ഇന്ത്യയിലെ കോർപ്പറേറ്റ് ബോണ്ട് വിപണിയിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി വിപ്ലവകരമായ നിർദ്ദേശങ്ങളുമായി വിപണി നിയന്ത്രണ ഏജൻസിയായ സെബി (SEBI) രംഗത്ത്. വൻകിട നഗരങ്ങൾക്ക് പുറമെയുള്ള ചെറുകിട നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും ബോണ്ട് വിപണിയെ വ്യാപിപ്പിക്കാൻ മ്യൂച്വൽ ഫണ്ട് വിതരണക്കാരുടെ മാതൃകയിൽ 'ഫിക്സഡ് ഇൻകം ചാനൽ പാർട്ണർമാർ' (FICPs) എന്ന പുതിയ വിതരണ ശൃംഖല കൊണ്ടുവരാനാണ് സെബിയുടെ നിർദ്ദേശം. പൊതുജനങ്ങൾക്ക് സെപ്റ്റംബർ 11 വരെ നിർദ്ദേശങ്ങളിന്മേൽ അഭിപ്രായം അറിയിക്കാം.
ഇന്ത്യൻ പൗരന്മാരായ, 18 വയസ് തികഞ്ഞ, കുറഞ്ഞത് പന്ത്രണ്ടാം ക്ലാസ് എങ്കിലും യോഗ്യതയുള്ളവർക്ക് എൻ.ഐ.എസ്.എം (NISM) പരീക്ഷ ജയിച്ച് ഇതിൽ പങ്കാളികളാകാം. നിലവിലുള്ള മ്യൂച്വൽ ഫണ്ട് വിതരണക്കാർക്കും ഈ പരീക്ഷ പാസായി എളുപ്പത്തിൽ കടന്നുവരാൻ സാധിക്കും. ഇവർക്ക് കമ്മീഷൻ ആയി നിക്ഷേപ തുകയുടെ പരമാവധി 2.5 ശതമാനം വരെ മാത്രമേ നൽകുകയുള്ളൂ. എന്നാൽ ഇവർക്ക് ഉപഭോക്താക്കളുടെ പണമോ ബോണ്ടുകളോ നേരിട്ട് കൈകാര്യം ചെയ്യാൻ അനുമതിയുണ്ടാകില്ല. സുരക്ഷിതമല്ലാത്ത എ.ടി-1 (AT1) ബോണ്ടുകൾ വിതരണം ചെയ്യാനും ഇവർക്ക് അനുവാദമില്ല.
ഓൺലൈൻ ബോണ്ട് പ്ലാറ്റ്‌ഫോമുകളുടെ (OBPPs) പരസ്യപ്രചാരണങ്ങൾ നിയന്ത്രിക്കാൻ സെബി കടുത്ത മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത്തരം പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ പരസ്യങ്ങളിൽ 'ഫിക്സഡ് റിട്ടേണുകൾ ഉറപ്പുള്ള ലാഭമല്ല' എന്ന് കുറഞ്ഞത് 10-പോയിന്റ് ഫോണ്ടിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ഒപ്പം മാർക്കറ്റ്, ക്രെഡിറ്റ്, ഡിഫോൾട്ട് റിസ്കുകളും വെളിപ്പെടുത്തേണ്ടതുണ്ട്. 'ഉയർന്ന ലാഭം' (high yield) അല്ലെങ്കിൽ 'ഉയർന്ന റേറ്റിംഗ്' (high rated) തുടങ്ങിയ പ്രയോഗങ്ങൾ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഉപയോഗിക്കാവൂ. ആളുകളിൽ അനാവശ്യ ഭ്രമം (FOMO) ഉണ്ടാക്കുന്ന രീതിയിലുള്ള പരസ്യങ്ങളും അനുവദിക്കില്ല.
കോർപ്പറേറ്റ് ബോണ്ട് വിപണി 2015-ലെ 17.5 ട്രില്യൺ രൂപയിൽ നിന്ന് 2026 ജൂലൈ ആയപ്പോഴേക്കും 60 ട്രില്യൺ രൂപയായി അതിവേഗം വളർന്ന സാഹചര്യത്തിലാണ് സെബിയുടെ ഈ പുതിയ നടപടി.
Read DhanamOnline in English
Subscribe to Dhanam Magazine