പ്രതീകാത്മക ചിത്രം Image Source: Canva/SEBI Logo
Markets

ഇ.ടി.എഫ് ട്രേഡിം​ഗിൽ സെബിയുടെ പരിഷ്കാരങ്ങൾ സെപ്റ്റംബർ 7 മുതൽ; സ്വർണം, വെള്ളി നിക്ഷേപകരെ ഇത് എങ്ങനെ ബാധിക്കും?

ഇ.ടി.എഫുകളുടെ ട്രേഡിങ് കൂടുതൽ സുതാര്യമാക്കാൻ സെബി പുതിയ പ്രൈസ് ബാൻഡ്, VWAP, പ്രീ-ഓപ്പൺ സെഷൻ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നു; സെപ്റ്റംബർ 7 മുതൽ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും

Pintu Prakash

സെബി സെപ്റ്റംബർ 7 മുതൽ ഇ.ടി.എഫ് ട്രേഡിംഗിൽ പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു. മുൻകാലത്തെ T-2 NAV അടിസ്ഥാനത്തിൽ നിന്നു മാറി T-1 VWAP പ്രകാരമുള്ള ഡൈനാമിക് പ്രൈസ് ബാൻഡാണ് ഇനി പ്രാബല്യത്തിൽ വരുന്നത്. ഇക്വിറ്റി, ഡെറ്റ്, ലിക്വിഡ്, ഓവർനൈറ്റ്, ഗോൾഡ്, സിൽവർ ഇ.ടി.എഫുകൾക്ക് വ്യത്യസ്ത പരിധികൾ നിശ്ചയിച്ച ഈ സംവിധാനം ദീർഘകാല നിക്ഷേപകരെ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.

ആഭ്യന്തര വിപണിയിലെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ETF) സുതാര്യത ഉറപ്പാക്കുന്നതിനായി, രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി (SEBI) പ്രഖ്യാപിച്ച പുതിയ ട്രേഡിംഗ് മാനദണ്ഡങ്ങൾ സെപ്റ്റംബർ 7 മുതൽ നിലവിൽ വരും. എക്‌സ്‌ചേഞ്ചുകളിൽ നിന്നുള്ള സാങ്കേതിക നിർദ്ദേശങ്ങളെത്തുടർന്ന്, സെപ്റ്റംബർ 1-ന് ആരംഭിക്കേണ്ടിയിരുന്ന ഇ.ടി.എഫ് പരിഷ്കാരങ്ങളാണ് ഒരു ആഴ്ചത്തേക്ക് നീട്ടിയത്.

പരമ്പരാഗത ആസ്തി മൂല്യ (NAV) നിർണയ രീതികളിൽ നിന്ന് മാറി, തത്സമയ വിപണി വിലയ്ക്കനുസരിച്ച് വ്യാപാരം സാധ്യമാക്കുകയാണ് ഈ പുതിയ പരിഷ്കരണത്തിലൂടെ സെബി ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രയോജനം നിക്ഷേപകർക്ക് എപ്രകാരമാണ് ലഭിക്കുന്നതെന്ന് വിശദമായി നോക്കാം.

പ്രവർത്തന രീതികളിലെ പ്രധാന മാറ്റങ്ങൾ

മുൻകാലങ്ങളിൽ രണ്ടാം ദിവസത്തെ (T-2) അറ്റ ആസ്തി മൂല്യത്തെ (NAV) അടിസ്ഥാനമാക്കിയായിരുന്നു ഇ.ടി.എഫുകളുടെ പ്രതിദിന പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത്. സെബിയുടെ പുതിയ ഉത്തരവ് പ്രകാരം, മുൻദിവസത്തെ (T-1) വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) ആയിരിക്കും ഇതിനായി ഉപയോഗിക്കുക.

  • ഇക്വിറ്റി & ഡെറ്റ് ഇ.ടി.എഫുകൾ: ഇവയ്ക്ക് ആദ്യഘട്ടത്തിൽ ±10% ഡൈനാമിക് പ്രൈസ് ബാൻഡ് ബാധകമാകും. ഇത് മറികടന്നാൽ നിശ്ചിത ഇടവേളയ്ക്ക് (Cooling-off period) ശേഷം ഘട്ടം ഘട്ടമായി ±20% വരെ വികസിപ്പിക്കാം.

  • ലിക്വിഡ് & ഓവർനൈറ്റ് ഫണ്ടുകൾ: സ്ഥിരതയുള്ള സ്വഭാവം കണക്കിലെടുത്ത് ഇവയ്ക്ക് ±5% പ്രൈസ് ബാൻഡ് നിലനിർത്തിയിട്ടുണ്ട്.

  • സെറ്റിൽമെന്റ് പരാജയപ്പെട്ടാൽ: ഡെലിവറി പരാജയങ്ങൾക്ക് സെറ്റിൽമെന്റ് സൈക്കിളിലെ ഏറ്റവും ഉയർന്ന വിലയോ, അല്ലെങ്കിൽ ലേല തീയതിയിലെ ക്ലോസിംഗ് വിലയേക്കാൾ 5% കൂടുതലോ പിഴയായി ഈടാക്കും.

ഗോൾഡ്, സിൽവർ ഇ.ടി.എഫുകൾക്ക് പ്രത്യേക സംവിധാനം

ലണ്ടൻ, ന്യൂയോർക്ക് വിപണികളിൽ സ്വർണവും വെള്ളിയും തുടർച്ചയായി വ്യാപാരം ചെയ്യുന്നതിനാൽ, ആഭ്യന്തര വിപണികൾ തുറക്കുമ്പോൾ ഉണ്ടാകുന്ന അമിത വില വ്യതിയാനങ്ങൾ തടയാൻ പുതിയ മാർഗ്ഗരേഖ സെബി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി 9:00 AM മുതൽ 9:15 AM വരെ പ്രത്യേക 15 മിനിറ്റ് പ്രീ-ഓപ്പൺ കോൾ ഓക്ഷൻ (Pre-open call auction) ഏർപ്പെടുത്തിയിട്ടുണ്ട്:

  1. ഓർഡർ ശേഖരണം (8 മിനിറ്റ്): എട്ട് മിനിറ്റ് നീളുന്ന ഓർഡർ ശേഖരണത്തിൽ, ഏഴാമത്തെയും എട്ടാമത്തെയും മിനിറ്റുകൾക്കിടയിലുള്ള ഏതെങ്കിലും ഒരു നിമിഷത്തിൽ (Randomized cutoff) ഓർഡർ സ്വീകരിക്കുന്നത് പെട്ടെന്ന് നിർത്തിവെക്കും.

  2. മാച്ചിംഗ് ഘട്ടം (4 മിനിറ്റ്): വാങ്ങൽ-വിൽപന ആവശ്യങ്ങൾ വിശകലനം ചെയ്ത് ഏകീകൃതമായ ഒരു വില (Equilibrium clearing price) നിശ്ചയിക്കുന്നു.

  3. ബഫർ വിൻഡോ (3 മിനിറ്റ്): 9:15-ന് സാധാരണ വ്യാപാരം ആരംഭിക്കുന്നതിന് മുൻപുള്ള തയ്യാറെടുപ്പ് സമയം.

  4. കമ്മോഡിറ്റി ഇ.ടി.എഫുകൾക്ക് ±6% ആണ് ആദ്യഘട്ട പ്രൈസ് ബാൻഡ്. വിപണിയിലെ പ്രതിസന്ധികൾക്ക് അനുസൃതമായി ഇത് ±3% വീതം വികസിപ്പിക്കാം.

വിഭാഗംപുതിയ സെബി പരിഷ്കാരങ്ങൾ
അടിസ്ഥാന വില (Base Price)T-2 ദിവസത്തെ NAV-ൽ നിന്ന് T-1 ദിവസത്തെ VWAP-ലേക്ക് മാറ്റി
ഇക്വിറ്റി ഇ.ടി.എഫുകൾ±10% പ്രാരംഭ ബാൻഡ് (പരമാവധി ±20% വരെ)
സ്വർണം/വെള്ളി ഇ.ടി.എഫ്രാവിലെ 9:00 - 9:15am പ്രീ-ഓപ്പൺ സെഷൻ (±6% ആദ്യഘട്ട പ്രൈസ് ബാൻഡ്)

നിക്ഷേപകരെ എങ്ങനെ ബാധിക്കും?

ദീർഘകാല നിക്ഷേപകർക്കും എസ്.ഐ.പി (SIP) നടത്തുന്നവർക്കും ഇ.ടി.എഫുകളുടെ ആസ്തി മൂല്യത്തിൽ വരാവുന്ന അനാവശ്യമായ പ്രീമിയം നിരക്ക് ഒഴിവാക്കാൻ സെബിയുടെ പുതിയ നടപടി സഹായിക്കുമെന്ന് പ്രമുഖ വെൽത്ത് അഡ്വൈസറി & ഇൻവെ​സ്റ്റ്മെന്റ് ബാങ്കിം​ഗ് സ്ഥാപനമായ ഐ.ഐ.എഫ്.എൽ ക്യാപിറ്റൽ സർവീസസിന്റെ (IIFL Capital Services Ltd) വൈസ് പ്രസിഡന്റ് സജ്ജാദ് ഷാജഹാൻ പറഞ്ഞു. എന്നാൽ, ഉയർന്ന ചാഞ്ചാട്ടമുള്ള സമയങ്ങളിൽ ആക്റ്റീവ് ട്രേഡർമാർക്കും അൽഗോ ട്രേഡർമാർക്കും ഓർഡർ എക്സിക്യൂഷനിൽ കാലതാമസം നേരിടാം. ചുരുക്കത്തിൽ, വിപണിയിലെ കൃത്രിമത്വം തടയാനും നിക്ഷേപക സുരക്ഷ ഉറപ്പാക്കാനും ഈ പരിഷ്കാരം അത്യന്താപേക്ഷിതമാണെന്നും സജ്ജാദ് ഷാജഹാൻ വ്യക്തമാക്കി.

(Disclaimer: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്; ഇതൊരു നിക്ഷേപ ഉപദേശമോ ഏതെങ്കിലും മ്യൂച്വൽ ഫണ്ട്/ഇ.ടി.എഫ് വാങ്ങാനോ വിൽക്കാനോ ഉള്ള ശിപാർശയോ അല്ല.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT