രൈസിം​ഗ് (Vega) എന്നിവയൊക്കെ ഘടനാപരമായി റീട്ടെയിൽ ട്രേഡർമാരേക്കാൾ വൻകിട സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ, അൽഗോരിതമിക് ട്രേഡർമാർക്കും അനുകൂലമാണെന്ന് സെബി അം​ഗീകൃത റിസർച്ച് അനലി​സ്റ്റ് പി. സനൽ (SEBI Registration No. INH000022880) പറഞ്ഞു.

അതേസമയം ഇന്ത്യയുടെ ഡെറിവേറ്റീവ്സ് വിപണി ആഗോളതലത്തിൽ തന്നെ ഏറ്റവും വിപുവമായ വിപണികളിലൊന്നായി വളർന്നിട്ടുണ്ട്. അത് യാദൃശ്ചികമായി സംഭവിച്ചതുമല്ല. ഇത് ഇൻസ്റ്റിട്യൂഷണൽ നിക്ഷേപകരുടെ ഹെഡ്ജിംഗിനെ പിന്തുണയ്ക്കുകയും വിപണിയിലെ വില നിർണയം മെച്ചപ്പെടുത്തുകയും വിശാലമായ ക്യാഷ് മാർക്കറ്റിലെ (ഇക്വിറ്റി സ്പോട്ട് മാർക്കറ്റ്) പണലഭ്യതയ്ക്ക് (ലിക്വിഡിറ്റി) ഒരു വലിയ അടിത്തറയായി മാറുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഡെറിവേറ്റീവ്സ് വിപണിയിൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വലിയ അപകടസാധ്യതകൾ വരുത്തിവെക്കും. പണലഭ്യത കുറയുക, സ്പ്രെഡുകൾ (വാങ്ങാനുള്ള/വിൽക്കാനുള്ള വിലകളിലുള്ള വ്യത്യാസം) വർധിക്കുക, വൻകിട നിക്ഷേപകർ വിദേശ വിപണികളിലേക്ക് ചേക്കേറാനുള്ള സാധ്യത എന്നിവയാണതെന്നും ഇവിടെയാണ് സെബി വലിയ വെല്ലുവിളി നേരിടുന്നതെന്നും പി. സനൽ ചൂണ്ടിക്കാട്ടി.

ലക്ഷ്യം ബിഹേവിയറൽ പരിഷ്കാരങ്ങൾ?

ജൂലൈയിൽ പുറത്തുവരാനിരിക്കുന്ന സെബിയുടെ സമ​ഗ്രമായ വിശകലന റിപ്പോർട്ട്, ഡെറിവേറ്റീവ് ട്രേഡിംഗിൽ റീട്ടെയിൽ നിക്ഷേപകർക്ക് നേരിട്ട നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുമെങ്കിലും, ഇതിന് പിന്നിലെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് അത് പരിഹാരമാകില്ല. സോഷ്യൽ മീഡിയ വഴിയുള്ള ട്രേഡിം​ഗ് ടിപ്സുകളുടെ പ്രചരണങ്ങളും വ്യാജ ലാഭക്കണക്കുകളുടെ സ്ക്രീൻഷോട്ടുകളും ഹ്രസ്വകാല ട്രേഡിം​ഗ് കോഴ്സുകളുടെ ആധിക്യവും സൃഷ്ടിച്ച വൻ എഫ്&ഒ ട്രേഡിം​ഗ് തരംഗം, വിപണിയിൽ ഏർപ്പെടുത്തുന്ന കേവലം നിയന്ത്രണങ്ങൾ കൊണ്ടുമാത്രം പൂർണമായും തടയാനുമാകില്ല. അതിനാൽ അടുത്ത ഘട്ടമായി ട്രേഡർമാരുടെ പ്രാപ്തി ഉറപ്പാക്കുന്ന നിബന്ധനകളിലൂടെയോ (Suitability Framework), സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നതിലൂടെയോ അല്ലെങ്കിൽ കർശനമായ അഡ്വൈസറി മേൽനോട്ടം പോലുള്ള നിയന്ത്രണങ്ങളോ ഒക്കെ സെബി പരി​ഗണിച്ചെന്ന് വരാം. കാരണം വിപണിയുടെ ഘടനയെ മാത്രമല്ല, മറിച്ച് റീട്ടെയിൽ ട്രേഡർമാരുടെ സമീപനരീതിയെ (behaviour) കൂടിയാണ് തിരുത്തേണ്ടതെന്ന് പി. സനൽ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT